ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ കപ്പൽ ഹോൺ മുഴക്കി ഉണർത്തി; അഞ്ച് ലക്ഷം രൂപ പിഴ
text_fieldsഓസ്ലോ: ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ കപ്പലിന്റെ ഹോൺ മുഴക്കി ഉണർത്തിയതിന് ബോട്ട് ജീവനക്കാരന് 50,000 നോർവീജിയൻ ക്രോൺ പിഴ. ഏകദേശം 4.5 മുതൽ അഞ്ച് ലക്ഷം രൂപ വരെ വരുന്ന തുകയാണ് പിഴയായി ചുമത്തിയത്. നോർവേയുടെ ആർട്ടിക് മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിന് സമീപമാണ് സംഭവം.
സ്വാൽബാർഡിലെ ഒരു ഫ്യോർഡിലൂടെ കപ്പൽ സഞ്ചരിക്കുമ്പോഴാണ് തീരത്ത് ഒരു ധ്രുവക്കരടി ഉറങ്ങിക്കിടക്കുന്നത് കപ്പലിലുണ്ടായിരുന്നവർ കണ്ടത്. കരടി എഴുന്നേറ്റ് നീങ്ങുന്നത് കാണണമെന്ന ഉദ്ദേശ്യത്തിൽ ഒരാൾ കപ്പലിന്റെ ഫോഗ് ഹോൺ മുഴക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഞെട്ടിയ കരടി ഉറക്കമുണർന്ന് മറ്റൊരു സ്ഥലത്തേക്ക് ഓടിപ്പോയി.
സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സ്വാൽബാർഡ് ഗവർണർ ലാർസ് ഫൗസിന്റെ നേതൃത്വത്തിൽ നടപടിയെടുക്കുകയായിരുന്നു. വന്യജീവികളെ അനാവശ്യമായി ശല്യപ്പെടുത്തുന്നത് സ്വാൽബാർഡ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ധ്രുവക്കരടികളെ പിന്തുടരുകയോ ആകർഷിക്കുകയോ അവയുടെ സ്വാഭാവിക പെരുമാറ്റത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതും നിയമം വിലക്കുന്നു.
സ്വാൽബാർഡിൽ ധ്രുവക്കരടികൾക്ക് പ്രത്യേക സംരക്ഷണം ലഭിക്കുന്നുണ്ട്. 1972 മുതൽ ഇവ സംരക്ഷിത ജീവികളാണ്. കടുത്ത കാലാവസ്ഥയുള്ള ആർട്ടിക് മേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ മനുഷ്യരുടെ ഇടപെടൽ പരമാവധി കുറക്കുന്നതിനാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ കുറ്റം ചെയ്ത വ്യക്തി നിയമലംഘനം അംഗീകരിക്കുകയും പിഴ അടക്കാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ അധികൃതർ ഇയാളുടെ പേരോ പൗരത്വമോ പുറത്തുവിട്ടിട്ടില്ല. ധ്രുവക്കരടികളെ കാണാൻ എത്തുന്ന വിനോദസഞ്ചാരികളും പര്യവേക്ഷണ സംഘങ്ങളും വന്യജീവികളിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്ന് സ്വാൽബാർഡ് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
വന്യജീവികളെ അടുത്തുനിന്ന് കാണാനോ അവയുടെ പ്രതികരണം പരിശോധിക്കാനോ വേണ്ടി ശബ്ദമുണ്ടാക്കുകയോ അവയെ പിന്തുടരുകയോ ചെയ്യുന്നത് അവയുടെ സ്വാഭാവിക പെരുമാറ്റത്തെ ബാധിക്കുന്നതിനൊപ്പം നിയമനടപടിക്കും കാരണമാകും. 2024ലും ഒരു വാൽറസിന്റെ അടുത്തേക്ക് അനധികൃതമായി ചെന്ന വിനോദസഞ്ചാരിക്ക് 11,500 നോർവീജിയൻ ക്രോണിന്റെ പിഴ ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

