രാജസ്ഥാനിലെ സാംഭാർ ഉപ്പ് തടാകത്തിൽ പിങ്ക് നിറം നിറച്ച് രാജഹംസങ്ങളെത്തി
text_fieldsസംഭാർ തടാകത്തിലെ രാജഹംസങ്ങൾ
രാജസ്ഥാൻ: ഭൂമിയിലെ മനോഹരകാഴ്ചകളിലൊന്ന് ഒരുക്കിയിരിക്കുകയാണ് രാജസ്ഥാനിൽ. പ്രശസ്തമായ സാംഭാർ ഉപ്പുതടാകത്തിലേക്ക് പറന്നിറങ്ങിയത് ലക്ഷക്കണക്കിന് രാജഹംസങ്ങളാണ്. നീലനിറമാർന്ന തടാകത്തിലേക്ക് പിങ്കും വെള്ളയും കലർന്ന നിറത്തിലുള്ള രാജഹംസങ്ങൾ ദേശാടനത്തിന്റെ ഭാഗമായാണെത്തിയിരിക്കുന്നത്. ഇത് പ്രദേശത്തെ പക്ഷിനിരീക്ഷകരെയും വിനോദസഞ്ചാരികളെയും ജയ്പുരിനടുത്തുള്ള തടാകത്തിലേക്ക് ആകർഷിക്കുകയാണ്. ആഴം കുറഞ്ഞ തടാകത്തിൽ ഗ്രേറ്റർ െഫ്ലമിങ്കോകളും ലെസ്സർ െഫ്ലമിങ്കോകളുമുണ്ട്. ഉപ്പുതടാകത്തിൽ അവക്കാവശ്യമായ ഭക്ഷണമായ ആൽഗകളുണ്ടെന്നതാണ് ഇവരെ ഇങ്ങോട്ട് ആകർഷിക്കുന്നത്.
മധ്യേഷ്യൻ ദേശാടനപാതയിലൂടെയുള്ള വാർഷിക പലായനത്തിന്റെ ഭാഗമായാണ് പക്ഷികൾ കൂട്ടമായെത്തുന്നത്. അതിശൈത്യത്തിന്റെ ആരംഭത്തിലാണ് പക്ഷികൾ മിതമായ കാലാവസ്‍ഥയിലേക്ക് ദേശാടനം തുടങ്ങുന്നത്. റഷ്യ, സൈബീരിയ,മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് വിദേശപക്ഷികൾ ഇവിടേക്കെത്തുന്നത്. 240 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള തടാകത്തിൽ വലിയ അരയന്നകൊക്കുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണുള്ളത്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കൂടുതൽ രാജഹംസങ്ങൾ എത്താറ്. ഇവയോടൊപ്പം നിരവധി ഇനം താറാവുകളും ദേശാടനപക്ഷികളും തടാകത്തിലേക്ക് എത്തുമെന്ന് പക്ഷി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഈ വർഷം പെയ്ത ഉയർന്ന തോതിലുള്ള മഴ പക്ഷികൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ചെന്നതാണ് പക്ഷികളുടെ ഗണ്യമായ വർധനക്ക് കാരണമെന്നും പറയുന്നു. നിലവിൽ തടാകത്തിൽ രണ്ടു മുതൽ രണ്ടരലക്ഷം രാജഹംസങ്ങളുണ്ട്. പക്ഷിനിരീക്ഷകരുടെയും പക്ഷിഫോട്ടോഗ്രാഫർമാരുടെയും പറുദീസയായി മാറിയിരിക്കുകയാണ് സാംഭാർ തടാകം. രാജഹംസങ്ങൾ ഇരതേടുന്നതും കൂട്ടമായി പറക്കുന്നതും കാണാനാഗ്രഹിക്കുന്നവർക്ക് രാജസ്‍ഥാനിലെ സംഭാർ ഉപ്പുതടാകക്കരയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയിലെ ഏറ്റവും വലിയ ഉൾനാടൻ ഉപ്പ് തടാകവും ദേശാടനപക്ഷികളെ പിന്തുണക്കുന്ന തണ്ണീർത്തടവുമാണ് സാംഭാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

