Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; വംശനാശഭീഷണിയിലുള്ള അപൂർവ പാമ്പുകളെ വനത്തിലേക്ക് തിരിച്ചെത്തിച്ചു

text_fields
bookmark_border
news
cancel

കാലിഫോർണിയ: അപൂർവവും മനോഹരമായ നിറങ്ങളുള്ളതുമായ വംശനാശഭീഷണി നേരിടുന്ന സാൻഫ്രാൻസിസ്കോ ഗാർട്ടർ പാമ്പുകളെ ആദ്യമായി വന്യജീവി ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു. സാൻഫ്രാൻസിസ്കോ മൃഗശാലയിൽ ജനിച്ച 62 കുഞ്ഞൻ പാമ്പുകളെയാണ് കാലിഫോർണിയയിലെ സാൻ മാറ്റിയോ കൗണ്ടിയിലെ തെരഞ്ഞെടുത്ത വിവിധ കേന്ദ്രങ്ങളിൽ സ്വതന്ത്രമാക്കിയത്. വംശനാശത്തിന്റെ വക്കിലുള്ള ജീവിവർഗത്തിന്റെ സംരക്ഷണത്തിൽ നിർണായകമായ മുന്നേറ്റമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

1967ൽ ആദ്യമായി പ്രസിദ്ധീകരിച്ച അമേരിക്കൻ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് സാൻഫ്രാൻസിസ്കോ ഗാർട്ടർ പാമ്പുകൾ. ഏകദേശം ആറ് പതിറ്റാണ്ടോളം നീണ്ട വരൾച്ച, രോഗങ്ങൾ, അധിനിവേശ ജീവികളുടെ സാന്നിധ്യം, ജനിതക വൈവിധ്യത്തിലെ കുറവ്, അനധികൃതമായി പിടിച്ചുകൊണ്ടുപോകൽ തുടങ്ങിയ ഭീഷണികൾ ഇവയുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്.

വനത്തിൽ ഇനി ഏതാനും ആയിരം പാമ്പുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് കണക്ക്. കാലിഫോർണിയയിലെ സാൻ മാറ്റിയോ കൗണ്ടിയിലും സാന്റാക്രൂസ് കൗണ്ടിയുടെ ചെറിയൊരു ഭാഗത്തും മാത്രമാണ് ഇവ സ്വാഭാവികമായി കാണപ്പെടുന്നത്. ലോകത്ത് മറ്റൊരിടത്തും ഈ ജീവിവർഗത്തെ കണ്ടെത്താനാകില്ല.

46 മുതൽ 140 സെന്റിമീറ്റർ വരെ നീളം വെക്കുന്ന ഇവക്ക് മറ്റ് ഗാർട്ടർ പാമ്പുകളെ അപേക്ഷിച്ച് വലിയ കണ്ണുകളുള്ളതും പകൽസമയത്തും സജീവമാണ്. വിഷപ്പല്ലുകളില്ലാത്ത ഇവ മനുഷ്യർക്ക് പൊതുവെ അപകടകാരികളല്ല. എന്നാൽ ചെറിയ ഉരഗങ്ങളും എലികളുമാണ് പ്രധാന ഇരകൾ.

പാമ്പുകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി നടപ്പാക്കിയ പ്രത്യേക സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് കുഞ്ഞുങ്ങളെ മൃഗശാലയിൽ വളർത്തിയത്. 2025ൽ കാലിഫോർണിയയിലെ സുരക്ഷിതമായ സംരക്ഷിത കേന്ദ്രത്തിൽനിന്ന് ഗർഭിണികളായ പെൺപാമ്പുകളെ ശേഖരിച്ചായിരുന്നു പദ്ധതി ആരംഭിച്ചത്. ഇവ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയശേഷം മുതിർന്ന പാമ്പുകളെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചയച്ചു. കുഞ്ഞുങ്ങളെ സാൻഫ്രാൻസിസ്കോ മൃഗശാലയിൽ വളർത്തുകയായിരുന്നു.

ഓരോ പാമ്പിന്റെയും ജനിതക സവിശേഷതകൾ പരിശോധിച്ച ശേഷമാണ് തുറന്നുവിടേണ്ട സ്ഥലങ്ങൾ തീരുമാനിച്ചത്. മൂന്നിലൊന്ന് പാമ്പുകളെ അമ്മമാരെ കണ്ടെത്തിയ അതേ പ്രദേശത്തും ശേഷിക്കുന്നവയെ കൂടുതൽ ജനിതക വൈവിധ്യം ആവശ്യമായ മറ്റ് കേന്ദ്രങ്ങളിലുമാണ് തുറന്നുവിട്ടത്. ഇരപിടിയന്മാരിൽനിന്നും ഭക്ഷണത്തിനായുള്ള മത്സരത്തിൽനിന്നും രക്ഷപ്പെടാൻ ആവശ്യമായ വലുപ്പമെത്തിയ ശേഷമാണ് ഇവയെ സ്വതന്ത്രമാക്കിയത്.

വർഷങ്ങളായുള്ള ഗവേഷണത്തിന്റെയും വിവിധ ഏജൻസികളുടെ സഹകരണത്തിന്റെയും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിന്റെയും ഫലമാണ് ഈ നേട്ടമെന്ന് മിഡ്പെനിൻസുല റീജിയണൽ ഓപ്പൺ സ്പേസ് ഡിസ്ട്രിക്ടിലെ ജീവശാസ്ത്രജ്ഞർ വ്യക്തമാക്കി. അനധികൃതമായി പിടിച്ചുകൊണ്ടുപോകൽ, വാഹനങ്ങൾ ഇടിച്ചുള്ള മരണം, രോഗവ്യാപനം തുടങ്ങിയ ഭീഷണികൾ കണക്കിലെടുത്ത് പാമ്പുകളെ തുറന്നുവിട്ട കൃത്യമായ സ്ഥലങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, അടുത്തഘട്ടത്തിലേക്കുള്ള കുഞ്ഞുപാമ്പുകളെയും മൃഗശാലയിൽ വളർത്തുന്നുണ്ട്. 2026ൽ 130ലധികം സാൻഫ്രാൻസിസ്കോ ഗാർട്ടർ പാമ്പിൻ കുഞ്ഞുങ്ങളാണ് മൃഗശാലയിൽ ജനിച്ചത്. ഇവയെ 2027ൽ വനത്തിലേക്ക് തുറന്നുവിടാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ തുറന്നുവിട്ട പാമ്പുകളുടെ അതിജീവനശേഷിയും അവയുടെ സാന്നിധ്യം പ്രാദേശിക ജനസംഖ്യയിലുണ്ടാക്കുന്ന മാറ്റങ്ങളും ഗവേഷകർ നിരീക്ഷിച്ചുവരികയാണ്. ഈ സംരക്ഷണ പദ്ധതിയുടെ വിജയവും ഗവേഷണഫലങ്ങളും വംശനാശഭീഷണി നേരിടുന്ന മറ്റ് ഉരഗവർഗങ്ങളുടെ സംരക്ഷണത്തിനും സഹായകമാകുമെന്നാണ് പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - End to a six-decade wait; rare endangered snakes reintroduced into the wild
Next Story