ചൊവ്വയുടെ ഒരു കഷ്ണം ലേലത്തിൽ വിറ്റത് 53 ലക്ഷം ഡോളറിന്; പക്ഷെ, ഷോയിൽ താരമായത് ‘യുവ’ ദിനോസർ
text_fieldsന്യൂയോർക്ക്: ചൊവ്വാ ഗ്രഹത്തിന്റെ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ കഷ്ണം ന്യൂയോർക്കിൽ നടന്ന അപൂർവ ലേലത്തിൽ വൻ തുകക്ക് വിറ്റുപോയി. ഭൂമിശാസ്ത്രപരവും പുരാവസ്തു പ്രാധാന്യമുള്ളവയുമായ വസ്തുക്കളുടെ ലേല ആവേശത്തിൽ അപൂർവമായ ഒരു ദിനോസർ അസ്ഥികൂടം മുഴുവൻ ശ്രദ്ധയും കവർന്നു.
സംഘാടകരായ ‘സോത്ത്ബീസി’ന്റെ അഭിപ്രായത്തിൽ, ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് ഒരു ഛിന്നഗ്രഹ ആക്രമണത്തിൽ പൊട്ടിത്തെറിച്ച് 140 മില്യൺ മൈൽ (225 മില്യൺ കിലോമീറ്റർ) ഭൂമിയിലേക്ക് സഞ്ചരിച്ചതിനുശേഷം, 2023 നവംബറിൽ നൈജറിലെ സഹാറ മരുഭൂമിയിൽ പതിച്ച കഷ്ണത്തിന് NWA 16788 എന്ന് പേരിട്ടു. 54 പൗണ്ട് (25 കിലോഗ്രാം) ആയിരുന്നു പാറക്കഷ്ണത്തിന്റെ ഭാരം. 20ലക്ഷം മുതൽ മുതൽ 40 ലക്ഷം ഡോളർ വരെയായിരുന്നു ലേലത്തിന് മുമ്പുള്ള ഇതിന്റെ വിൽപ്പന വില.
അന്തിമ ലേലം 43 ലക്ഷമായിരുന്നു. വിവിധ ഫീസുകളും ചെലവുകളും ചേർത്താൽ ഔദ്യോഗിക വിൽപ്പന വില ഏകദേശം 53 ലക്ഷം ഡോളറാവും. ഇതുവരെ ലേലത്തിൽവിറ്റഴിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ള ഉൽക്കാശിലയായി ഇത് മാറിയെന്ന് ‘സോത്ത്ബീസ്’ പറഞ്ഞു.
മറുവശത്ത്, ദിനോസർ അസ്ഥികൂടം ആറു മിനിറ്റിനുള്ളിൽ ആറു ലേലക്കാർക്കിടയിൽ ഒരു വലിയ യുദ്ധത്തിന് തുടക്കമിട്ടു. 40 ലക്ഷം മുതൽ 60 ലക്ഷം ഡോളർ വരെ ലേലത്തിനു മുമ്പ് വില കണക്കാക്കിയ ഇത്, അറിയപ്പെടുന്ന നാല് സെറാറ്റോസോറസ് നാസികോർണിസ് അസ്ഥികൂടങ്ങളിൽ ഒന്നാണ്. കൂടാതെ ടൈറനോസോറസ് റെക്സിനോട് സാമ്യമുള്ളതും എന്നാൽ ചെറുതുമായ ഈ ഇനത്തിലെ ഒരേയൊരു പ്രായപൂർത്തിയാകാത്ത അസ്ഥികൂടവുമാണ്.
അസ്ഥികൂടത്തിനായുള്ള ലേലം 60 ലക്ഷം ഡോളറിന്റെ ഉയർന്ന അഡ്വാൻസ് ഓഫറോടെയാണ് ആരംഭിച്ചത്. അവസാനിച്ചതാവട്ടെ 260 ലക്ഷം ഡോളറിലും. ദിനോസർ അസ്ഥികൂടം വാങ്ങുന്നയാളെ വെളിപ്പെടുത്തിയില്ല. പക്ഷേ, വാങ്ങുന്നയാൾ അസ്ഥികൂടം ഒരു സ്ഥാപനത്തിന് വായ്പ നൽകാൻ പദ്ധതിയിടുന്നുവെന്ന് സോത്ത്ബീസ് പറഞ്ഞു. ലേലത്തിൽ ഒരു ദിനോസറിന് നൽകിയ മൂന്നാമത്തെ ഉയർന്ന തുകയാണ് ഇത്. കഴിഞ്ഞ വർഷം സോത്ത്ബീസിൽ 446 ലക്ഷം ഡോളറിനു വിറ്റതിന് ശേഷം ‘അപെക്സ്’ എന്ന് വിളിക്കപ്പെടുന്ന ഒരു സ്റ്റെഗോസോറസ് അസ്ഥികൂടം റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
വ്യോമിംഗിലെ ലാറാമിക്കിനടുത്ത് ദിനോസർ അസ്ഥികളുടെ സാന്നിധ്യമുള്ള സ്വർണ്ണ ഖനിയായ ബോൺ കാബിൻ ക്വാറിയിൽ 1996 ൽ ഈ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. അസ്ഥികൂടം പുനഃർനിർമ്മിക്കുന്നതിനായി സ്പെഷ്യലിസ്റ്റുകൾ ഏകദേശം 140 ഫോസിൽ അസ്ഥികൾ ചില ശിൽപ വസ്തുക്കളുമായി കൂട്ടിച്ചേർക്കുകയും അത് പ്രദർശിപ്പിക്കാനായി ഘടിപ്പിക്കുകയും ചെയ്തുവെന്ന് സോത്ത്ബീസ് പറയുന്നു. കഴിഞ്ഞ വർഷം യൂട്ടാ ആസ്ഥാനമായുള്ള ഫോസിൽ തയ്യാറാക്കൽ കമ്പനിയായ ‘ഫോസിലോളജിക്’ ഇത് സ്വന്തമാക്കി.
ഇതിന് 2 മീറ്ററിൽ കൂടുതൽ ഉയരവും ഏകദേശം 3 മീറ്റർ നീളവുമുണ്ട്. 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജുറാസിക് കാലഘട്ടത്തിന്റെ അവസാനത്തിലാണ് ഇത് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. സെറാറ്റോസോറസ് ദിനോസറുകൾക്ക് 7.6 മീറ്റർ വരെ നീളമുണ്ടാകും. അതേസമയം ടി. റെക്സിന് 12 മീറ്റർ വരെയാണ് നീളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

