Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗണ്ഡക് നദിയിൽ ഘരിയലുകളുടെ തിരിച്ചുവരവ്; കാവലായി നാട്ടുകാർ

text_fields
bookmark_border
ഗണ്ഡക് നദിയിൽ ഘരിയലുകളുടെ തിരിച്ചുവരവ്; കാവലായി നാട്ടുകാർ
cancel

വംശനാശഭീഷണി നേരിടുന്ന മുതലവർഗമായ 'ഘരിയലു'കളുടെ സംരക്ഷണത്തിൽ ബിഹാറിലെ ഗണ്ഡക് നദീതീര ഗ്രാമങ്ങൾ ഒരു മാതൃകയാവുകയാണ്. ഒരുകാലത്ത് മനുഷ്യരെ ആക്രമിക്കുമെന്ന് തെറ്റിദ്ധരിച്ച് ഭയന്നിരുന്ന ഘരിയലുകളെ ഇന്ന് സംരക്ഷണ ജീവികളായി കണ്ട് അവയുടെ നിലനിൽപ്പിനായി രംഗത്തിറങ്ങുകയാണ്.

മാംസഭുക്കായ ഘരിയൽ മനുഷ്യരെ ആക്രമിക്കുന്ന ജീവിയല്ലെങ്കിലും, മഗർ മുതലകളുടെ ആക്രമണങ്ങൾ പലപ്പോഴും ഘരിയലുകളുടെ പേരിലായിരുന്നു അറിയപ്പെട്ടത്. ഇതോടെ അപൂർവമായ ഈ മുതലവർഗത്തോട് ഭയവും ശത്രുതയും വളർന്നു. ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ 'ഗുരുതര വംശനാശഭീഷണി നേരിടുന്ന' ജീവിയായും ഉൾപ്പെടുത്തി.

ഗംഗ, ബ്രഹ്മപുത്ര, സിന്ധു നദീതടങ്ങളിൽ വ്യാപകമായി കണ്ടിരുന്ന ഇവ ഇന്ന് ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടെ ഏതാനും പ്രദേശങ്ങളിൽ മാത്രമായി പിന്നീട് ചുരുങ്ങി. ഭൂട്ടാൻ, മ്യാൻമർ, പാകിസ്താൻ നദികളിൽ നിന്നും പൂർണമായും അപ്രത്യക്ഷമായി. 1970-കളുടെ തുടക്കത്തിൽ ഇന്ത്യയിൽ സ്വാഭാവികമായി ഉണ്ടായിരുന്ന ഘരിയൽ കൂടുകളുടെ എണ്ണം ഒറ്റ അക്കത്തിലേക്ക് പോലും താഴ്ന്നിരുന്നു.

വെള്ളപ്പൊക്കവും മണൽ ഖനനവും ഭീഷണി

ഗണ്ഡക് നദിയിലെ മണൽത്തിട്ടകൾ ഘരിയലുകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങമാണ്. പെൺഘരിയൽ ഒരു തവണ 40 മുതൽ 50 വരെ മുട്ടകൾ ഇടാറുണ്ട്. എന്നാൽ മൺസൂൺ കാലത്തെ വെള്ളപ്പൊക്കവും നദിക്കര ഇടിയുന്നതും മുട്ടകൾക്കും കുഞ്ഞുങ്ങൾക്കും ഭീഷണിയാണ്.

കുറുക്കൻ, തെരുവുനായകൾ, പക്ഷികൾ തുടങ്ങിയവയും ഇവയെ ഇരയാക്കുന്നു. ഇതിന് പുറമെ അണക്കെട്ടുകൾ, ബാരേജുകൾ, മണൽ ഖനനം, അനിയന്ത്രിത മത്സ്യബന്ധനം, നദീതീരത്തെ മനുഷ്യ ഇടപെടൽ എന്നിവയും ആവാസവ്യവസ്ഥയെ ബാധിക്കുന്നുണ്ട്.

ജനങ്ങളുടെ പങ്കാളിത്തം

ഘരിയൽ സംരക്ഷണത്തിൽ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തമാണ് ഏറ്റവും ശ്രദ്ധേയം. ബോധവത്കരണ പരിപാടികളും പോസ്റ്ററുകളും നിരന്തരമായ സംവാദങ്ങളും ആളുകളുടെ ഭയത്തെ സംരക്ഷണ മനോഭാവത്തിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളികൾ ഇവയുടെ കൂടുകൾ കണ്ടെത്താനും നിരീക്ഷിക്കാനും തുടങ്ങിയതോടെ വേട്ടയാടൽ ശ്രമങ്ങളും കുറഞ്ഞു. 2020-ലെ ലോക്ഡൗൺ കാലത്ത് നദിക്കര ഇടിഞ്ഞ് ഒഴുകിപ്പോകാനിരുന്ന 94 ഘരിയൽ മുട്ടകൾ പ്രാദേശവാസികളുടെ സഹായത്തോടെ സംരക്ഷിച്ചിരുന്നു.

3,000-ത്തിലധികം ഘരിയലുകൾ ഇന്ത്യയിൽ

1975 ൽ യു.എൻ.ഡി.പിയുടെയും ഭക്ഷ്യ-കാർഷിക സംഘടനയുടെയും പിന്തുണയോടെ ഇന്ത്യ 'മുതല സംരക്ഷണ പദ്ധതി' ആരംഭിച്ചതോടെ ഘരിയൽ സംരക്ഷണത്തിന് വലിയ മുന്നേറ്റമുണ്ടായി. ബിഹാർ വനംവകുപ്പ്, വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് എന്നിവയുടെ സഹകരണത്തോടെയും ഘരിയൽ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. 2025-ലെ കണക്കുകൾ പ്രകാരം 80 ശതമാനം ഘരിയലുകളും ഇന്ത്യയിലാണ്, എണ്ണം 3,000-ത്തിലധികമാണ്.

ഒരിക്കൽ ഭീഷണിയായി കണ്ട് കല്ലെറിഞ്ഞ് കൊന്നിരുന്ന കുഞ്ഞുഘരിയലുകളെ സംരക്ഷിക്കാൻ ഇന്ന് ഗ്രാമവാസികൾ തന്നെ മുന്നിട്ടിറങ്ങുന്ന മാറ്റമാണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ നേട്ടം. ഒരു വംശനാശഭീഷണി നേരിടുന്ന ജീവിയെ രക്ഷിക്കാനുള്ള പോരാട്ടം ഒടുവിൽ ഒരു നദിയുടെയും അതിന്റെ മുഴുവൻ ജൈവവൈവിധ്യത്തിന്റെയും സംരക്ഷണമായി മാറുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Return of gharials to the Gandak River
Next Story