മൺസൂൺ സജീവമാകുന്നു: ഇന്ത്യയുടെ ഭൂരിഭാഗവും മേഘാവൃതം
text_fieldsന്യൂഡൽഹി: രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ സജീവമായിരിക്കുകയാണെന്ന് റിപ്പോർട്ട്. ഐ.എസ്.ആർ.ഒയുടെ കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഇന്ത്യയുടെ വിശാലമായ ഭൂപ്രദേശം കനത്ത മൺസൂൺ മേഘങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്ന ആകാശക്കാഴ്ചയാണ് ദൃശ്യമായത്. ഞായറാഴ്ച രാവിലെ പകർത്തിയ ദൃശ്യ, ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ 60 മുതൽ 70 ശതമാനം വരെ ഭൂപ്രദേശം മേഘാവൃതമായിരുന്നുവെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്.
ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം ജമ്മു-കശ്മീർ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ഏറ്റവും കനത്ത മേഘാവരണം രേഖപ്പെടുത്തിയത്. അതേസമയം അറബിക്കടലിൽ നിന്ന് ഈർപ്പം നിറഞ്ഞ കാറ്റ് ശക്തമായി വീശുന്നതിനാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും നീണ്ട മേഘനിരകൾ വ്യാപിച്ചുകിടക്കുന്നതായി ചിത്രങ്ങളിൽ കാണാം.
മറുവശത്ത് പശ്ചിമ രാജസ്ഥാന്റെയും തമിഴ്നാട്ടിലെ ചില പ്രദേശങ്ങളുടെയും ആകാശം താരതമ്യേന തെളിഞ്ഞ നിലയിലാണ്. ഭൂമധ്യരേഖക്ക് മുകളിൽ ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലുളള ഇൻസാറ്റ്-3 ഡി.ആർ ഉപഗ്രഹം ഓരോ അരമണിക്കൂറിലും ഇന്ത്യയുടെ ചിത്രങ്ങൾ പകർത്തുന്നുണ്ട്. രാജ്യത്തിന്റെ വലിയൊരു ഭാഗം മേഘാവൃതമാണെങ്കിലും എല്ലായിടത്തും കനത്ത മഴ ലഭിക്കുമെന്നതിന്റെ സൂചനയല്ലെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉയരത്തിലുള്ള നേർത്ത സിറസ് മേഘങ്ങളും സാധാരണ മൺസൂൺ മേഘങ്ങളും ചെറിയ ചാറ്റൽമഴയോ മൂടിക്കെട്ടിയ കാലാവസ്ഥയോ മാത്രമേ സൃഷ്ടിക്കാറുള്ളൂ. കനത്ത മഴ ലഭിക്കുന്നത് ഉയരത്തിൽ വളരുന്ന ശക്തമായ ഇടിമിന്നൽ മേഘങ്ങൾ രൂപപ്പെടുന്ന ചെറിയ പ്രദേശങ്ങളിലാണ്. ഒരു സമയത്ത് രാജ്യത്തിന്റെ പത്ത് ശതമാനത്തിൽ താഴെ പ്രദേശങ്ങളിലാണ് ഇത്തരം ശക്തമായ മഴ അനുഭവപ്പെടുന്നത്.
വടക്കേ ഇന്ത്യയിൽ മൺസൂൺ ട്രഫ് സജീവമായിരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

