Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഐസ് ക്യൂബ് ഉരുകിത്തീരുംപോലെ': ആൽപ്സ് പർവതനിരകളിൽ അസാധാരണ മഞ്ഞുരുകൽ; കാർബൺ പുറന്തള്ളൽ വെട്ടിക്കുറച്ചാൽ ഹിമാലയത്തെ സംരക്ഷിക്കാമെന്ന് ശാസ്ത്രജ്ഞർ

text_fields
bookmark_border
ഐസ് ക്യൂബ് ഉരുകിത്തീരുംപോലെ: ആൽപ്സ് പർവതനിരകളിൽ അസാധാരണ മഞ്ഞുരുകൽ; കാർബൺ പുറന്തള്ളൽ വെട്ടിക്കുറച്ചാൽ ഹിമാലയത്തെ സംരക്ഷിക്കാമെന്ന് ശാസ്ത്രജ്ഞർ
cancel

ജനീവ: ആഗോള താപനവും കടുത്ത ഉഷ്ണതരംഗവും കാരണം സ്വിറ്റ്‌സർലൻഡിലെ ആൽപ്സ് പർവതനിരകളിൽ അസാധാരണമായ തോതിൽ മഞ്ഞുരുകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്തെ ആകെ ഹിമപാളികളുടെ 5.5 ശതമാനത്തിലധികം അപ്രത്യക്ഷമായതായി ശാസ്ത്രജ്ഞർ വ്യക്തമാക്കി. മുൻകാലങ്ങളിൽ ഒരു വർഷത്തിൽ രണ്ട് ശതമാനം മഞ്ഞുരുകുന്നത് തന്നെ അങ്ങേയറ്റം അപകടകരമായി കണക്കാക്കിയിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ അസാധാരണ മഞ്ഞുരുക്കം. വരും പതിറ്റാണ്ടുകളിൽ കുടിവെള്ള വിതരണം, കൃഷി, ജലവൈദ്യുത ഉത്പാദനം, ചരക്കുഗതാഗതം എന്നിവയെ ഇത് രൂക്ഷമായി ബാധിക്കുമെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

'ഗ്ലേഷ്യർ മോണിറ്ററിങ് സ്വിറ്റ്‌സർലൻഡ്' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അങ്ങേയറ്റം ആശങ്കാജനകമായ അവസ്ഥയിലൂടെയാണ് ആൽപ്സ് പർവതനിരകൾ കടന്നുപോകുന്നത്. ശൈത്യകാലത്ത് മഞ്ഞുവീഴ്ച കുറഞ്ഞതും മേയ്, ജൂൺ മാസങ്ങളിലുണ്ടായ അതികഠിനമായ ഉഷ്ണതരംഗവുമാണ് മഞ്ഞുരുകൽ വേഗത്തിലാക്കിയത്. പർവതങ്ങളുടെ ഉപരിതലത്തിലെ മഞ്ഞുമൂടി ഉരുകിത്തീർന്നതോടെ അടിയിലെ ഇരുണ്ട മഞ്ഞുപാളികൾ പുറത്തുവരികയും, അവ സൂര്യപ്രകാശം കൂടുതൽ ആഗിരണം ചെയ്ത് അതിവേഗം ഉരുകുകയും ചെയ്തു. സമുദ്രനിരപ്പിൽ നിന്ന് 3,500 മീറ്റർ ഉയരമുള്ള പർവതശിഖരങ്ങളിൽ പോലും വേനൽക്കാലത്തിന്റെ അവസാനത്തോടെ മഞ്ഞിന്റെ ഒരംശം പോലും ബാക്കിയുണ്ടായിരുന്നില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ചൂടേറിയ മാസങ്ങളിൽ സ്വിസ് ഹിമപാളികളിൽ നിന്ന് 2.2 ട്രില്യൺ ലിറ്റർ വെള്ളമാണ് ഉരുകിയൊഴുകിയത്. താൽക്കാലികമായി ഇത് വരൾച്ചയ്ക്ക് ആശ്വാസമായെങ്കിലും, ഭാവിയിലേക്കുള്ള പ്രകൃതിദത്ത ജലസമ്പത്ത് അതിവേഗം ഇല്ലാതാകുകയാണ് ചെയ്യുന്നത്. യൂറോപ്പിലെ പ്രധാന ജലപാതയായ റൈൻ നദിയിൽ ജലനിരപ്പ് താഴ്ന്നത് കപ്പൽ ഗതാഗതത്തെയും ചരക്കുനീക്കത്തെയും പ്രതികൂലമായി ബാധിച്ചു. കൂടാതെ, പർവതനിരകളിലെ മണ്ണും പാറകളും ഉറപ്പിച്ചു നിർത്തുന്ന മഞ്ഞുപാളികൾ ഇല്ലാതാകുന്നത് വൻ മലയിടിച്ചിലുകൾക്കും മിന്നൽ പ്രളയങ്ങൾക്കും വഴിവെക്കും.

"ഫ്രിഡ്ജിൽ നിന്ന് പുറത്തുവെച്ച ഒരു ഐസ് ക്യൂബ് ഉരുകിത്തീരുന്നത് പോലെയാണ് പർവതങ്ങളിലെ നിലവിലെ അവസ്ഥ" എന്ന് യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗ്ലേഷ്യോളജിസ്റ്റ് ഡോ. ഫാബിയൻ മോഷൻ പ്രതികരിച്ചു. സ്വിറ്റ്സർലൻഡിലെ പ്ലാറ്റൽവ പോലുള്ള ചെറിയ ഹിമപാളികൾ ഇതിനകം പൂർണ്ണമായി അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാൽ, ആഗോളതലത്തിൽ കാർബൺ പുറന്തള്ളൽ ഉടനടി വെട്ടിക്കുറച്ചാൽ ഹിമാലയം, ധ്രുവപ്രദേശങ്ങൾ എന്നിവിടങ്ങളിലെ വൻ മഞ്ഞുപാളികളെ ഇനിയും സംരക്ഷിക്കാനാകുമെന്നും, അതുവഴി സമുദ്രനിരപ്പ് ഉയരുന്നത് തടഞ്ഞ് കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാമെന്നും ശാസ്ത്രലോകം ഓർമ്മിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'ഐസ് ക്യൂബ് ഉരുകിത്തീരുംപോലെ': ആൽപ്സ് പർവതനിരകളിൽ അസാധാരണ മഞ്ഞുരുകൽ; കാർബൺ പുറന്തള്ളൽ വെട്ടിക്കുറച്ചാൽ ഹിമാലയത്തെ സംരക്ഷിക്കാമെന്ന് ശാസ്ത്രജ്ഞർ
Next Story