ആരവല്ലിക്ക് ‘മരണ വാറന്റ്’; പ്രതിഷേധം വ്യാപിക്കുന്നു
text_fieldsആരവല്ലി പർവത നിരകൾക്കായി സമര രംഗത്തിറങ്ങിയ രാജസ്ഥാനിലെ ആദിവാസികൾ
(കടപ്പാട്: നവഭാരത് )
ന്യൂഡൽഹി: രാജ്യതലസ്ഥാന മേഖലയുടെ ‘ഹരിത ശ്വാസകോശം’ എന്ന് അറിയപ്പെടുന്ന, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകടക്കുന്ന ആരവല്ലി കുന്നുകളെ ഖനനത്തിന് വിട്ടുകൊടുക്കുന്നതിൽ ‘സേവ് ആരവല്ലി’ എന്ന പേരിൽ ആരംഭിച്ച സമരം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു.
കേന്ദ്ര സർക്കാറിന്റെ നിർദേശങ്ങൾ അംഗീകരിച്ച് സുപ്രീംകോടതി ആരവല്ലി കുന്നുകൾക്ക് പുതിയ നിർവചനം നൽകിയതിന് പിന്നാലെയാണ് ഖനനത്തിന് വഴി തുറക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധങ്ങൾ തുടങ്ങിയത്. പരിസ്ഥിതി പ്രവർത്തകർ ആരംഭിച്ച സമരം പൊതുജനം ഏറ്റെടുത്തതോടെ ഹരിയാനയിലും രാജസ്ഥാനിലും ശക്തി പ്രാപിച്ചു. ജോധ്പൂർ, ഉദയ്പൂർ തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.
പുതിയ നിർവചനപ്രകാരം ഭൂനിരപ്പിൽ നിന്നും 100 മീറ്ററെങ്കിലും ഉയർന്നുനിൽക്കുന്ന കുന്നുകളോ, 500 മീറ്ററിനുള്ളിൽ അകലം വരുന്ന രണ്ടോ അതിൽ കൂടുതലോ കുന്നുകളും അവക്കിടയിൽ വരുന്ന ഭൂപ്രദേശവുമാണ് ആരവല്ലി കുന്നുകളായി കണക്കാക്കപ്പെടുന്നത്. എന്നാൽ, ഉയരം മാനദണ്ഡമാക്കി ആരവല്ലി കുന്നുകളെ നിർവചിക്കുന്നത്, താഴ്ന്നതും കുറ്റിച്ചെടികൾ നിറഞ്ഞതും പാരിസ്ഥിതികമായി നിർണായക പ്രാധാന്യവുമുള്ള നിരവധി കുന്നുകളെ ഖനനത്തിൽനിന്നും സംരക്ഷിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിഷേധം.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മരുഭൂമിവത്കരണം തടയുന്നതിലും ഭൂഗർഭജലം നിറക്കുന്നതിലും താഴ്ന്നതും കുറ്റിച്ചെടികൾ നിറഞ്ഞതുമായ കുന്നുകൾ വഹിക്കുന്ന പങ്ക്, പുതിയ നിർവചനം നൽകുന്നതിലൂടെ ദുർബലപ്പെടുത്തും. ശാസ്ത്രീയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ആരവല്ലി പ്രദേശങ്ങളെ നിർവചിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു.
എന്നാൽ, 1,47,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ആരവല്ലി നിരയുടെ രണ്ട് ശതമാനം മാത്രമേ ഖനനത്തിന് സാധ്യതയുള്ളൂവെന്നും അതും വിശദമായ പഠനങ്ങൾക്കും ഔദ്യോഗിക അനുമതിക്കും ശേഷം മാത്രമേ ഉണ്ടാകൂ എന്നുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

