Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

6,000 വർഷത്തെ കാലാവസ്ഥാ ചരിത്രം; മൺസൂൺ രഹസ്യങ്ങളുമായി മേഘാലയയിലെ ഗുഹ

text_fields
bookmark_border
news
cancel

ഷില്ലോങ്: ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള കാലാവസ്ഥാ മാറ്റങ്ങളുടെ ചരിത്രം ഒളിപ്പിച്ചുവെച്ച് മേഘാലയയിലെ മൗസ്മായി ഗുഹ. ഗുഹക്കുള്ളിൽനിന്ന് ശേഖരിച്ച സ്റ്റാലഗ്മൈറ്റിൽ (ഗുഹയുടെ മേൽക്കൂരയിൽനിന്ന് വീഴുന്ന ജലത്തുള്ളികളിലെ ധാതുക്കൾ അടിഞ്ഞുകൂടി തറയിൽ രൂപപ്പെടുന്ന ശിലാരൂപം) നിന്ന് വടക്കുകിഴക്കൻ ഇന്ത്യയിലെ മൺസൂൺ മഴയുടെ തീവ്രതയിൽ ദീർഘകാലമായി ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്.

ഇന്ത്യൻ വേനൽക്കാല മൺസൂണിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് പഠനം. 11,807 മുതൽ 5,622 വർഷം മുമ്പുവരെയുള്ള കാലയളവിലെ മൺസൂൺ വ്യതിയാനങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'പാലിയോഗ്രഫി, പാലിയോക്ലൈമറ്റോളജി, പാലിയോ ഇക്കോളജി'യിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

അവസാന ഹിമയുഗത്തിനുശേഷം ഏകദേശം 11,700 വർഷം മുമ്പ് ആരംഭിച്ച നിലവിലെ ഭൂമിശാസ്ത്ര കാലഘട്ടമാണ് ഹോളോസീൻ. ഈ കാലഘട്ടത്തിന്റെ ആദ്യഘട്ടത്തിൽ മൺസൂൺ ശക്തമായിരുന്നുവെന്നും മധ്യ ഹോളോസീൻ കാലഘട്ടത്തിലേക്ക് കടന്നതോടെ ക്രമേണ ദുർബലമായെന്നും പഠനം വ്യക്തമാക്കുന്നു.

'വടക്കുകിഴക്കൻ ഇന്ത്യയിലെ ഹോളോസീൻ മൺസൂൺ വ്യതിയാനങ്ങൾ തിരിച്ചറിയൽ' എന്ന പേരിലാണ് ഗവേഷണം നടത്തിയത്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ഷില്ലോങ്ങിൽനിന്ന് ഏകദേശം 60 കിലോമീറ്റർ തെക്കുള്ള മൗസ്മായി ഗുഹയിൽനിന്ന് ശേഖരിച്ച സ്റ്റാലഗ്മൈറ്റാണ് പഠനത്തിന് അടിസ്ഥാനമായത്.

സ്റ്റാലഗ്മൈറ്റിലെ സ്ഥിരതയുള്ള ഓക്സിജൻ ഐസോടോപ്പുകളുടെ ഘടനയും അതിന്റെ ശിലാപരവും ധാതുഘടനാപരവുമായ സവിശേഷതകളും ഗവേഷകർ വിശദമായി പരിശോധിച്ചു. മുൻകാലങ്ങളിലെ മഴയുടെ അളവും മൺസൂൺ സാഹചര്യങ്ങളും പുനർനിർമിക്കാനായിരുന്നു ഈ വിശകലനം.

ഏകദേശം 11,807 മുതൽ 7,700 വർഷം മുമ്പുവരെയുള്ള കാലയളവിൽ ഇന്ത്യൻ വേനൽക്കാല മൺസൂൺ പ്രത്യേകിച്ച് ശക്തമായിരുന്നുവെന്നാണ് കണ്ടെത്തൽ. സ്റ്റാലഗ്മൈറ്റിൽ രേഖപ്പെടുത്തിയ കുറഞ്ഞ ഓക്സിജൻ ഐസോടോപ്പ് മൂല്യങ്ങൾ ശക്തമായ മൺസൂൺ പ്രവർത്തനത്തിന്റെ സൂചനയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു

നൂറ്റാണ്ടുകളുടെ ഇടവേളകളിലും മൺസൂൺ തീവ്രതയിൽ വ്യതിയാനങ്ങൾ ഉണ്ടായിരുന്നതായി പഠനത്തിൽ വ്യക്തമായി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്തുള്ള കാലാവസ്ഥാ മാറ്റങ്ങളും വടക്കുകിഴക്കൻ ഇന്ത്യയിലെ മഴയുടെ രീതികളെ സ്വാധീനിച്ചിരുന്നുവെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു.

ഏകദേശം 118 വർഷവും 110 വർഷവും ഇടവേളകളിൽ ആവർത്തിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ സൂചനകളും സ്റ്റാലഗ്മൈറ്റ് രേഖയിൽ ഗവേഷകർ കണ്ടെത്തി. 11 സെന്റിമീറ്റർ നീളമുള്ള സ്റ്റാലഗ്മൈറ്റ് സാമ്പിളാണ് പഠനത്തിനായി ശേഖരിച്ചത്. മൗസ്മായിഗുഹക്കുള്ളിൽ ഏകദേശം 300 മീറ്റർ അകലെയുള്ള ഒരു അറയിൽനിന്നാണ് ഇത് ലഭിച്ചത്. ഇവിടെ ആപേക്ഷിക ആർദ്രത 95 ശതമാനത്തിലധികമായിരുന്നു.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള മഴയുടെ രീതികളും മൺസൂൺ വ്യതിയാനങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ. ആഗോള കാലാവസ്ഥാ സംവിധാനങ്ങളും സൂര്യനിലുണ്ടാകുന്ന വ്യതിയാനങ്ങളും മൺസൂണിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിനെക്കുറിച്ചുള്ള തുടർപഠനങ്ങൾക്കും ഇത് വഴിയൊരുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6,000 years of climate history: Meghalaya caves hold monsoon secrets
Next Story