കാട്ടുതീയും കാലാവസ്ഥാ വ്യതിയാനവും തമ്മിലെന്ത്?
text_fieldsലോസ് ആഞ്ചലസ് തീപിടുത്തം ആഗോള താപനിലയുടെ പങ്കിനെക്കുറിച്ചുള്ള കൂടുതൽ ഗൗരവതരമായ ആശങ്കകൾ ഉയർത്തിയിരിക്കുന്നു. എല്ലാ കാട്ടുതീകളെയും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കാൻ കഴിയില്ല. എന്നാൽ, തീവ്ര കാലാവസ്ഥാ സംഭവങ്ങളെ വിശകലനം ചെയ്യുന്ന ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ‘വേൾഡ് വെതർ ആട്രിബ്യൂഷനി’ൽ നിന്നുള്ള പഠനങ്ങൾ, ഭൂമിയുടെ ചൂടും സമീപകാലത്തെ ചില പ്രധാന തീപിടുത്തങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനം വിനാശകരമായ തീപിടിത്തങ്ങൾക്ക് ആക്കം കൂട്ടുന്ന സാഹചര്യങ്ങളുടെ സാധ്യതയെ ഇരട്ടിയിലധികം വർധിപ്പിച്ചതായി ഗവേഷണത്തിൽ കണ്ടെത്തി.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട തീപിടുത്തങ്ങൾ
ബ്രസീലിലെ പന്തനാൽ തണ്ണീർത്തടങ്ങളിൽ കഴിഞ്ഞ ജൂണിൽ വിനാശകരമായ കാട്ടുതീ പടർന്നു. പ്രദേശത്തിന്റെ സാധാരണ തീപിടിത്ത സീസണിന് പുറത്തായിരുന്നു അത്. ഒരു മാസത്തിനുള്ളിൽ ഏകദേശം 440,000 ഹെക്ടർ ഭൂമി നശിച്ചു. ആഗോള താപനിലയും 2023ലെ വസന്തത്തിന്റെ അവസാനത്തിൽ കിഴക്കൻ കാനഡയിൽ പടർന്ന കാട്ടുതീയും തമ്മിലും ബന്ധം അവർ കണ്ടെത്തി. ആ തീപിടിത്തം വലിയ ഭൂപ്രദേശങ്ങൾ നശിപ്പിച്ചു. ലോകമെമ്പാടുമുള്ള വനങ്ങളുടെ നാലിലൊന്ന് ഭാഗവും അവിടെയാണ്.
യൂറോപ്യൻ യൂനിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സർവിസ് 2024 ഔദ്യോഗികമായി രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ വർഷമാണെന്ന് സ്ഥിരീകരിച്ചിരുന്നു. കാലിഫോർണിയയിൽ കാട്ടുതീ സ്ഥിരം സംഭവമാണെങ്കിലും സമീപ ദശകങ്ങളിൽ വേനൽക്കാലത്തും ശരത്കാലത്തും സംസ്ഥാനത്ത് കത്തുന്ന പ്രദേശങ്ങളിൽ 172ശതമാനം വർധന ഉണ്ടാക്കിയതായി കഴിഞ്ഞ വർഷത്തെ ഒരു വിശകലനം പറയുന്നു. മൊത്തത്തിൽ, ലോകത്തിന്റെ പല പ്രദേശങ്ങളിലും കാട്ടുതീ കൂടുതൽ വ്യാപകമാവുകയാണ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ എണ്ണം ഇരട്ടിയായി. അവയാകട്ടെ കൂടുതൽ തീവ്രവുമാണ്.
രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതിനേക്കാൾ ഇരട്ടി മരങ്ങൾ ഇപ്പോഴത്തെ തീയിൽ നഷ്‌ടപ്പെട്ടതായി ഒരു പഠനം കാണിക്കുന്നു. കാനഡയും റഷ്യയും പോലുള്ള വലിയ ‘ബോറിയൽ’ വനങ്ങളുള്ള രാജ്യങ്ങളിൽ 2001നും 2023നും ഇടയിൽ 70ശതമാനവും തീപിടിത്തത്തിൽ നശിച്ചു.
കാരണങ്ങൾ
കാലാവസ്ഥാ വ്യതിയാനം മൂലമല്ല സാധാരണ നിലയിൽ കാട്ടുതീ ഉണ്ടാകുന്നത്, മിക്കതും മനുഷ്യന്റെ പ്രവർത്തനം മൂലമാണ്. എന്നാൽ, അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകം പുറന്തള്ളുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ആഗോള താപനില ഉയരുന്നതിനും കടുത്ത ചൂടിന്റെ സാധ്യതയും തീവ്രതയും വർധിപ്പിക്കുന്നതിനും കാരണമാവുന്നു. ചൂടുള്ള ഒരു ഗ്രഹത്തിന് അഗ്നിയെ കൂടുതൽ വഷളാക്കാൻ കഴിയും. തീജ്വാലകൾ പടരുന്നതിന് അനുയോജ്യമായ ചൂടുള്ളതും വരണ്ടതുമായ കാറ്റിന്റെ അടിത്തറ അവ സ്ഥാപിക്കുന്നു.
കുറഞ്ഞ മണ്ണിലെ ഈർപ്പം മൂലമുണ്ടാകുന്ന വരൾച്ച, താഴ്ന്ന ഭൂഗർഭജലമോ നദിയുടെ തോതു മൂലമോ ഉണ്ടാകുന്നതിനേക്കാൾ കാലാവസ്ഥാ വ്യതിയാനവുമായി കൂടുതൽ വ്യക്തമായ ബന്ധങ്ങൾ കാണിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പടിഞ്ഞാറൻ വടക്കേ അമേരിക്ക, മെഡിറ്ററേനിയൻ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, വടക്കുകിഴക്കൻ തെക്കേ അമേരിക്ക എന്നിവ ഈ തരത്തിലുള്ള വരൾച്ചക്ക് കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളാണ്.
ലോസ് ആഞ്ചൽസിലെ തീപിടിത്തത്തിന്റെ കാര്യത്തിൽ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് വളരെ ഈർപ്പമുള്ളതും വരണ്ടതുമായ കാലാവസ്ഥക്കിടയിലുള്ള ദ്രുതഗതിയിലുള്ള മാറ്റങ്ങളിലേക്കാണ്.
മുന്നറിയിപ്പുകളുടെ അനിവാര്യത
യു.എസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച്, പുതു വർഷം മുതൽ ലോസ് ആഞ്ചൽസ് 2012-2024 കാലയളവിലെ ശരാശരി ഫയർ അലർട്ടുകളുടെ 40 മടങ്ങിന് സാക്ഷ്യം വഹിച്ചുവെന്നാണ്. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾക്കായി കൂടുതൽ ധനസഹായം ആവശ്യമുണ്ട്. വനപരിപാലനത്തെക്കുറിച്ചുള്ള കൂടുതൽ മാർഗ നിർദേശങ്ങളും പൊതുജന ബോധവൽക്കരണവും ആവശ്യമാണ്. മിക്ക തീപിടിത്തങ്ങളും മനുഷ്യ പ്രവർത്തനങ്ങളിലൂടെയാണ് ആരംഭിക്കുന്നതെന്ന് യൂറോപ്യൻ പരിസ്ഥിതി ഏജൻസിയിലെ കാലാവസ്ഥാ അപകടസാധ്യത വിലയിരുത്തുന്നതിൽ വിദഗ്ധയായ ജൂലി ബെർക്ക്മാൻസ് പറഞ്ഞു.
എങ്ങനെയൊക്കെ തടയാം
തീപിടിത്തം തടയുന്നതിന് കൂടുതൽ വിഭവങ്ങൾ ഉപയോഗിക്കണമെന്ന് വിദഗ്ധർ വാദിക്കുന്നു. ഏക വിളകളിൽ നിന്നുള്ള മാറ്റത്തിലൂടെ വനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുക, മരങ്ങൾ തമ്മിൽ അകലം പാലിക്കുക, അടിക്കാടുകളിലെ സസ്യങ്ങൾ കുറക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൗരന്മാർക്കിടയിൽ മുൻകരുതൽ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതും പ്രധാനമാണെന്ന് യൂറോപ്യൻ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന വിദഗ്ധനായ അലക്സാണ്ടർ ഹെൽഡ് കഴിഞ്ഞ വർഷം പറഞ്ഞു.
പൂന്തോട്ടങ്ങളിൽ തീപിടിക്കുന്ന സസ്യങ്ങൾ ഒഴിവാക്കുക, കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നിവ തീപിടുത്തത്തിനുള്ള ‘ഇന്ധനം’ കുറക്കാൻ സഹായിക്കും. ലോകം ആത്യന്തികമായി ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് മറ്റുള്ളവർ വാദിക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും കാട്ടുതീയും തമ്മിലുള്ള ബന്ധം ഉദ്ധരിച്ച്, കഴിഞ്ഞ വർഷം യു.എസ്. ആസ്ഥാനമായുള്ള ശാസ്ത്ര അഭിഭാഷക സംഘടനയായ ‘യൂണിയൻ ഓഫ് കൺസേൺഡ് സയന്റിസ്റ്റ്’ മുൻനിര ഫോസിൽ ഇന്ധന കമ്പനികളുടെ സി.ഇ.ഒമാരോട് അവരുടെ ഉദ്ൽപാദനം കുറക്കാനും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.