ട്രക്കിങ് പ്രേമികളുടെ പറുദീസ ഇനി പ്ലാസ്റ്റിക് മുക്തം
text_fieldsകാഠ്മണ്ഡു: ഇന്ത്യക്കും നപ്പോളിനും ഇടയിലെ മനേയ്ഭഞ്ജൻ മുതൽ സന്ദക്ഫു വരെയുള്ള പർവത പാതയിൽ ഇനി പ്ലാസ്റ്റിക് ഉണ്ടാവില്ല. ഡാർജിലിങ്ങിലെ ‘ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷന്റെ’ (ജി.ടി.എ) ടൂറിസം വകുപ്പും പശ്ചിമ ബംഗാൾ വനം വകുപ്പും അടുത്ത ആഴ്ച മുതൽ മനേയ്ഭഞ്ജൻ മുതൽ സന്ദക്ഫു വരെയുള്ള പർവത പാതയുടെ മുഴുവൻ ഭാഗവും പ്ലാസ്റ്റിക് മാലിന്യ രഹിതമാക്കാൻ തീരുമാനിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 6,300 അടിയിലധികം ഉയരത്തിലാണ് മനേയ്ഭഞ്ജൻ സ്ഥിതി ചെയ്യുന്നത്. കൂടാതെ 11,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സന്ദക്ഫുവിലേക്കുള്ള മോട്ടോർ, ട്രെക്കിങ് റൂട്ടുകളുടെ പ്രവേശന പോയിന്റുമാണ് ഇത്.
ഡാർജിലിംഗ് കുന്നുകളിലെ സിംഗലീല ദേശീയോദ്യാനത്തിലൂടെയാണ് മുഴുവൻ പാതയും കടന്നുപോകുന്നത്. ഇത് ട്രെക്കിംഗ് പ്രേമികളുടെ പറുദീസയായും പ്രകൃതിസ്‌നേഹികളുടെ ഒരു ഹോട്ട്‌സ്‌പോട്ടായും കണക്കാക്കപ്പെടുന്നു. സസ്യജന്തുജാലങ്ങളുടെ സമ്പന്നമായ സാന്നിധ്യവും അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയുമാണ് ഇതിന്റെ കാരണം.
ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട വിവിധ പങ്കാളികളെ ഉൾപ്പെടുത്തി ഒരു കാമ്പയ്ൻ ആരംഭിച്ചതായി ജി.ടി.എയുടെ ടൂറിസം വകുപ്പിന്റെ ഫീൽഡ് ഡയറക്ടർ ദാവ ഗ്യാൽപോ ഷെർപ്പ പറഞ്ഞു. ജൂൺ 15 മുതൽ വിനോദസഞ്ചാരികളും ട്രെക്കിങ് പ്രേമികളും സഞ്ചരിക്കുന്ന മുഴുവൻ സ്ഥലവും പ്ലാസ്റ്റിക് രഹിത മേഖലയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചുവെന്നും ഷെർപ്പ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഗൈഡുകൾ മറ്റൊരു ഉദ്യമം കൂടി നടത്തി. ട്രെക്കിങ് സമയത്ത് സന്ദർശകർ വലിച്ചെറിഞ്ഞ 50 ബാഗ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് അവർ പ്രദേശം വൃത്തിയാക്കി.
‘ജൂൺ 15 മുതൽ വനങ്ങൾ സന്ദർശകർക്കു മുമ്പാകെ അടച്ചിടും. മനേയ്ഭഞ്ജനിലും പരിസര പ്രദേശങ്ങളായ റിംബിക്, ശ്രീഖോള, ദാരഗാവ് എന്നിവിടങ്ങളിലും കാമ്പയ്ൻ തുടരാൻ ഞങ്ങൾ തീരുമാനിച്ചു. മൂന്നു മാസത്തിനുശേഷം ദേശീയോദ്യാനം സന്ദർശകർക്കായി വീണ്ടും തുറക്കുമ്പോൾ വനം ജീവനക്കാരോടൊപ്പം ഞങ്ങൾ ജാഗ്രത പാലിക്കും. ഈ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തും - മേഖലയിലെ ടൂറിസം വകുപ്പിന്റെ ഫീൽഡ് ഡയറക്ടർ പറഞ്ഞു.
സിലിഗുരി ആസ്ഥാനമായുള്ള ഹിമാലയൻ നേച്ചർ & അഡ്വഞ്ചർ ഫൗണ്ടേഷന്റെ പ്രോഗ്രാം കോഓഡിനേറ്റർ അനിമേഷ് ബോസ് ഈ നീക്കത്തെ സ്വാഗതം ചെയ്തു. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ട സിംഗലീലയുടെ മുഴുവൻ ഭാഗവും വിനോദസഞ്ചാരികളുടെ പറുദീസയാണെന്ന് മുതിർന്ന പ്രകൃതി സംരക്ഷകൻ പറഞ്ഞു.
കാട്ടു ഓർക്കിഡുകളും ചുവന്ന പാണ്ടയും ഉൾപ്പെടെ നിരവധി ആകർഷക ഘടകങ്ങൾ ഇവിടെയുണ്ട്. സിംഗലീലയിലെ പർവതനിരകളിലെ സമ്പന്നമായ ജൈവവൈവിധ്യവും നിരവധി വിദേശ സസ്യജന്തുജാലങ്ങളുടെ സാന്നിധ്യവും കണക്കിലെടുക്കുമ്പോൾ ഈ മേഖലകളെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

