വർഷങ്ങൾ നീണ്ടുനിൽക്കുന്ന വരൾച്ച ദരിദ്ര രാജ്യങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിപ്പിക്കുന്നുവെന്ന് പഠനം
text_fieldsസുദീർഘമായ വരൾച്ചയും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. മൂന്നുവർഷം വരെ നീണ്ടു നിൽക്കുന്ന വരൾച്ച, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥയെ വളരെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. ഇത്തരം രാജ്യങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും എണ്ണം വർധിക്കാൻ വരൾച്ച കാരണമാകുന്നു എന്നാണ് പഠനത്തിൽ വിവരിക്കുന്നത്.
ആസ്ട്രേലിയയിലെ കർടിൻ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. കാലാവസ്ഥാ വ്യതിയാനം കുടിവെള്ളത്തിനായി കാതങ്ങൾ താണ്ടുന്ന സ്ത്രീകളെ എങ്ങനെ മോശമായി ബാധിക്കുന്നുവെന്നായിരുന്നു ഗവേഷകർ നിരീക്ഷിച്ചത്. ചിലപ്പോൾ പ്രകൃതിവിഭവങ്ങൾക്കായി ഇവിടങ്ങളിലെ സ്ത്രീകളും പെൺകുട്ടികളും മറ്റിടങ്ങിലേക്ക് കുടിയേറാനും നേരത്തേ വിവാഹിതരാകാനും കാരണമാകുന്നു. പി.എൽ.ഒ.എസ് ഗ്ലോബൽ പബ്ലിക് ഹെൽത്തിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 13നും 24നുമിടയിൽ പ്രായമുള്ള 35,000 പെൺകുട്ടികൾക്കും സ്‍ത്രീകൾക്കും ഇടയിലാണ് പഠനം നടത്തിയത്. ദക്ഷിണാഫ്രിക്ക, സബ് സഹാറൻ ആഫ്രിക്ക, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ 14രാജ്യങ്ങളിലുള്ളവരായിരുന്നു ഇവർ. 48 ആഴ്ച വരെ നീണ്ടുനിൽക്കുന്ന വരൾച്ചക്കും സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണത്തിനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഗവേഷകർ വെളിപ്പെടുത്തുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഗാർഹികാതിക്രമങ്ങൾ അതികരിപ്പിക്കുന്നതായുള്ള പഠനറിപ്പോർട്ടുകൾ മുമ്പും പുറത്തുവന്നിട്ടുണ്ട്.
156 രാജ്യങ്ങളിൽ നടന്ന പഠനത്തിൽ ചുഴലിക്കാറ്റ്, ഉരുൾ പൊട്ടൽ, വെള്ളപ്പൊക്കം പോലുള്ള കാലാവസ്ഥയിലെ ഗുരുതരമായ മാറ്റങ്ങൾ ഏറ്റവുമടുത്ത പങ്കാളികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിപ്പിക്കുന്നതായി
പി.എൽ.ഒ.എസ് ഗ്ലോബൽ പബ്ലിക് ഹെൽത്തിൽ 2024 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ച് യുവതികളും കൗമാരക്കാരായ പെൺകുട്ടികളുമാണ് ഇത്തരത്തിൽ ചൂഷണത്തിൽ വിധേയരായിരുന്നത്.
വിദൂര സ്ഥലങ്ങളിലെ ജലസ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരുന്നതും കുടിയേറിപ്പോകുന്നതും നേരത്തേയുള്ള വിവാഹങ്ങൾക്ക് കാരണമാവുകയും ഇത് ലൈംഗികാതിക്രമങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷക സംഘം പറയുന്നത്. ഇന്തോനേഷ്യയിലും പെറുവിലും നടത്തിയ പഠനത്തിൽ ജല അരക്ഷിതാവസ്ഥ ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തി. പങ്കാളികൾക്കൊപ്പം കഴിയുന്നവരെയും അല്ലാത്തവരെയും പ്രത്യേകം പഠനവിധേയരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

