പുഴയുടെ കുളിരണിയാം, മുളങ്കാടിന്റെ പാട്ടുകേൾക്കാം...
text_fieldsമുളന്തുരുത്ത് ഇക്കോ പാർക്ക്
പയ്യന്നൂർ: താഴെ ശാന്തമായൊഴുകുന്ന പെരുമ്പപുഴ. ചാരെ സംഗീതം പൊഴിക്കുന്ന മുളങ്കാടുകൾ. കാടിന്റെ പാട്ടുകേട്ട് കാട്ടാറിന്റെ കുളിരണിഞ്ഞ് നടക്കാൻ മാടി വിളിക്കുകയാണ് ചെറുതാഴം കോട്ടക്കുന്നിലെ മുളന്തുരുത്ത്. ചെറുതാഴം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിതകേരള മിഷൻ, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ എന്നിവർ ചേർന്ന് രൂപകൽപന ചെയ്ത പദ്ധതിയായ മുളന്തുരുത്ത് ഇക്കോ പാർക്ക് സഞ്ചാരികളെ മാടി വിളിക്കുന്നു.
ചെറുതാഴം പഞ്ചായത്തിന്റെ അധീനതയിലുള്ള കോട്ടക്കുന്നിലെ ഒരേക്കർ സ്ഥലത്താണ് ഈ മുളന്തുരുത്ത്. അപൂർവയിനം മുളകളും പക്ഷികളും സസ്യജന്തുജാലങ്ങളുംകൊണ്ട് അവിസ്മരണീയമാക്കുന്ന കാഴ്ചയാണ് കൃത്രിമമായുണ്ടാക്കിയ തണൽ നൽകുന്നത്. നമ്മുടെ നാട്ടിൽ അധികമെത്താത്ത വിവിധയിനം വിദേശികളും സ്വദേശികളുമായ മുളയിനങ്ങളാണ് ഇവിടെ കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. മുളങ്കാടുകൾക്കു പുറമെ വിവിധ ഇനം കണ്ടൽ ചെടികളുംകൊണ്ട് സമ്പുഷ്ടമാണ് പുഴയോരം. ഇക്കോ പാർക്ക് എന്നതിനപ്പുറം നമ്മുടെ പച്ചപ്പും പക്ഷികളുടെ ശബ്ദവും പുഴകളുടെയും തോടിന്റെ വെള്ളമൊഴുകുന്ന ശബ്ദവും ആസ്വദിച്ച് പ്രകൃതിയിലേക്ക് മടങ്ങാനുള്ള ഒരിടം കൂടിയാണിവിടം. പ്രകൃതിയിലേക്ക് മടങ്ങുക, പ്രകൃതിയിൽനിന്ന് പഠിക്കുക എന്നതാണ് ഇത് ലക്ഷ്യമാക്കുന്നത്.
2023 ജൂൺ ഒന്നിനാണ് കാടുമൂടിക്കിടന്നിരുന്ന ഈ പ്രദേശം മനോഹരമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളും കോളജ്, സ്കൂൾ എൻ.എസ്.എസ് വളന്റിയർമാർ, ഗ്രീൻ ബ്രിഗേഡ്, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി ജനകീയ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി തുടങ്ങിയതും മനോഹരമാക്കി മാറ്റിയതും. ഫോട്ടോ ഷൂട്ടിനും റീൽസിനും ഒഴിവുസമയം ആഘോഷിക്കാനും നിരവധി പേരാണ് ഇവിടെയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

