ഗ്വാട്ടിമാലയിൽ 3,000 വർഷം പഴക്കമുള്ള മായൻ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
text_fieldsഗ്വാട്ടിമാല സിറ്റി: വടക്കൻ ഗ്വാട്ടിമാലയിൽ നിന്ന് 3,000 വർഷത്തോളം പഴക്കമുള്ള മായൻ നഗരത്തിന്റെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ആ കാലത്തെ പ്രധാനപ്പെട്ട ആചാരപരമായ സ്ഥലമായിരുനു ഇതെന്ന് സൂചിപ്പിക്കുന്ന സ്മാരകങ്ങൾ ആണ് അവയിൽ തെളിഞ്ഞത്.
‘മുത്തശ്ശിമാർ’ എന്നതിന്റെ സ്പാനിഷ് പദമായ ‘ലോസ് അബുലോസ്’ എന്ന് പേരിട്ട നഗരം ഗ്വാട്ടിമാലയുടെ വടക്കൻ പെറ്റാൻ വകുപ്പിലെ ഉക്സക്റ്റൂണിലെ പ്രധാനപ്പെട്ട പുരാവസ്തു സ്ഥലത്തുനിന്ന് 21 കിലോമീറ്ററോളം അകലെയായാണുള്ളതെന്ന് രാജ്യത്തിന്റെ സാംസ്കാരിക മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മെക്സിക്കൻ അതിർത്തിക്കടുത്തുള്ള പെറ്റെൻ എന്ന വനപ്രദേശത്ത് മായൻ നാഗരികതയുടെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ ആചാര കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. പ്രദേശത്തുനിന്നുള്ള അതുല്യമായ ‘ഐക്കണോഗ്രഫി’ ഉപയോഗിച്ച് ശിൽപങ്ങളാൽ തീർത്ത പിരമിഡുകളും സ്മാരകങ്ങളും ഉള്ള ഈ സ്ഥലം ശ്രദ്ധേയമായ വാസ്തുവിദ്യാ ആസൂത്രണത്തെയാണ് കാണിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.
ഏകദേശം 16 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരം ഗ്വാട്ടിമാലൻ, സ്ലോവാക് പുരാവസ്തു ഗവേഷകർ ഉക്സക്റ്റൂൺ പാർക്കിന്റെ മുമ്പ് അധികം പര്യവേഷണം ചെയ്യാത്ത പ്രദേശങ്ങളിലാണ് കണ്ടെത്തിയത്. സമീപത്ത് പ്രീ ക്ലാസിക് കാലഘട്ടത്തിലെ ചുവർച്ചിത്രങ്ങളും ഒരു കനാൽ സംവിധാനവും ഉള്ള 33 മീറ്റർ ഉയരമുള്ള ഒരു പിരമിഡും ഉണ്ട്.
ഹിസ്പാനിക്കിന് മുമ്പുള്ള പെറ്റന്റെ ആചാരപരവും സാമൂഹിക രാഷ്ട്രീയവുമായ സംഘടനയെക്കുറിച്ചുള്ള ധാരണകൾ പുനഃർവിചിന്തനം ചെയ്യാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
ഏപ്രിലിൽ, മെക്സിക്കോയിലെ പുരാതന തിയോട്ടിഹുവാകാൻ സംസ്കാരത്തിൽ നിന്ന് 1,000 വർഷം പഴക്കമുള്ള ഒരു ബലിപീഠം പെറ്റൻ വകുപ്പിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഏകദേശം 1,300 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രണ്ട് ഹിസ്പാനിക്കിന് മുമ്പുള്ള സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി അത് വ്യാഖ്യാനിക്കപ്പെട്ടു. ഉക്സക്റ്റൂണിൽ നിന്ന് ഏകദേശം 23 കിലോമീറ്റർഅകലെയുള്ള ടിക്കൽ ഗ്വാട്ടിമാലയിലെ പ്രധാന പുരാവസ്തു സ്ഥലവും രാജ്യത്തെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ്.
ബി.സി 2000ലാണ് മായൻ നാഗരികത ഉടലെടുത്തത്. എ.ഡി 400നും 900നും ഇടയിൽ ഇന്നത്തെ തെക്കൻ മെക്സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും ബെലീസ്, എൽ സാൽവഡോർ, ഹോണ്ടുറാസ് എന്നിവിടങ്ങളിലുമായി വ്യാപിച്ചു കിടന്ന ആ നാഗരികത ഉന്നതിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

