അന്തരീക്ഷ മലിനീകരണം ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നത് എങ്ങനെ?
text_fields1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഓർമക്കായാണ് ഇന്ത്യയിൽ എല്ലാ വർഷവും ഡിസംബർ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിൽ അമേരിക്കൻ കെമിക്കൽ കോർപ്പറേഷനായ യൂണിയൻ കാർബൈഡിന്റെ ഉടമസ്ഥതയിലുള്ള കീടനാശിനി പ്ലാന്റിൽ നിന്ന് വിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് വാതകം ജനവാസമുള്ള പ്രദേശത്തേക്ക് ചോർന്നതിനെത്തുടർന്ന് 4,000 പേരാണ് മരണപ്പെട്ടത്. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് വേണ്ടിയും ഭോപ്പാൽ ദുരന്തത്തിൽ മരണപ്പെട്ടവരെ ഓർക്കാനും വേണ്ടിയാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്.
ഇത്തരത്തിൽ വർധിച്ചു വരുന്ന മലിനീകരണവും ആരോഗ്യ അപകടങ്ങളും തമ്മിലുള്ള ബന്ധം കണക്കിലെടുത്താണ് എല്ലാ വർഷവും മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്. അന്തരീക്ഷ മലിനീകരണം നമ്മുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കുന്നുവെന്നും അവ സംരക്ഷിക്കാൻ നാം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഈ ദിവസം ഓർമിപ്പിക്കുന്നു.
മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
ഇന്നും ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണ് മലിനീകരണം. ശ്വാസകോശ അർബുദം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ മാരകരോഗങ്ങൾ മൂലം ലോകത്തെമ്പാടും പ്രതിവർഷം ദശലക്ഷക്കണക്കിന് പേരാണ് മരണപ്പടുന്നത്. 2019ൽ 1.67 ദശലക്ഷം മരണങ്ങൾ വായു മലിനീകരണം മൂലമാണെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത് മൊത്തം മരണങ്ങളുടെ 18 ശതമാനമാണ്.
അന്തരീക്ഷ മലിനീകരണത്തിലൂടെ ദോഷകരമായ വസ്തുക്കൾ ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും ആഴത്തിൽ പോകാൻ സാധ്യതയുള്ളതിനാൽ ഇത് ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവയുടെ വീക്കം, കേടുപാടുകൾ എന്നിവക്ക് കാരണമായേക്കാം. ശ്വസന, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് പുറമേ, മലിനീകരണവുമായി സമ്പർക്കം പുലർത്തുന്നത് പ്രമേഹം, തിമിരം, ചർമരോഗങ്ങൾ എന്നിവക്കുള്ള സാധ്യതയും വർധിപ്പിക്കും. ഇത് കൂടാതെ മാനസികരോഗങ്ങളുടെ അവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും.
ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തിന്റെ ലക്ഷ്യം:
മലിനീകരണം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ അപകടങ്ങളെക്കുറിച്ചും ഫലപ്രദമായ നിയന്ത്രണ നടപടികളുടെ അടിയന്തിരാവസ്ഥയെക്കുറിച്ചുമാണ് ഈ ദിനം ഓർമിപ്പിക്കുന്നത്. അനുയോജ്യമായ സാങ്കേതികവിദ്യകൾ സ്വീകരിക്കുക, പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കുക, സുസ്ഥിരമായ ജീവിതശൈലി തിരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മലിനീകരണ തോത് കുറക്കാൻ സർക്കാരുകളെയും വ്യവസായങ്ങളെയും വ്യക്തികളെയും ഈ ദിനം പ്രോത്സാഹിപ്പിക്കുന്നു.
മലിനീകരണം കുറക്കുന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം എല്ലാവരുടെയും ജീവൻ രക്ഷിക്കുകയും ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. മലിനീകരണത്തിന്റെ ഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയ ദുർബല ജനവിഭാഗങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

