മഹാരാഷ്ട്ര ആദിവാസി ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകാനുള്ള നിയമം കൊണ്ടുവരുന്നു; വ്യവസായികൾക്ക് ഗുണം ചെയ്യുമെന്നും ആദിവാസി ചൂഷണത്തിലേക്ക് നയിക്കുമെന്നും കോൺഗ്രസ്
text_fieldsമുംബൈ: സംസ്ഥാനത്തെ ആദിവാസി കർഷകർക്ക് അവരുടെ ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകാൻ കഴിയുംവിധം പുതിയ നിയമം നടപ്പാക്കാനൊരുങ്ങി മഹാരാഷ്രട സർക്കാർ. നിയമം കൊണ്ടുവരുമെന്ന കാര്യം മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് പുറത്തുവിട്ടത്. ഇതുവഴി ആദിവാസികൾക്ക് സ്ഥിരവരുമാനം ഉണ്ടാക്കാൻ കഴിയുമെന്നാണ് വാദം. ഈ പദ്ധതി പ്രകാരം ഒരു സ്വകാര്യ കമ്പനി സോളാർ പാനലുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദിവാസി ഭൂവുടമയുമായി ഒരു കരാറിൽ ഏർപ്പെടാം. അവർക്ക് ഒരു നിശ്ചിത വാർഷിക പേയ്‌മെന്റ് ലഭിക്കും. ഭൂമി തരിശായി കിടന്നാൽ അതിൽനിന്ന് അത്തരം വരുമാനം സാധ്യമാകില്ലെന്നും ബവൻകുലെ പറഞ്ഞു.
എന്നാൽ, സർക്കാറിന്റെ തീരുമാനം വ്യവസായികൾക്ക് ഗുണം ചെയ്യുമെന്നും ആദിവാസികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുമെന്നും കോൺഗ്രസ് ആരോപിച്ചു. നിലവിൽ, സ്വകാര്യ സ്ഥാപനങ്ങളുമായി സ്വതന്ത്രമായി പാട്ടക്കരാറുകളിൽ ഏർപ്പെടാൻ ഗോത്ര കർഷകർക്ക് അനുവാദമില്ല.
സ്വകാര്യ നിക്ഷേപത്തിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നതിനും അവരുടെ കൈവശാവകാശങ്ങളിൽ നിന്ന് അധിക വരുമാനം ഉണ്ടാക്കുന്നതിനുമാണ് നിർദ്ദിഷ്ട മാറ്റം ലക്ഷ്യമിടുന്നതെന്നാണ് സംസ്ഥാന സർക്കാറിന്റെ അവകാശ വാദം. ദീർഘകാലത്തേക്ക് ഭൂമി പാട്ടത്തിന് നൽകിയാലും കരാർ ഉണ്ടാക്കിയ സ്ഥാപനത്തിൽ നിന്ന് ഉടമക്ക് വാർഷിക പേയ്‌മെന്റുകൾ തുടർന്നും ലഭിക്കുന്നതിനാൽ പ്രസ്തുത നിയമം ആദിവാസി ഉടമസ്ഥാവകാശം സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏക്കറിന് പ്രതിവർഷം 50,000 രൂപയോ ഹെക്ടറിന് പ്രതിവർഷം 1,25,000 രൂപയോ ആയിരിക്കും ഏറ്റവും കുറഞ്ഞ പാട്ടക്കരാർ. കർഷകർക്കും സ്വകാര്യ വ്യക്തികൾക്കും പരസ്പരം ഉയർന്ന തുക തീരുമാനിക്കാമെന്നും മന്ത്രി പറയുന്നു.
കരാറുകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ പങ്കാളിത്തം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഒരു ആദിവാസി കർഷകൻ ഒരു വ്യവസായിയുമായുള്ള പങ്കാളിത്തത്തോടെ തന്റെ ഭൂമി വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾക്കിപ്പോൾ ജില്ലാ കലക്ടറെ സമീപിച്ച് അന്തിമ തീരുമാനം എടുക്കാം. നേരത്തെ, അത്തരം നിർദേശങ്ങൾ മുംബൈയിലെ സംസ്ഥാന ഭരണ ആസ്ഥാനമായ മന്ത്രാലയമായിരുന്നു അംഗീകരിക്കേണ്ടിയിരുന്നത്. നിർദിഷ്ട നിയമം തരിശുഭൂമിക്ക് മാത്രമേ ബാധകമാകൂ എന്നും ആദിവാസികളുടെ ഉടമസ്ഥതയിലുള്ള ഫലഭൂയിഷ്ഠമായ ഭൂമിക്ക് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ആദിവാസി ഭൂവുടമകൾക്ക് അവരുടെ ഭൂമി നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് പറഞ്ഞ് ആദിവാസി സമൂഹങ്ങളിൽ നിന്നുള്ള നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും ഈ നീക്കത്തെ എതിർത്തു. അവകാശവാദങ്ങൾ ധാരാളം ഉണ്ടെങ്കിലും സർക്കാറിന്റെ തീരുമാനം വ്യവസായികൾക്ക് ഗുണം ചെയ്യുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവും മുൻ മന്ത്രിയുമായ വിജയ് വഡെറ്റിവാർ ആരോപിച്ചു. നിർദിഷ്ട നിയമം ഉപയോഗിച്ച് ആദിവാസികളെ ചൂഷണം ചെയ്യുന്ന ചില വ്യവസായികളെയും സ്വാധീനമുള്ള ആളുകളെയും മുന്നിൽകണ്ടുള്ളതാണ് ഈ തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.
തീരുമാനം ആദിവാസി താൽപര്യങ്ങൾക്ക് ഹാനികരമാകുമെന്നും അവരെ ഭൂരഹിതരാക്കുമെന്നും പാൽഘറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാജേന്ദ്ര ഗാവിറ്റും പറഞ്ഞു. ‘ഈ നീക്കം സ്വീകാര്യമല്ല. ബവൻകുലെയുടെ പ്രഖ്യാപനത്തിനുശേഷം ഞങ്ങൾ-ആദിവാസി എം.എൽ.എമാരും പാർട്ടിയിലുടനീളമുള്ള എം.പിമാരും ഇത് ചർച്ച ചെയ്യുകയും അതിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഞങ്ങൾ ഉടൻ തന്നെ ഒരു യോഗം ചേരും. ആദിവാസി ഭൂമി കൈമാറ്റം നിയന്ത്രിക്കുന്നതിന് നിലവിൽ നിയമങ്ങൾ ഉണ്ടായിരുന്നിട്ടും ബിസിനസുകാർ, ബിൽഡർമാർ, ശക്തരായ ആളുകൾ എന്നിവർ സർക്കാർ സംവിധാനത്തിനുള്ളിൽ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അത് സ്വന്തമാക്കുന്നുണ്ടെന്ന് പരാതിയുണ്ട്. അത്തരമൊരു നിയമം കൊണ്ടുവന്നാൽ അത് കൂടുതൽ ദുരുപയോഗം ചെയ്യപ്പെടും. ആദിവാസി ഭൂവുടമകൾ ഭൂരഹിതരാവും’- ഗാവിറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

