
പോളച്ചിറയിൽ ദേശാടനപ്പക്ഷികൾ വരവായി
text_fieldsചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ പോളച്ചിറ പാടശേഖരങ്ങളിൽ ദേശാടനപ്പക്ഷികളുടെ വരവായി. കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങി. 20ഓളം ഇനം പക്ഷികളാണ് ഇവിടെ മുറ തെറ്റാതെ എത്തുന്നത്. മുമ്പ് നൂറു കണക്കിന് ഇനങ്ങൾ എത്തിയിരുന്ന സ്ഥലമാണിത്. 2010 മുതൽ 2021 വരെ ആയിരത്തിലധികം നിരീക്ഷണം നടത്തിയപ്പോഴാണ് നൂറോളം പക്ഷി ഇനങ്ങളെ കണ്ടെത്തിയത്.
തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ടുള്ള നാട്ടുപക്ഷികളെ കൂടാതെ, നൂറോളം വർഗത്തിൽപ്പെട്ട പതിനായിരത്തിലധികം ദേശാടനപ്പക്ഷികൾ ഓരോ വർഷവും പോളച്ചിറയിൽ എത്താറുണ്ട്. ഇത്തവണ വർണക്കൊക്ക്, ചെറിയ രാജഹംസം എന്നിവ എത്തി. പോളച്ചിറ പാടശേഖരങ്ങളിൽ മത്സ്യകൃഷി കഴിയുമ്പോൾ പാടങ്ങളിലെ വെള്ളം വറ്റിക്കും. വള്ളം വറ്റിത്തുടങ്ങുമ്പോൾ ചെറുമീനുകൾ ഇവിടെ ഉണ്ടാകും. ഇതിനെ കൊത്തിത്തിന്നാൻവേണ്ടി പക്ഷികളെല്ലാം പാടശേഖരങ്ങളിൽ അണിനിരക്കുന്നതു മനോഹര കാഴ്ചയാണ്.
പോളച്ചിറയിൽ പക്ഷി നിരീക്ഷകർ നടത്തിയ പക്ഷി നിരീക്ഷണത്തിലാണ് അപൂർവ ഇനത്തിൽപെട്ട ദേശാടന പക്ഷികളെ ജില്ലയില്‍ ആദ്യമായി കണ്ടെത്തിയത്. കഴുത്ത് പിരിയൻ കിളി (യൂറേഷ്യൻ റൈനക്ക്), പുൽപ്പരുന്ത് (കോമൺ ബസാർഡ്), വലിയ പുള്ളിപ്പരുന്ത് (ഗ്രേറ്റർ സ്പോട്ട് ഈഗിൽ), പാടക്കുരുവി (പാടി ഫീൽഡ് വാർബ്ലർ), ചെമ്പൻ ചങ്ങാലി പ്രാവ് (റെഡ് കളേഡ് ഡവ്), തങ്കത്താറാവ് (റൂഡി ഷെൽ ഡെക്ക്), ഹിമാലയൻ ശരപ്പക്ഷി (ബ്ലിറ്റ്സ് സ്വിഫ്റ്റ്), മഞ്ഞ ഇലക്കുരുവി (ടിക്കൽ ലീഫ് വാർബ്ലർ) എന്നീ ദേശാടനപ്പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയത്.