Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൺസൂൺ പിന്മാറ്റത്തിനിടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം

text_fields
bookmark_border
  • കിഴക്കൻ, മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്
  • കേരളത്തിലും മഴക്ക് സാധ്യത
മൺസൂൺ പിന്മാറ്റത്തിനിടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം
cancel

ന്യൂഡൽഹി: ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ പിന്മാറ്റം ആരംഭിച്ചിരിക്കെ, ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന പുതിയ കാലാവസ്ഥാ സംവിധാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ശക്തമായ മഴക്ക് കാരണമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പ്. വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന മുകളന്തരീക്ഷ ചക്രവാതചുഴിയുടെ സ്വാധീനത്തിൽ ശനിയാഴ്ചയോടെ ന്യൂനമർദ മേഖല രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

രൂപംകൊള്ളുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ക്രമേണ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. സെപ്റ്റംബർ 21-ഓടെ ഇത് ഡിപ്രഷനായി മാറാനും 22-ന് ഡീപ്പ് ഡിപ്രഷനായി ശക്തിപ്പെടാനുമാണ് സാധ്യത. തുടർന്ന് ദക്ഷിണ ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തോട് ചേർന്നുള്ള പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടൽ മേഖലയിലേക്ക് ഇത് നീങ്ങുമെന്നാണ് ഐ.എം.ഡി അറിയിച്ചത്.

ഈ കാലാവസ്ഥാ സംവിധാനം ബംഗാൾ ഉൾക്കടലിൽ നിന്ന് വലിയ തോതിൽ ഈർപ്പം വലിച്ചെടുക്കുന്നതിനാൽ സെപ്റ്റംബർ 22 മുതൽ 24 വരെ കിഴക്കൻ, മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. ഒഡിഷയിൽ കനത്തതും അതിശക്തവുമായ മഴ ലഭിക്കുമെന്നും 23, 24 തീയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഐ.എം.ഡി അറിയിച്ചു. കേരളം, മാഹി, റായലസീമ എന്നിവിടങ്ങളിൽ മൂന്ന് ദിവസത്തേക്ക് സമാനമായ മഴക്കും സാധ്യതയുണ്ട്. ഉപദ്വീപീയ ഇന്ത്യയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന വിവിധ അന്തരീക്ഷ ഘടകങ്ങൾ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാഹചര്യമൊരുക്കും.

വടക്കൻ ഉൾനാടൻ തമിഴ്നാടിന് മുകളിലുള്ള മുകളന്തരീക്ഷ ചക്രവാതച്ചുഴി ഇപ്പോഴും തുടരുന്നുണ്ട്. മറാത്ത്‌വാഡയിൽ നിന്ന് ദക്ഷിണ-കിഴക്കൻ അറബിക്കടൽ വരെ, ഉൾനാടൻ കർണാടകയും കേരളവും കടന്നുപോകുന്ന ഒരു ന്യൂനമർദപ്പാത്തിയും നിലനിൽക്കുന്നു. ഈ അന്തരീക്ഷ സംവിധാനങ്ങൾ വാരാന്ത്യത്തിൽ ഉപദ്വീപീയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും ചാറ്റൽമഴക്കും കാരണമാകും.

വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ പിന്മാറിത്തുടങ്ങിയിട്ടുണ്ടെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ഈ പുതിയ ന്യൂനമർദം രാജ്യത്തിന്റെ കിഴക്കൻ, മധ്യ മേഖലകളിൽ മൺസൂണിന്റെ അവസാന ഘട്ടത്തിൽ മറ്റൊരു ശക്തമായ മഴക്കാലത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Low pressure area forms in the Bay of Bengal during monsoon withdrawal
Next Story