സാൽ വനങ്ങളുടെ കഥ പറയുന്ന റുഗ്ഡ കൂൺ
text_fieldsജാർഖണ്ഡിലെ സാൽ വനങ്ങളിൽ മഴയെത്തുമ്പോൾ മണ്ണിനടിയിൽനിന്ന് ഒരു അപൂർവ കൂൺ പുറത്തുവരും. റുഗ്ഡ എന്നറിയപ്പെടുന്ന ഈ കാട്ടുകൂൺ ഭക്ഷണപ്രിയർക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ റുഗ്ഡയുടെ കഥ രുചിയിലും വിപണിയിലെ വിലയിലും മാത്രം ഒതുങ്ങുന്നതല്ല. ഒരു വനത്തിന്റെ മണ്ണിനടിയിൽ നടക്കുന്ന സങ്കീർണമായ പാരിസ്ഥിതിക പ്രവർത്തനങ്ങളിലേക്കുള്ള ഒരു സൂചന കൂടിയാണിത്.
ചോട്ടാനാഗ്പൂർ പീഠഭൂമിയിലെ സാൽ വനങ്ങളിലാണ് റുഗ്ഡ പ്രധാനമായും കാണപ്പെടുന്നത്. ആദ്യ മഴ പെയ്ത് മണ്ണ് നനയുന്നതോടെ ഇവ പുറത്തുവരാൻ തുടങ്ങും. നമ്മുടെ നാട്ടിൽ കൂൺ പൊട്ടിമുളക്കുന്നത് പോലെ, മണ്ണിലെ ചെറിയ വിള്ളലുകളോ ഇലകൾക്കിടയിലെ നേരിയ ഉയർച്ചകളോ നോക്കിയാണ് ആദിവാസി സമൂഹങ്ങൾ റുഗ്ഡ കണ്ടെത്തുന്നത്.
റുഗ്ഡ കണ്ടെത്താനുള്ള അറിവ് തലമുറകളായി കൈമാറിവരുന്നതാണ്. അമ്മമാരിൽ നിന്നും മുത്തശ്ശിമാരിൽ നിന്നും മുതിർന്ന സ്ത്രീകളിൽ നിന്നുമാണ് പലരും ഈ അറിവ് പഠിക്കുന്നത്. ഭക്ഷ്യയോഗ്യമായ കൂണുകളെയും വിഷമുള്ള കൂണുകളെയും തിരിച്ചറിയാനും ഇവർക്ക് പ്രത്യേക പരിചയമുണ്ട്.
മണ്ണിനടിയിലെ ബന്ധം
റുഗ്ഡയുടെ പ്രത്യേകത സാൽ മരങ്ങളുമായുള്ള ബന്ധമാണ്. ആസ്ട്രേയസ് ഹൈഗ്രോമെട്രിക്കസ് (Astraeus hygrometricus) എന്ന ശാസ്ത്രീയ നാമമുള്ള ഈ ഫംഗസ് സാൽ മരങ്ങളുടെ വേരുകളുമായി ചേർന്നാണ് വളരുന്നത്.
മണ്ണിനടിയിലൂടെ വ്യാപിക്കുന്ന ഫംഗസിന്റെ നേർത്ത നാരുകൾ മരത്തിന് വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യാൻ സഹായിക്കുന്നു. പകരം സാൽ മരം പ്രകാശസംശ്ലേഷണത്തിലൂടെ ഉൽപാദിപ്പിക്കുന്ന പഞ്ചസാരയുടെ ഒരു ഭാഗം ഫംഗസിന് നൽകുന്നു. അങ്ങനെ മരവും ഫംഗസും പരസ്പരം സഹായിച്ചാണ് വളരുന്നത്.
മഴക്ക് ശേഷം മണ്ണിന് മുകളിൽ കാണുന്ന റുഗ്ഡ യഥാർഥത്തിൽ ഈ ഫംഗസിന്റെ ഫലകായം മാത്രമാണ്. വർഷത്തിന്റെ വലിയൊരു ഭാഗവും അതിന്റെ ജീവിതം മണ്ണിനടിയിലാണ്.
റുഗ്ഡ കുറയുന്നത് എന്തുകൊണ്ട്?
റുഗ്ഡ വളരാൻ ആരോഗ്യകരമായ സാൽ വനവും പ്രത്യേക മണ്ണും ആവശ്യമാണ്. അതുകൊണ്ടുതന്നെ സാൽ മരങ്ങൾ ഇല്ലാതാകുന്നതും മണ്ണിന്റെ സ്വാഭാവിക ഘടന മാറുന്നതും മഴയുടെ രീതിയിൽ വരുന്ന വ്യതിയാനങ്ങളും റുഗ്ഡയുടെ വളർച്ചയെ ബാധിക്കാം.
ഒരിക്കൽ ധാരാളമായി റുഗ്ഡ ലഭിച്ചിരുന്ന ചില പ്രദേശങ്ങളിൽ ഇപ്പോൾ അതിന്റെ ലഭ്യത കുറഞ്ഞതായി പ്രാദേശികമായി കൂൺ ശേഖരിക്കുന്നവർ പറയുന്നു. കാലാവസ്ഥയിലെ മാറ്റവും ചുരുങ്ങുന്ന സാൽ വനങ്ങളും ഇതിന് കാരണമാകാമെന്നാണ് അവരുടെ ആശങ്ക.
റുഗ്ഡ കൃത്രിമമായി വളർത്തുന്നതും എളുപ്പമല്ല. കാരണം ഒരു സാധാരണ കൂൺ വളർത്തുന്നതുപോലെ കൃത്രിമ മാധ്യമത്തിൽ മാത്രം ഇത് വളരില്ല. സാൽ മരങ്ങളും അവയുമായി ബന്ധപ്പെട്ട മണ്ണിനടിയിലെ ഫംഗസ് ബന്ധവും ഇതിന് ആവശ്യമാണ്.
കൂണിനപ്പുറമുള്ള കഥ
റുഗ്ഡ ജാർഖണ്ഡിലെ പല ആദിവാസി കുടുംബങ്ങൾക്കും ഭക്ഷണവും വരുമാനവും നൽകുന്ന വനവിഭവമാണ്. മഴക്കാലത്ത് ശേഖരിക്കുന്ന റുഗ്ഡക്ക് കിലോഗ്രാമിന് 100 രൂപ മുതൽ 3,000 രൂപ വരെ വില ലഭിക്കാറുണ്ട്.
റുഗ്ഡക്ക് ഭൗമസൂചികാ (GI) ടാഗ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ റുഗ്ഡയെ സംരക്ഷിക്കാൻ അതിന്റെ പേര് മാത്രം സംരക്ഷിച്ചാൽ പോരാ. അത് വളരുന്ന സാൽ വനങ്ങളെയും മണ്ണിനെയും മഴയെയും മണ്ണിനടിയിലെ ഫംഗസിനെയും സംരക്ഷിക്കണം.
കാടിന്റെ ഭംഗി മരങ്ങളിലും പക്ഷികളിലും വന്യമൃഗങ്ങളിലും മാത്രമല്ല. നമ്മുടെ കണ്ണുകൾക്ക് കാണാനാകാത്ത മണ്ണിനടിയിലെ അനേകം ജീവജാലങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളുമാണ് ഒരു കാടിനെ ജീവനുള്ളതാക്കുന്നത്. റുഗ്ഡ ആ അദൃശ്യ കാടിന്റെ ചെറിയൊരു പ്രതിനിധി മാത്രമാണ്.

