Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി സംരക്ഷണം പറയുന്നവർ ആണവ പദ്ധതികൾ തടയാൻ കോടതിയിൽ പോകുന്നു: വിമർശകർക്കെതിരെ മോദി

text_fields
bookmark_border
പരിസ്ഥിതി സംരക്ഷണം പറയുന്നവർ ആണവ പദ്ധതികൾ തടയാൻ കോടതിയിൽ പോകുന്നു: വിമർശകർക്കെതിരെ  മോദി
cancel

ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വലിയ പ്രഭാഷണങ്ങൾ നടത്തുന്നവരാണ് ആണവോർജ പദ്ധതികൾ തടയാൻ കോടതികളെ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി-കാലാവസ്ഥ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം വിമർശകരെ ലക്ഷ്യമിട്ട് പരാമർശം നടത്തിയത്.

രാജ്യം പുതുക്കിയെടുക്കാവുന്ന ഊർജശേഷി വർധിപ്പിക്കുന്നതോടൊപ്പം ആണവോർജ ഉൽപ്പാദനവും അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു. ആണവോർജ മേഖലയിലേക്ക് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

“ആണവോർജ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമ്പോൾ പരിസ്ഥിതിയെക്കുറിച്ച് ഏറ്റവും കൂടുതൽ സംസാരിക്കുന്നവരാണ് അവ തടയാൻ കോടതികളെ സമീപിക്കുന്നത്. ശുദ്ധ ഊർജ പരിഹാരങ്ങൾക്കെതിരായ ഇത്തരം സമീപനം ശരിയല്ല,” മോദി പറഞ്ഞു.

2033ഓടെ കുറഞ്ഞത് അഞ്ച് ചെറുകിട മോഡുലാർ റിയാക്ടറുകൾ പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. നിലവിൽ 8.8 ഗിഗാവാട്ട് മാത്രമുള്ള രാജ്യത്തിന്റെ ആണവോർജ ശേഷി 2047ഓടെ 100 ഗിഗാവാട്ടായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 19.28 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമായി വരുമെന്നാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ 2025-ലെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയുടെ കാറ്റാടിവൈദ്യുതി ശേഷി മൂന്നിരട്ടിയായി വർധിച്ചുവെന്നും ജലവൈദ്യുത മേഖലയിലും ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുദ്ധ ഗതാഗതം, ഹരിത ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലും രാജ്യം വേഗത്തിൽ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത രാജ്യങ്ങളിലെ പ്രതിശീർഷ കാർബൺ പുറന്തള്ളൽ ഇന്ത്യയുടേതിനെക്കാൾ ആറിരട്ടിയാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, ഇന്ത്യയുടെ പ്രതിശീർഷ കാർബൺ പുറന്തള്ളൽ ഇന്നും ആഗോള ശരാശരിയുടെ പകുതിയിലും താഴെയാണെന്ന് പറഞ്ഞു. ഈ വസ്തുത ഇന്ത്യ ആഗോള വേദികളിൽ ശക്തമായി ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ അടുത്തിടെ സർവfസ് ആരംഭിച്ചതായും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈഡ്രജൻ ട്രെയിനാണിതെന്നും മോദി പറഞ്ഞു. 2014-ന് മുമ്പ് വർഷംതോറും 3,000 ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് രാജ്യത്ത് വിറ്റിരുന്നതെങ്കിൽ കഴിഞ്ഞ വർഷം ഏകദേശം 25 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചതായും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ടാഗ് സംവിധാനത്തിന്റെ വ്യാപക ഉപയോഗം ടോൾപ്ലാസകളിലെ കാത്തിരിപ്പുസമയവും ഇന്ധന നഷ്ടവും കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Those who talk about environmental protection go to court to block nuclear projects: Modi targets critics
Next Story