ഏഷ്യയിലെ വെള്ളപ്പൊക്കത്തിന്റെ ഭീകരത വെളിപ്പെടുത്തി ഉപഗ്രഹ ചിത്രങ്ങൾ
text_fieldsകഴിഞ്ഞ ആഴ്ചകളിലുടനീളം കിഴക്കനേഷ്യൻ രാജ്യങ്ങളെ കശക്കിയെറിഞ്ഞ കൊടുങ്കാറ്റും പേമാരിയും ആ നാടുകളെ എവ്വിധം തകർത്തു എന്നതിന്റെ നടുക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. പല പ്രദേശങ്ങളും പ്രളയത്തിൽ കുത്തിയൊലിച്ചു പോയെന്ന് അതിൽ നിന്ന് വ്യക്തമാവുന്നു. .
ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും പേമാരിയും തെക്കുകിഴക്കൻ ഏഷ്യയുടെയും പല ഭാഗങ്ങളിലും വൻ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വഴിവെച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം ആരംഭിച്ച പേമാരി ശ്രീലങ്ക, ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ തിട്ടപ്പെടുത്താനാവാത നാശമാണ് വിതച്ചത്.
കാലാവസ്ഥാ വ്യതിയാനം ഏഷ്യയിലുടനീളം പ്രകൃതിദുരന്തങ്ങൾ വർധിപ്പിക്കുമ്പോൾ, വിവിധ രാജ്യങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 1,800 ൽഅധികം ആളുകൾ മരിച്ചു. മഴ വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമായി. വീടുകൾ തകരുകയും തെരുവുകളിൽ വെള്ളം കയറുകയും വനപ്രദേശങ്ങൾ നാമാവശേഷമാവുകയും ചെയ്തു.
ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി) തിങ്കളാഴ്ച പുറത്തിറക്കിയ ‘ഏഷ്യൻ ജല വികസന ഔട്ട്‌ലുക്ക് 2025’ ഏഷ്യയിലെ ജല സംവിധാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ കോടിക്കണക്കിന് ആളുകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് മുന്നറിയിപ്പ് നൽകി.
ഇന്തോനേഷ്യയിൽ ആചെ, വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര എന്നിവിടങ്ങളിൽ കുറഞ്ഞത് 961 പേർ കൊല്ലപ്പെട്ടതായും 293 പേരെ ഇപ്പോഴും കാണാനില്ലെന്നും ഇന്തോനേഷ്യയുടെ ദേശീയ ദുരന്തനിവാരണ ഏജൻസി ഞായറാഴ്ച വൈകി റിപ്പോർട്ട് ചെയ്തു. മൂന്ന് പ്രവിശ്യകളിലായി ഏകദേശം 5,000 പേർക്ക് പരിക്കേറ്റു, പത്ത് ലക്ഷത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ടു. 156,000ത്തിലധികം വീടുകൾ തകർന്നു. 975,075 പേർ താൽക്കാലിക ഷെൽട്ടറുകളിലാണ്.
‘എല്ലാത്തിനും ക്ഷാമമുണ്ട്. പ്രത്യേകിച്ച് മെഡിക്കൽ ജീവനക്കാർ. ഞങ്ങൾക്ക് ഡോക്ടർമാരുടെ കുറവുണ്ട്’ - ഇന്തോനേഷ്യയിലെ ആചെ പ്രവിശ്യയുടെ ഗവർണർ മുസാകിർ മനാഫ് പറഞ്ഞു.
‘വെള്ളപ്പൊക്കം മൂലമല്ല, പട്ടിണി മൂലമാണ് ആളുകൾ മരിക്കുന്നത്. ഖനനം, തോട്ടങ്ങൾ, തീപിടുത്തം എന്നിവ മൂലമുള്ള വനനശീകരണത്തോടൊപ്പം, നിയമവിരുദ്ധ മരംമുറിക്കലും സുമാത്രയിലെ ദുരന്തത്തെ കൂടുതൽ വഷളാക്കി. പ്രതിരോധത്തിനും പ്രകൃതിദുരന്ത തയ്യാറെടുപ്പിനുമായി 2026 ൽ 200 ഹെലികോപ്റ്ററുകൾ വാങ്ങാൻ രാജ്യം പദ്ധതിയിടുന്നതായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

