നാട്ടിടവഴികൾ താണ്ടി ഗാഡ്ഗിലെത്തി,പയ്യന്നൂരിന്റെ വയൽപ്പച്ച കാക്കാൻ
text_fieldsഡോ. മാധവ് ഗാഡ്ഗിൽ കണ്ടങ്കാളി താലോത്ത് വയൽ സന്ദർശിക്കാനെത്തിയപ്പോൾ
പയ്യന്നൂർ: പശ്ചിമഘട്ട മലനിരകൾക്കുവേണ്ടി പോരാടിയ ഹരിത ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ വയൽപ്പച്ചയുടെ നിലനിൽപ്പിന് വേണ്ടിയുള്ള സമരകേന്ദ്രത്തിൽ വരുമോയെന്ന് പലരും ചോദിച്ചു. എന്നാൽ, ചോദ്യങ്ങളെ അപ്രസക്തമാക്കി അദ്ദേഹമെത്തി. ഇടനാടും തീരപ്രദേശവും സംഗമിക്കുന്ന പയ്യന്നൂരിലെ താലോത്ത് വയലിന്റെ ഹരിത സൗന്ദര്യം നിലനിർത്താനുള്ള പോരാട്ട ഭൂമികയിൽ.
2019 സെപ്റ്റംബർ ആറിനാണ് ഗാഡ്ഗിൽ പയ്യന്നൂരിലെത്തിയത്. തെക്കെ ബസാറിൽ സൂചന നിരാഹാര സമരം നടക്കുന്ന ഭൂമി ഏറ്റെടുക്കൽ താഹസിൽദാർ ഓഫിസിന് മുന്നിലെ സമരപ്പന്തലിലെത്തിയ ശേഷമാണ് താലോത്ത് വയൽ സന്ദർശിച്ചത്. വൈകീട്ട് ഗവ. ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുയോഗത്തിലും സംസാരിച്ച ശേഷം തിരിച്ചുപോയി.
പെട്രോളിയം സംഭരണ പദ്ധതിക്കായി നെൽവയൽ ഏറ്റെടുക്കൽ ഭീഷണി നേരിടുന്ന കണ്ടങ്കാളി തലോത്ത് വയൽ അന്ന് ഹരിത കാന്തിയാൽ ധന്യമായിരുന്നു. ഈ പോരാട്ടത്തോട് ഐക്യപ്പെടാനാണ് ഗാഡ്ഗിൽ പയ്യന്നൂരിലെത്തിയത്.
കേന്ദ്രീകൃത പെട്രോളിയം സംഭരണ പദ്ധതിക്കായി പയ്യന്നൂർ കണ്ടകാളിയിൽ 85 ഏക്കർ നെൽവയൽ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കൃഷി സജീവമാക്കി പ്രതിഷേധിക്കുന്നതിനിടെയായിരുന്നു സന്ദർശനം. നെൽപ്പാടം എണ്ണപ്പാടമാക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിന് സന്ദർശനം നൽകിയ ഇന്ധനം ചെറുതല്ല.
നൂറ്റാണ്ടുകളായി കൃഷി ചെയ്തും കന്നുകാലി വളർത്തിയും ജനങ്ങൾ ഉപയോഗിക്കുന്ന നെൽവയൽ പെട്രോളിയം സംഭരണപദ്ധതിക്കായി വിട്ടുനൽകിയതിനെതിരെ മൂന്നു വർഷത്തിലധികമായി ജനകീയ സമരം നടന്നു. എന്നാൽ, പദ്ധതിക്ക് വേണ്ട ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോവുകയായിരുന്നു. 2018 ആഗസ്റ്റിൽ പ്രളയത്തിനു ശേഷം പദ്ധതി സർക്കാർ ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഇറക്കുകയായിരുന്നു.
പെട്രോളിയം ഭാവിയുടെ ഇന്ധനമല്ലെന്നതിനാലും പെട്രോളിയം വ്യവസായങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിനാലും പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം കുറക്കാൻ അന്താരാഷ്ട്ര ധാരണ നിലനിൽക്കുമ്പോഴാണ് കണ്ടങ്കാളിയിൽ കായലിനോട് ചേർന്ന വയൽ നികത്തി പെടോളിയം സംഭരണശാല സ്ഥാപിക്കാൻ നീക്കം നടന്നത്. സമരം ശക്തിപ്പെടുകയും ഗാഡ്ഗിൽ, മേധാ പട്കർ തുടങ്ങിയവർ ഉൾപ്പെടെ പോരാട്ടങ്ങൾക്ക് എത്തിയതോടെ സർക്കാർ പിൻവാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

