ഹിമാനികൾ ഉരുകുന്നത് അഗ്നിപർവ്വത സ്ഫോടനങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനം
text_fieldsകാലാവസ്ഥവ്യതിയാനം മൂലം അഗ്നിപർവ്വത സ്ഫോടനങ്ങൾ വർധിക്കുമെന്ന് റിപ്പോർട്ട്. ഹിമാനികളും മഞ്ഞുപാളികളും ഉരുകുന്നത് ഭൂഗർഭ മാഗ്മകളിലെ സമ്മർദം കുറക്കുന്നു. ഇത് അഗ്നിപർവ്വത സ്ഫോടനങ്ങൾക്ക് കാരണമാകുന്നു. മഞ്ഞുപാളികളുടെ നഷ്ടം ഭൂഗർഭ മാഗ്മ അറകളിലെ മർദം കുറക്കുകയും അത് ശക്തമായ അഗ്നിപർവ്വത സ്ഫോടനത്തിനുള്ള സാധ്യതയുള്ളതിനാൽ ഇതിനെ ഗൗരവമായി എടുക്കേണ്ടതാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്കുന്നു.
ഐസ്‌ലാൻഡിൽ ഈ പ്രക്രിയ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഹിമയുഗം അവസാനിച്ചതിനുശേഷം മുൻകാലങ്ങളിൽ ഒരു ഭൂഖണ്ഡത്തിൽ അഗ്നിപർവ്വത സ്ഫോടനങ്ങളിൽ വർധനവ് കാണിക്കുന്ന പഠനങ്ങളിൽ ഒന്നാണ് ചിലിയിലെ ഗവേഷണം. ഹിമയുഗത്തിനുശേഷം ഭൂഖണ്ഡത്തിൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ വർധിച്ചതായി പഠനങ്ങൾ കാണിക്കുന്നു.
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആഗോളതാപനം ഇപ്പോൾ ലോകമെമ്പാടുമുള്ള മഞ്ഞുപാളികളും ഹിമാനികളും ഉരുകുന്നതിന് കാരണമാകുന്നു. അഗ്നിപർവ്വത സ്ഫോടനങ്ങളുടെ പുനരുജ്ജീവനത്തിന്റെ ഏറ്റവും വലിയ അപകടസാധ്യത പടിഞ്ഞാറൻ അന്റാർട്ടിക്കയിലാണെന്ന് ഗവേഷകർ ചൂണ്ടികാട്ടി. അവിടെ കുറഞ്ഞത് 100 അഗ്നിപർവ്വതങ്ങളെങ്കിലും കട്ടിയുള്ള മഞ്ഞുപാളികൾക്കടിയിൽ കിടക്കുന്നു. ലോകം ചൂടാകുമ്പോൾ ഈ മഞ്ഞ് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
2025-ൽ പ്രാഗിൽ നടന്ന അന്താരാഷ്ട്ര ജിയോകെമിസ്ട്രി പരിപാടിയായ ഗോൾഡ്‌ഷ്മിഡ് കോൺഫറൻസിലാണ് ഗവേഷണം അവതരിപ്പിച്ചത്. തുടർച്ചയായ സ്ഫോടനങ്ങൾ കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ എന്നിവയുൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളെ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നു. ഇത് ഗ്രഹത്തെ കൂടുതൽ ചൂടാക്കുന്നു. അതിൽ ഉയരുന്ന താപനില ഐസ് ഉരുകുകയും ഇത് കൂടുതൽ സ്ഫോടനങ്ങൾക്കും ആഗോള താപനത്തിനും കാരണമാകുന്നു.
'ഹിമാനികൾ അവക്ക് താഴെയുള്ള അഗ്നിപർവ്വതങ്ങളിൽ നിന്നുണ്ടാവുന്ന സ്ഫോടനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നു എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാനികൾ ഉരുകുമ്പോൾ ഈ അഗ്നിപർവ്വതങ്ങൾ കൂടുതൽ ഇടക്കിടെ പൊട്ടിത്തെറിക്കുമെന്ന് ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു'. ഗവേഷണത്തിന് നേതൃത്വം നൽകിയ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ പാബ്ലോ മൊറീനോ-യേഗർ പറഞ്ഞു.
മോച്ചോ-ചോഷുവെൻകോ എന്ന അഗ്നിപർവ്വതത്തിൽ നടത്തിയ പഠനത്തിൽ അവസാന ഹിമയുഗത്തിന് മുമ്പും അതിനു ശേഷവും 1,500 മീറ്റർ കട്ടിയുള്ള പാറ്റഗോണിയൻ ഹിമപാളി ആ പ്രദേശത്തെ മൂടിയിരുന്ന അഗ്നിപർവ്വത പാറകളുടെ പ്രായം കണക്കാക്കാൻ റേഡിയോ ഐസോടോപ്പ് ഡേറ്റിങ് ഉപയോഗിക്കുകയും പാറകളിലെ ധാതുക്കളുടെ വിശകലനത്തിൽ പാറകൾ രൂപപ്പെട്ടതിന്റെ ആഴവും താപനിലയും കണ്ടെത്തി.
ഹിമാനികൾ അഗ്നിപർവ്വത പ്രവർത്തനങ്ങളെ സാരമായി സ്വാധീനിക്കുന്നുവെന്ന് മുൻകാല സ്ഫോടനങ്ങളിൽ നടത്തിയ പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തി. കഴിഞ്ഞ ഹിമയുഗത്തിൽ ഭൂമിയുടെ പുറംതോടിൽ കട്ടിയുള്ള ഹിമപാളികൾ നിലനിന്നിരുന്നതിനാൽ അഗ്നിപർവ്വത സ്ഫോടനങ്ങളെ പ്രതിരോധിക്കുന്നു. ഈ മർദ്ദം മാഗ്മ റിസർവോയറുകൾ ഭൂമിക്കടിയിൽ ആഴത്തിൽ അടിഞ്ഞുകൂടാൻ സഹായിച്ചു. എന്നാൽ ഹിമാനികൾ ഉരുകാൻ തുടങ്ങിയപ്പോൾ മർദ്ദം കുറയുന്നത് മാഗ്മയിലെ വാതകങ്ങൾ വികസിക്കാൻ തുടങ്ങുകയും ഇത് കൂടുതൽ സ്ഫോടനങ്ങൾക്ക് കാരണമാവുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം കാരണം ആധുനിക ഹിമാനികൾ ഉരുകുമ്പോൾ സമാനമായ ഒരു പ്രക്രിയ ഇന്നും സംഭവിക്കാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
'ഈ പ്രതിഭാസം ഐസ്‌ലാൻഡിൽ മാത്രമല്ല അന്റാർട്ടിക്കയിലും സംഭവിക്കും. അവിടെ അഗ്നിപർവ്വത സ്ഫോടനങ്ങളുടെ വർധനവ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വടക്കേ അമേരിക്ക, ന്യൂസിലാൻഡ്, റഷ്യ തുടങ്ങിയ മറ്റ് ഭൂഖണ്ഡ പ്രദേശങ്ങളുംശ്രദ്ധ ആവശ്യമാണ്'. മിസ്റ്റർ യേഗർ പറഞ്ഞു. വർധിച്ചുവരുന്ന അഗ്നിപർവ്വത സ്ഫോടനങ്ങൾ ആഗോള കാലാവസ്ഥയെ ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

