കാടിറങ്ങുന്ന കടുവ; 10 വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒൻപത് പേർ
text_fieldsമൃഗശാലയിലും ഉൾവനത്തിലും മാത്രം കണ്ടിരുന്ന കടുവ ഇപ്പോൾ വീട്ടുമുറ്റത്തെത്തുകയും മനുഷ്യരെ കൊന്നുതിന്നുകയും ചെയ്യുന്നതിന്റെ ഭീതിയിലാണ് കേരളം. 2016 മുതൽ ഇന്നലെ വരെ 914 പേരാണ് വന്യമൃഗ ആക്രമണത്തിൽ മരിച്ചത്. അതിൽ 10 വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒൻപത് പേർ. ഇതിൽ എട്ടും വയനാട്ടിൽ. ജനവാസകേന്ദ്രങ്ങളിൽ ഉൾപ്പെടെ എല്ലായിടത്തും കടുവകൾ വിലസുമ്പോഴും വയനാട്ടിൽ കടുവകൾ കുറയുന്നുവെന്ന വിചിത്ര നിലപാടിലാണ് വനംവകുപ്പ്.
കൃത്യമായ കണക്കെടുപ്പ് നടത്തി വനത്തിന്റെ വാഹകശേഷി നിർണയിച്ച് കൂടുതലുള്ള കടുവകളെ പുനരധിവസിപ്പിക്കാൻ അധികൃതർ ഇനിയും തയ്യാറാകുന്നില്ല. കാടിറങ്ങാതിരിക്കാനുള്ള നടപടി എടുക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. കേന്ദ്ര വനനിയമത്തിൽ മാറ്റം വരുത്തണമെന്നും മനുഷ്യജീവന് ഭീഷണിയായ മൃഗങ്ങളെ വകവരുത്താനുള്ള അധികാരം ജില്ലാ ഭരണകൂടം ഉപയോഗിക്കണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെട്ട് തുടങ്ങിയിട്ടും കാലങ്ങളായി.
1993 ൽ 76, 97 ൽ 73, 2002 ൽ 71, 2006 ൽ 46, 2010 ൽ 71, 2014 ൽ 136, 2018 ൽ 190 എന്നിങ്ങനെയാണ് കേരളത്തിലാകെ കടുവകളുടെ എണ്ണത്തിലുണ്ടായ വർധന. 2012 മുതൽ 2022 വരെ വയനാട്ടിൽ മാത്രം 36 കടുവകളെയാണ് വനംവകുപ്പ് ജനവാസകേന്ദ്രങ്ങളിൽനിന്ന് പിടികൂടിയത്. വയനാട്, ഇടുക്കി, കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 30ലക്ഷത്തോളം ജനങ്ങളാണ് വന്യജീവി ഭീതിയിൽ കഴിയുന്നത്. കേരളത്തിലെ വനങ്ങളിൽ എത്ര കടുവകളുണ്ടെന്ന കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കണക്കുകൾ ശരിയാകുന്നില്ല.
കേന്ദ്രവനം മന്ത്രാലയം ലോക്‌സഭയിൽ വെച്ച കണക്കുപ്രകാരം കേരളത്തിൽ 190 കടുവകളുണ്ടെങ്കിൽ സംസ്ഥാന സർക്കാർ നിയമസഭയിൽ വെച്ച കണക്കിൽ ഇത് 213 ആണ്. കർണാകയിലെ ബന്ദിപ്പൂർ, നാഗർഹോളെ, ബി.ആർ ടൈഗർ റിസർവ്, തമിഴ്നാട്ടിലെ മുതുമലൈ, സത്യമംഗലം എന്നിവിടങ്ങളിൽ നിന്ന് വയനാട്ടിലേക്ക് കടുവകളെത്തുന്നു. കർണാടകത്തിൽ 524 കടുവകളാണുള്ളത്. വയനാടൻ കാടുകളിൽ 100ചതുരശ്ര കിലോമീറ്ററിൽ എട്ട് കടുവകളുണ്ടെന്നാണ് കണക്ക്.
കാടിന് ഉൾക്കൊള്ളാനാവാത്തത്ര കടുവകളുണ്ടെന്നാണ് വിലയിരുത്തൽ. ഇരതേടാനാവാത്ത തരത്തിൽ പരിക്കേറ്റതും വാർദ്ധക്യവും അസുഖവും ബാധിച്ചതുമായ കടുവകളാണ് ഇരതേടി ജനവാസകേന്ദ്രങ്ങളിലെത്തുന്നത്. കടുവ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ 'പ്രോജക്ട് ടൈഗർ' സ്കീം പ്രകാരം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.