നവാഗതരുടെ പുൽക്കൂട്
text_fieldsവന്യജീവി സംരക്ഷണത്തിൽ വിസ്മയിപ്പിക്കുന്ന നേട്ടവുമായി സന്ദർശകരെ വിസ്മയിപ്പിക്കുകയാണ് അൽഐൻ മൃഗശാല. 2025 ഡിസംബർ അവസാനത്തോടെ ഏകദേശം 390 മൃഗങ്ങളാണ് മൃഗശാലയിൽ പുതുതായി ജനിച്ചത്. ഇതിൽ 65 ശതമാനവും വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളാണ് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. സുസ്ഥിരമായ വന്യജീവി പരിപാലന പരിപാടികളുടെ വിജയവും ആഗോള ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലുള്ള മൃഗശാലയുടെ പ്രതിബദ്ധതയുമാണ് അപൂവർ ജീവിവർഗങ്ങളുടെ കുഞ്ഞുങ്ങൾ പിറന്നതിലൂടെ പ്രതിഫലിക്കുന്നത്.
അറേബ്യൻ ഒറിക്സ്, അറേബ്യൻ സാൻഡ് ഗസൽ, ചാദ് ഡാമ ഗസൽ, മഹോർ ഗസൽ, സ്പെക്സ് ഗസൽ, ആഫ്രിക്കൻ ഡോർകാസ് ഗസൽ, അറേബ്യൻ താർ, ബാർബാറി ഷീപ്, ബെയ്സ ഒറിക്സ്, സിമ്മിറ്റാർ ഹൊർണഡ് ഒറിക്സ്, ആഡക്സ്, നൈൽ ലെച്ച്വി, ഹിപ്പോപ്പൊട്ടാമസ്, വിവിധയിനം കടലാമകൾ തുടങ്ങി നിരവധി അപൂർവ്വ ജീവിവർഗങ്ങളാണ് ഈ വർഷം ജനിച്ചവരിൽ ഉൾപ്പെടുന്നത്.
മൃഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം ഉറപ്പാക്കാൻ മൃഗശാലയിലെ വിദഗ്ധ സംഘം ഇരുപത്തിനാല് മണിക്കൂറും കർമനിരതരാണ്. ശാസ്ത്രീയമായ പോഷകാഹാരം, കൃത്യമായ ആരോഗ്യപരിശോധന, അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ‘സിംസ്’ സംവിധാനം വഴിയാണ് ഇവിടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ഈ സംവിധാനം വഴി മൃഗങ്ങളുടെ ഇനം, ദൈനംദിന പെരുമാറ്റം, ഭക്ഷണക്രമം, പ്രവർത്തന രേഖകൾ എന്നിവ കൃത്യമായി സൂക്ഷിക്കുന്നു. 1200ലധികം അംഗീകൃത മൃഗശാലകൾ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോം വഴി അന്താരാഷ്ട്ര തലത്തിലുള്ള വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കുന്നുവെന്ന് അനിമൽ റെക്കോർഡ്സ് ഓഫീസർ റീം അഹമ്മദ് അൽ കാബി പറഞ്ഞു.
നവജാത ശിശുക്കളായ ഈ മൃഗങ്ങളെ നേരിൽ കാണുന്നത് സന്ദർശകർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് വലിയൊരു അനുഭൂതിയും അറിവ് പ്രദാനം ചെയ്യുന്നതുമാണ്. വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ വിവിധ വിദ്യാഭ്യാസ പരിപാടികളും മൃഗശാല ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. ഈ നേട്ടം വന്യജീവി സംരക്ഷണ മേഖലയിൽ പ്രാദേശികമായും അന്തർദ്ദേശീയമായും അൽഐൻ മൃഗശാലയുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

