ഹൈബർനേഷനിലും സ്വപ്നം കാണുന്ന മഡഗാസ്കറിലെ കുള്ളന്‍ ലെമൂറുകൾ
text_fieldsകുള്ളന്‍ ലെമൂർ
മൃഗങ്ങളുടെ ശീതകാല നിദ്ര അഥവാ ഹൈബർനേഷനെക്കുറിച്ച് കേൾക്കാത്തവർ വിരളമായിരിക്കും. ശൈത്യകാലത്തെ അതിജീവിക്കാന്‍ ചില മൃഗങ്ങൾ പിന്തുടരുന്ന അസാധാരണമായ ശരീരനിയന്ത്രണമാണ് ഇത്. ഇത്തരത്തിൽ ഹൃദയമിടിപ്പ് കുറച്ച് ശ്വസനം മന്ദഗതിയിലാക്കി ശരീരതാപനില വായുവിനോട് വളരെ അടുത്തെത്തിച്ച് ഗാഢനിദ്രയിലേക്ക് അവ മുഴുകുന്നു. മിക്കപ്പോഴും ഹൈബർനേഷന്‍ എന്നാൽ ഒരു ഭാവവ്യത്യാസവവുമില്ലാതെ മരിച്ചതുപോലെ ആഴത്തിലുള്ള ഉറക്കമായിട്ടാണ് കണ്ടിട്ടുള്ളത്. എന്നാൽ ഈ ഗാഢനിദ്രക്കിടയിലും സ്വപ്നം കാണുന്ന ചില കുഞ്ഞുവമ്പന്‍മാരുണ്ട്. തടിച്ച വാലും കുള്ളന്‍ ശരീരവുമുള്ള ലെമൂറുകളാണ് ഇത്തരത്തിൽ ശീതകാല നിദ്രക്കിടെ സ്വപ്നം കാണുന്ന വമ്പന്‍മാർ. മഡഗാസ്കർ ആണ് ഈ കുള്ളന്‍ ലെമൂറുകളുടെ സ്വദേശം. ഭൂമിയിൽ ശീതകാലനിദ്രയിലേർപ്പെടുന്ന ഏക പ്രിമേറ്റ് ആണ് വാൽഭാഗം തടിച്ച ലെമൂറുകൾ. ഈ തടിച്ച വാലുകളിലാകട്ടെ അവയുടെ കൊഴുപ്പും സംഭരിക്കുന്നു. ഒരു പ്രകൃതിദത്ത ഊർജം പോലെയാണ് ഇവ പ്രവർത്തിക്കുന്നത്. മഡഗാസ്കറിലെ ശൈത്യകാലത്താണ് ഹൈബർനേറ്റ് ചെയ്യുന്നത്. മരപ്പൊത്തുകളിലും മറ്റും ഇത്തരത്തിൽ ഏഴ് മാസത്തോളം അവ ഗാഢനിദ്രയിലാകും. ഈ സമയത്ത് ലെമൂറുകളുടെ തലച്ചോറിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തി.
മനുഷ‍്യർ ഉറക്കത്തിൽ സ്വപ്നം കാണുന്ന പ്രത്യേകഘട്ടമാണ് റാം സ്ലീപ്പ്(റാപ്പിഡ് ഐ മൂവ്മെന്‍റ്) ഈ സമയങ്ങളിൽ നമ്മുടെ കൺപോളകൾ അടഞ്ഞിരിക്കുമെങ്കിലും കണ്ണുകൾ വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കും. നമ്മുടെ തലച്ചോറ് സജീവമാകുന്ന ഒരു അവസ്ഥകൂടിയാണിത്. ഡ്യൂക്ക് സർവകലാശാലയിൽ ഗവേഷകർ നടത്തിയ പഠനത്തിലൂടെ ഹൈബർനേഷന്‍ സമയങ്ങളിലും കുള്ളന്‍ ലെമൂറുകളുടെ മസ്തിഷ്കം ചെറിയ ഇടവേളകളിൽ സജീവമാകുന്നുവെന്ന് കണ്ടെത്തി. ഈ സമയങ്ങളിൽ റാം സ്ലീപ്പിനോട് സമാനമായി വ്യതിയാനങ്ങളും കണ്ടെത്തി. ശരീരം അനങ്ങാതെ മന്ദഗതിയിലായിരിക്കുമ്പോഴും കുള്ളന്‍ ലെമൂറുകൾ സ്വപ്നം കാണുന്നുണ്ടെന്നാണ് ഈ ചെറിയ നാഡീ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത്. ഹൈബർനേഷന്‍ സമയങ്ങളിൽ മിക്ക ജീവികളുടെയും മസ്തിഷ്കപ്രവർത്തനം നിശ്ചലമായിരിക്കും. എന്നാൽ തടിച്ച വാലുകളുള്ള കുഞ്ഞന്‍ ലെമൂറുകൾ ഇതിൽ നിന്നും വ്യത്യസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

