മൺസൂൺ വൈകി; ഇന്ത്യയിൽ നെല്ല് ഉൾപ്പെടെയുള്ള ഖരീഫ് വിളകളുടെ വിത്തിടൽ 23% കുറഞ്ഞു
text_fieldsഫോട്ടോ കടപ്പാട് ഡെക്കാൻ ഹെറാൾഡ്
മൺസൂൺ മഴയുടെ ദുർബലമായ തുടക്കം ഇന്ത്യയിലെ ഖരീഫ് കൃഷിയെ പ്രതികൂലമായി ബാധിച്ചതായി കണക്കുകൾ. നെല്ല്, പരുത്തി, ചോളം, സോയാബീൻ തുടങ്ങിയ പ്രധാന വേനൽക്കാല വിളകളുടെ വിത്തിടൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യയിലെ ഈ സാഹചര്യം ആഭ്യന്തര കാർഷിക മേഖലയെ മാത്രമല്ല, ആഗോള ഭക്ഷ്യവിപണിയെയും സ്വാധീനിക്കാൻ സാധ്യതയുള്ളതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
കാർഷിക മന്ത്രാലയത്തിന്റെ ജൂൺ 25 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 18.27 ദശലക്ഷം ഹെക്ടർ വിസ്തൃതിയിലാണ് ഇതുവരെ ഖരീഫ് വിളകൾ വിതച്ചത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 23 ശതമാനം കുറവാണ്. പ്രത്യേകിച്ച് നെൽകൃഷിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 3.44 ദശലക്ഷം ഹെക്ടറിൽ നെല്ല് വിതച്ചിരുന്നെങ്കിൽ ഇത്തവണ അത് 2.58 ദശലക്ഷം ഹെക്ടറായി കുറഞ്ഞു.
സോയാബീൻ കൃഷിയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. വെറും 6.92 ലക്ഷം ഹെക്ടറിലാണ് സോയാബീൻ വിതച്ചത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 65 ശതമാനം കുറവുമാണ്. ചോളം കൃഷി 16 ശതമാനം കുറഞ്ഞ് 15.7 ലക്ഷം ഹെക്ടറിലും, പരുത്തി കൃഷി 35 ശതമാനം ഇടിഞ്ഞ് 29.7 ലക്ഷം ഹെക്ടറിലും ഒതുങ്ങി. എന്നാൽ കരിമ്പ് കൃഷിയിൽ മാത്രം നേരിയ വർധനയുണ്ടായി. കരിമ്പ് കൃഷി 1.2 ശതമാനം ഉയർന്ന് 57 ലക്ഷം ഹെക്ടറിലെത്തി.
ജൂൺ ഒന്നിന് ആരംഭിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ ഇത്തവണ കേരളത്തിലെത്താൻ മൂന്ന് ദിവസം വൈകി. തുടർന്ന് പടിഞ്ഞാറൻ കാർഷിക മേഖലകളിലേക്കുള്ള മഴയുടെ മുന്നേറ്റവും ഏകദേശം രണ്ടാഴ്ചത്തോളം മന്ദഗതിയിലായിരുന്നു. ഇതിന്റെ ഫലമായി രാജ്യത്ത് ഇതുവരെ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 42 ശതമാനം കുറവാണ് ലഭിച്ചത്. ചില പ്രദേശങ്ങളിൽ മഴക്കുറവ് 92 ശതമാനം വരെയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജൂലൈയിൽ മൺസൂൺ ശക്തിപ്രാപിച്ചാൽ കർഷകർക്ക് ശേഷിക്കുന്ന സമയത്തിനുള്ളിൽ വിത്തിടൽ വേഗത്തിലാക്കാൻ കഴിയുമെന്ന് ഒലം അഗ്രി ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രി ഹെഡ് നിതിൻ ഗുപ്ത ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജൂലൈ ആദ്യപകുതിയിൽ മതിയായ മഴ ലഭിച്ചില്ലെങ്കിൽ നിലവിൽ വിതച്ച വിസ്തൃതി മാത്രമല്ല, വിളവെടുപ്പും കുറയാൻ സാധ്യതയുണ്ടെന്ന് മുംബൈയിലെ ഒരു അന്താരാഷ്ട്ര കാർഷിക വ്യാപാര സ്ഥാപനത്തിലെ ഡീലർ മുന്നറിയിപ്പ് നൽകുന്നു.
ഭക്ഷ്യവിലകളിൽ പ്രത്യാഘാതമുണ്ടാകാനുള്ള സാധ്യത ഇപ്പോൾ കുറവാണെന്നതും ആശ്വാസകരമാണ്. കാരണം സർക്കാർ ഗോഡൗണുകളിലെ അരി ഉയർന്ന ശേഖരം നിലവിൽ ഉണ്ട്. ജൂൺ ആദ്യത്തിൽ സർക്കാർ ശേഖരത്തിലുള്ള അരിയുടെ അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്ത് അരി കയറ്റുമതിയുടെ ഏകദേശം 40 ശതമാനം ഇന്ത്യയിൽ നിന്നാണ്. അതോടൊപ്പം പാം ഓയിൽ, സോയാബീൻ ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരും ഇന്ത്യയാണ്. അതിനാൽ ജൂലൈയിൽ മൺസൂൺ എങ്ങനെ മുന്നേറുന്നു എന്നതും ഖരീഫ് കൃഷി എത്രത്തോളം മെച്ചപ്പെടുന്നു എന്നതും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷക്കും ആഗോള കാർഷിക വിപണിയുടെ സ്ഥിരതക്കും നിർണായകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

