Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightപരിസ്ഥിതിയുടെ പ്രവാചകൻ

പരിസ്ഥിതിയുടെ പ്രവാചകൻ

text_fields
bookmark_border
പരിസ്ഥിതിയുടെ പ്രവാചകൻ
cancel
camera_alt

ഗാഡ്ഗിലിന്റെ ആത്മകഥ

വർഷം 2013. മാധവ് ഗാഡ്ഗിൽ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ അന്നൊരു മുന്നറിയിപ്പ് നൽകി. ‘പശ്ചിമഘട്ടം തകർക്കപ്പെട്ടിരിക്കുകയാണ്. ഇനിയും അത് നോക്കിനിന്ന്, നടപടിയെടുക്കാതിരുന്നാൽ കേരളം കാത്തിരിക്കുന്നത് വലിയ വിപത്താകും, ദുരന്തമാകും. അതിന് നിങ്ങൾ കരുതുന്നതുപോലെ ഏറെ വർഷങ്ങളോ യുഗങ്ങളോ ഒന്നും കാത്തിരിക്കേണ്ടിവരില്ല. നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽതന്നെ അത് നമ്മളറിയും. അന്ന് ഞാനും നിങ്ങളും ജീവനോടെതന്നെയിരുന്ന് അത് കാണും. ആരാണ് കള്ളം പറയുന്നതെന്നും ഭയപ്പെടുത്തുന്നതെന്നുമൊക്കെ അന്ന് നിങ്ങൾക്ക് നേരിട്ട് മനസ്സിലാകും.’ ഒരു പരിസ്ഥിതി പ്രവാചകന്റെ വാക്കുകളായിരുന്നു അതെന്ന് കാലം തോന്നിപ്പിച്ച സംഭവങ്ങളാണ് പശ്ചിമഘട്ടവും കേരളവും പിന്നെ കണ്ടത്. പ്രളയങ്ങൾ പലത് വന്നു. ഉരുൾപൊട്ടലുകൾ എത്രയോ ജീവനുകൾ കവർന്നു. പശ്ചിമഘട്ടം ഭീഷണിയുടെ നിഴലിൽ വിറച്ചുനിന്നു, ഇപ്പോഴും അങ്ങനെതന്നെ നിൽക്കുന്നു. മാധവ് ഗാഡ്ഗിൽ എന്ന ആ ‘പരിസ്ഥിതി പ്രവാചകന്റെ’ ശബ്ദം മാഞ്ഞുപോയിരിക്കുന്നു. എന്നാൽ, അദ്ദേഹം കുറിച്ചിട്ട ഓരോ വാക്കും, പറഞ്ഞുവെച്ച ഓരോ പഠനവും നൂറുവട്ടം ആവർത്തിച്ചു പഠിക്കേണ്ടതുണ്ടെന്ന് കാലം തെളിയിക്കുന്നു.

എന്നും പ്രകൃതിക്കൊപ്പം

1942ൽ മഹാരാഷ്ട്രയിലാണ് മാധവ് ഗാഡ്ഗിലിന്റെ ജനനം. കുഞ്ഞുനാൾ മുതൽ പ്രകൃതിയോട് ആഴമുള്ള അടുപ്പവും കൗതുകവും അദ്ദേഹം നിലനിർത്തിപ്പോന്നു. ബിരുദ പഠനത്തിനുശേഷം അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിൽനിന്ന് ജീവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഗാഡ്ഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ദീർഘകാലം പ്രഫസറായി സേവനമനുഷ്ഠിച്ചു. പരിസ്ഥിതി ശാസ്ത്രം, ജൈവവൈവിധ്യം, മനുഷ്യ-പ്രകൃതി ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച ഗാഡ്ഗിലിന്റെ ഓരോ ഗവേഷണവും ലോകശ്രദ്ധ നേടി.

വികസനവും പരിസ്ഥിതിയും രണ്ട് വിരുദ്ധ ധ്രുവങ്ങളല്ലെന്നും, ശാസ്ത്രീയ അറിവും പ്രാദേശിക ജ്ഞാനവും ചേർത്ത് ദീർഘകാല വികസനം സാധ്യമാണെന്നുമായിരുന്നു ഗാഡ്ഗിലിന്റെ ചിന്ത. അനിയന്ത്രിത ഖനനങ്ങൾക്കെതിരെയും വനനശീകരണത്തിനെതിരെയും പരിസ്ഥിതി സൗഹൃദമല്ലാത്ത വൻ പദ്ധതികൾക്കെതിരെയും അദ്ദേഹം തുറന്ന നിലപാടുതന്നെ സ്വീകരിച്ചിരുന്നു.

ഇടപെടലുകൾ

പരിസ്ഥിതി സംവാദത്തിന്റെയും പാരിസ്ഥിതിക പഠനങ്ങളുടെയും ദിശതന്നെ മാറ്റിയ ഇടപെടലുകളായിരുന്നു പ്രഫസർ മാധവ് ഗാഡ്ഗിലിന്റേത്. പരിസ്ഥിതിയെ ശാസ്ത്രീയമായി പഠിക്കുന്നതിനൊപ്പം പൊതുജനങ്ങളെ പരിസ്ഥിതി ബോധമുള്ളവരാക്കി വളർത്തുന്നതിനുള്ള പരിശ്രമങ്ങളും അദ്ദേഹം നടത്തി. ജനങ്ങളുടെകൂടി പങ്കാളിത്തത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പരിസ്ഥിതി നയരൂപവത്കരണം. ഇന്ത്യയിലെ ജൈവവൈവിധ്യ നിയമം (Biological Diversity Act, 2002) രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. വെറും സർക്കാർ ഉത്തരവുകളിലൂടെയോ അടിച്ചേൽപിക്കുന്ന നിയന്ത്രണങ്ങളിലൂടെയോ മാത്രം പരിസ്ഥിതി സംരക്ഷണം സാധ്യമാവില്ലെന്ന് ഗാഡ്ഗിൽ തുറന്നുപറഞ്ഞു. ഗ്രാമസഭകൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, ആദിവാസി സമൂഹങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തം ഓരോ പരിസ്ഥിതി നയരൂപവത്കരണത്തിലും നിർബന്ധമാെണന്നും അദ്ദേഹം വാദിച്ചു. ഹ്രസ്വകാല സാമ്പത്തിക നേട്ടങ്ങൾക്കായി പരിസ്ഥിതിയെ കീറിമുറിക്കുന്നത് ദീർഘകാല പരിസ്ഥിതി നാശത്തിന് വഴിെവക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം എപ്പോഴും നൽകിയിരുന്നു.

പശ്ചിമഘട്ടവും ഗാഡ്ഗിലും

2010 മാർച്ചിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മാധവ് ഗാഡ്‌ഗിലിന്റെ അധ്യക്ഷതയിൽ 14 അംഗ വിദഗ്ധ സമിതിയെ പശ്ചിമഘട്ട ജൈവവൈവിധ്യ സംരക്ഷണത്തിനായി നിയോഗിച്ചു. പശ്ചിമഘട്ടത്തിലെ അനിയന്ത്രിതമായ പ്രകൃതി ചൂഷണം തടയാൻ നടപടിയെടുക്കുന്നതിന്റെ ഭാഗമായായിരുന്നു അത്. 2011 ആഗസ്റ്റിലാണ് ഈ സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത്.

പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്നായിരുന്നു സമിതിയുടെ പ്രധാന നിർദേശം. മൂന്ന് രീതിയിൽ അത് സാധ്യമാണെന്നും അവർ പറഞ്ഞു. മേഖല ഒന്നിൽ അതീവ സുരക്ഷ വേണമെന്നായിരുന്നു നിർദേശം. ഖനനം, ക്വാറികൾ, വലിയ അണക്കെട്ടുകൾ, പുതിയ താപനിലയങ്ങൾ എന്നിവ പൂർണമായും ഇവിടെ നിരോധിക്കുകയും വേണം. മേഖല രണ്ടിൽ നിയന്ത്രണങ്ങളോടെയുള്ള വികസനം ആകാമെന്നും മേഖല മൂന്നിൽ താരതമ്യേന കുറഞ്ഞ നിയന്ത്രണങ്ങളുമാണ് ശിപാർശ ചെയ്തത്.

അതോടൊപ്പം മറ്റ് നിരവധി നിർദേശങ്ങളും ഗാഡ്ഗിൽ മുന്നോട്ടുവെച്ചു. ജനിതകമാറ്റം വരുത്തിയ വിത്തുകൾ ഒഴിവാക്കണമെന്നതായിരുന്നു അതിൽ പ്രധാനം. രാസകൃഷി ഒഴിവാക്കണം. ജൈവകൃഷിയിലേക്ക് പതിയെ മാറിത്തുടങ്ങണം. ആതിരപ്പിള്ളി ഉൾപ്പെടെ ജലവൈദ്യുതി പദ്ധതികൾ ഉപേക്ഷിക്കണമെന്ന നിർദേശമുണ്ടായിരുന്നു. താഴെത്തട്ടിലുള്ള അധികാരവികേന്ദ്രീകരണത്തെ പിന്തുണച്ചുകൊണ്ടായിരുന്നു ഗാഡ്‌ഗിൽ റിപ്പോർട്ടിലെ പരാമർശങ്ങൾ.

എന്നാൽ, ഗാഡ്ഗിലിന്റെ ഈ റിപ്പോർട്ട് വിവാദങ്ങൾക്ക് വഴിമരുന്നിട്ടു. ലക്ഷക്കണക്കിന് കർഷകരെ കുടിയൊഴിപ്പിക്കുമെന്ന വാദമായിരുന്നു ഈ റിപ്പോർട്ടിനെതിരെ വന്ന വാദങ്ങളിൽ പ്രധാനം. അതോടൊപ്പം കൃഷിഭൂമി വനമായി മാറുമെന്നുമുള്ള ആശങ്കകളുമുയർന്നു. രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും റിപ്പോർട്ടിനെതിരെ രംഗെത്തത്തി. റിപ്പോർട്ട് അപ്രായോഗികമാണെന്നായിരുന്നു മിക്ക സംസ്ഥാനങ്ങളുടെയും നിലപാട്.

അന്ന് ഗാഡ്ഗിൽ പറഞ്ഞത്...

വയനാട്ടിലേതുപോലുള്ള ദുരന്തങ്ങൾ മനുഷ്യനിർമിതികളാണെന്ന് പറയുന്നത് തെറ്റാകില്ല. പാരിസ്ഥിതിക നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ സംസ്ഥാന ഭരണകൂടം പരാജയപ്പെടുകയാണ്. അതിരൂക്ഷമായ രീതിയിൽ കാലാവസ്ഥ വ്യതിയാനം സംഭവിക്കുമ്പോൾ അത് ചെറുക്കാൻ മനുഷ്യരും ഭരണകൂടവും ഒന്നിക്കണം. എന്നാൽ, സാമ്പത്തിക താൽപര്യത്തിലൂന്നി പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്ക് ഒപ്പംനിൽക്കാൻ ഭരണകൂടം തയാറാകുന്ന കാഴ്ചയാണിപ്പോൾ മുന്നിലുള്ളത്. പരിസ്ഥിതി നിലനിൽപിനെക്കുറിച്ച നിർദേശങ്ങൾ സർക്കാർ തുടരത്തുടരെ അവഗണിക്കുന്നതാണ് വയനാട്ടിലെ ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾക്ക് കാരണം. കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാനുള്ള റിപ്പോർട്ടിലെ നിർദേശങ്ങളാണ് അധികാരികൾ തള്ളിക്കളഞ്ഞത്. എന്നിട്ട് മഴയെ കുറ്റം പറയുകയാണ്. വനമേഖലകളിൽ മനുഷ്യന്റെ കടന്നുകയറ്റം പരിസ്ഥിതി ലോല പ്രദേശങ്ങളെ കൂടുതൽ ദുർബലമാക്കുകയാണ്.

ക്വാറികളും റിസോർട്ടുകളും നീന്തൽക്കുളങ്ങളും ഉരുൾപൊട്ടൽ സാധ്യതകൾ വർധിപ്പിക്കുന്നുവെന്ന് തരംതിരിച്ചുതന്നെ പശ്ചിമഘട്ട വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒരുതരത്തിലുമുള്ള വികസനവും ഇവിടെ പാടില്ലെന്ന് അടിവരയിട്ട് സൂചിപ്പിച്ചിട്ടുമുണ്ട്. ആരു കേട്ടു?

അന്നു ചെയ്യാത്തത്

തേയിലത്തോട്ടങ്ങൾക്ക് മാത്രമായി ബ്രിട്ടീഷുകാർ ഉപയോഗിച്ച മണ്ണിനെ ഇന്ന് കൃത്രിമ തടാകങ്ങൾക്കും കൂറ്റൻ കെട്ടിടങ്ങൾക്കുമായി മാറ്റിമറിക്കുകയാണ്. ഉരുള്‍പൊട്ടലുകൾ സംഭവിച്ചത് വനമേഖലയിലാണെന്നും ഇതിന് മനുഷ്യ ഇടപെടലുമായി ബന്ധമില്ലെന്നും പറയുന്നു. ക്വാറികളുടെ ഖനന പ്രകമ്പനങ്ങളെക്കുറിച്ച് കണ്ണടക്കുകയാണ്. ജലാംശം സംഭരിക്കാൻ മണ്ണിനുള്ള ശേഷി കുറയുകയാണ്. വെള്ളം മണ്ണിനടിയിലേക്ക് കിനിഞ്ഞിറങ്ങാനുള്ള ശേഷിയും മണ്ണിന്റെ ജലവാഹകശേഷിയും പ്രധാന ഘടകമാണ്. മണ്ണിന്റെ ജൈവാംശത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിനുപകരം റിസോർട്ട് ഉടമകളും ക്വാറി ഉടമകളുമെല്ലാം ഭരണകൂടത്തിന്‍റെ ദുഃസ്വാധീനത്താൽ മണ്ണിനെ പണം വിളയുന്ന ഇടമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. മണ്ണില്‍ ഉണ്ടായിരിക്കേണ്ട ജൈവാംശത്തിന്‍റെ അളവ് തുലോം കുറഞ്ഞുകൊണ്ടിരിക്കുന്നു.

കാത്തിരിക്കുന്നത്...

വിദഗ്ധ സമിതി നിർദേശം സർക്കാർ നിരാകരിച്ചതുവഴി കോട്ടം ആകെ ബാധിച്ചുതുടങ്ങി. ഗൗരവത്തിൽ വിഷയത്തെ കാണാൻ പറ്റുന്നില്ലെന്നതാണ് സംസ്ഥാന സർക്കാറിന്റെ വീഴ്ച. നിർദേശങ്ങൾ നടപ്പാക്കുന്നില്ലെങ്കിൽ ചൂരൽമലയും മുണ്ടക്കൈയുമൊന്നും അവസാനമാകില്ല. പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനും കുറക്കുന്നതിനും കാലേക്കൂട്ടിയുള്ള ആസൂത്രണം വേണം. അതിനുള്ള നിർദേശം മുന്നിൽവെച്ചുകൊടുത്തിട്ടും നടപ്പാക്കുന്നില്ല. ഭരണകൂടത്തിനു മാത്രമേ ഈ ദുരന്തങ്ങളെ ഒഴിവാക്കാൻ കഴിയൂവെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ. കാലാവസ്ഥ വ്യതിയാനവും വരൾച്ചയും വെള്ളപ്പൊക്കവുമെല്ലാം പ്രതിരോധിക്കുന്നതിനും കുറക്കുന്നതിനും പകരം, ഭരണകൂടം അതിന്റെ കെടുതികൾക്ക് ആക്കംകൂട്ടുന്നു എന്നത് മഹാ കഷ്ടമാണ്.

പശ്ചിമഘട്ടം: ഒരു പ്രണയകഥ

‘പശ്ചിമഘട്ടം: ഒരു പ്രണയകഥ’ എന്നാണ് മാധവ് ഗാഡ്ഗിലിന്റെ ആത്മകഥയുടെ പേര്. ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പരിസ്ഥിതിപ്രവർത്തകൻ ബിസ്മാർക്കിനാണ് ആത്മകഥ സമർപ്പിച്ചിരിക്കുന്നത്. കേരളത്തിൽനിന്നു തുടങ്ങി ഗുജറാത്ത് വരെ നീളുന്ന നമ്മെ സംരക്ഷിച്ചു നിർത്തുന്ന പുതപ്പാണ് പശ്ചിമഘട്ട മലനിരകൾ. പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിലിന്റെ ഉൾക്കാഴ്ചകൾ, പ്രവർത്തനങ്ങൾ, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്ന കാര്യങ്ങൾ, അതോടൊപ്പം, ചുറ്റുമുള്ള പാരിസ്ഥിതികാവസ്ഥയുടെ സുസ്ഥിരതയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവയെല്ലാമാണ് ഈ പുസ്തകത്തിൽ. മാനുഷികമുഖമുള്ള പരിസ്ഥിതിശാസ്ത്രബോധം ഈ പുസ്തകം മുന്നോട്ടുവെക്കുന്നു.

കേരളത്തിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലകളിൽ 1700 അനധികൃത പാറമടകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഗാഡ്ഗിൽ ചൂണ്ടിക്കാണിച്ചിരുന്നു. നിയമാനുസൃതമായ അനുമതികളോടെ പ്രവർത്തിക്കുന്ന പാറമടകളുടെ എണ്ണം കൂടി ചേർത്താൽ ആ സംഖ്യ 2700 ആകും. യന്ത്രങ്ങൾ ഉപയോഗിച്ചാണ് കരിങ്കല്ലുകൾ പൊട്ടിക്കുന്നതും പൊടിക്കുന്നതും. അനധികൃത ക്വാറികളെ നിയന്ത്രിച്ചില്ലെങ്കിൽ വൻ പരിസ്ഥിതിനാശവും ദുരന്തവുമുണ്ടാകുമെന്ന് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകി. പശ്ചിമഘട്ട മലനിരകൾ ഇല്ലെങ്കിൽ നമ്മുടെ ജീവിതമില്ലെന്നും അതിനെ സംരക്ഷിക്കുക അത്യാവശ്യമാണെന്നും തന്റെ റിപ്പോർട്ടിൽ മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് വിവാദമായതോടെ ഗാഡ്ഗിലാണ് മലയോര കർഷകരുടെ മനസ്സിൽ തീ കോരിയിട്ടതെന്നായിരുന്നു അന്നത്തെ രാഷ്ട്രീയ പ്രചാരണം. എന്നാൽ, താൻ പരിസ്ഥിതി ശാസ്ത്രജ്ഞനാണെന്നും ഭാവിയെ മുൻനിർത്തി വസ്തുതകൾ പറയുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഗാഡ്ഗിലിന്റെ മറുപടി. വന്യമൃഗങ്ങളെ നിയന്ത്രിതരീതിയിൽ വേട്ടയാടുന്നത് അവയുടെ എണ്ണം കുറക്കാനും, വനാതിർത്തികളിൽ ജീവിക്കുന്നവരെ മൃഗങ്ങളിൽനിന്ന് സംരക്ഷിക്കാനും സഹായിക്കുമെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജൈവ വൈവിധ്യം നശിപ്പിക്കപ്പെടുന്നത് പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതുകൊണ്ടല്ല, കീടനാശിനിയുടെ അനിയന്ത്രിതമായ ഉപയോഗം ഉൾപ്പെടെ മറ്റു പല കാരണങ്ങൾകൊണ്ടാണെന്നും ഗാഡ്ഗിൽ പറഞ്ഞിരുന്നു.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:western ghatsEnvironmentmadhav gadgilMalayalam News
News Summary - Madhav Gadgil
Next Story