Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂനശീകരണം ആഗോള ഭീഷണി; 1.56 ബില്യൺ ഹെക്ടർ ഭൂമിയെ ബാധിച്ചതായി യു.എൻ റിപ്പോർട്ട്

text_fields
bookmark_border
ഇന്ത്യൻ ഭൂവിസ്തൃതിയുടെ 5.2 മടങ്ങ്
news
cancel

ലോകത്ത് 1.56 ബില്യൺ ഹെക്ടർ ഭൂമി നശീകരണത്തിന് വിധേയമായതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ലോകത്തെ ആകെ ഭൂവിസ്തൃതിയുടെ ഏകദേശം 10 ശതമാനം വരുന്നതാണ് ഇത്. ഇന്ത്യൻ ഭൂവിസ്തൃതിയുടെ ഏകദേശം 5.2 മടങ്ങ് വരും ഈ നശീകരണത്തിന് വിധേയമായ ഭൂമിയുടെ വിസ്തൃതി.

വനങ്ങൾ പുനരുജ്ജീവിക്കുന്നതിനേക്കാൾ വേഗത്തിൽ നശിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എന്നിന്റെ ഭക്ഷ്യ-കാർഷിക സംഘടനയായ എഫ്.എ.ഒ പുറത്തിറക്കിയ ‘ദ സ്റ്റേറ്റ് ഓഫ് ദ വേൾഡ്സ് ഫോറസ്റ്റ്സ് 2026’ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്താകെ 460 ദശലക്ഷത്തിലധികം ഹെക്ടർ വനഭൂമി ഇതിനകം നശീകരണത്തിന് വിധേയമായിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധന, നഗരവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് വനനശീകരണത്തിന്റെയും ഭൂനശീകരണത്തിന്റെയും പ്രധാന കാരണങ്ങൾ. ഭൂവിനിയോഗത്തിലെ മാറ്റം, കൃഷിയുടെ വ്യാപനം, വിഭവങ്ങളുടെയും ഊർജത്തിന്റെയും വർധിച്ചുവരുന്ന ആവശ്യം എന്നിവയും സ്ഥിതി രൂക്ഷമാക്കുന്നു.

പുനഃസ്ഥാപിക്കേണ്ടത് 469 ദശലക്ഷം ഹെക്ടർ

2030-ഓടെ നശിച്ച ആവാസവ്യവസ്ഥകളുടെ 30 ശതമാനം പുനഃസ്ഥാപിക്കുകയെന്ന ആഗോള ലക്ഷ്യം കൈവരിക്കാൻ ഏകദേശം 469 ദശലക്ഷം ഹെക്ടർ ഭൂമി പുനഃസ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ 2026 വരെയുള്ള ദേശീയ റിപ്പോർട്ടുകൾ പ്രകാരം 206.5 ദശലക്ഷം ഹെക്ടർ ഭൂമി മാത്രമാണ് പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ പരിധിയിൽ വന്നിട്ടുള്ളത്.

1990 മുതൽ 2025 വരെ സ്വാഭാവികമായി പുനരുജ്ജീവിക്കുന്ന വനങ്ങളുടെ വിസ്തൃതി 324 ദശലക്ഷം ഹെക്ടർ കുറഞ്ഞു. ലോകത്തെ ആകെ വനവിസ്തൃതിയുടെ ഏകദേശം 92 ശതമാനവും ഇത്തരം വനങ്ങളാണ്. 2025-ൽ ലോകത്തെ ആകെ വനവിസ്തൃതി 4.14 ബില്യൺ ഹെക്ടർ ആയിരുന്നു. ആഗോള ഭൂവിസ്തൃതിയുടെ 32 ശതമാനമാണിത്.

1990 മുതൽ ലോകത്ത് ഏകദേശം 489 ദശലക്ഷം ഹെക്ടർ വനഭൂമി വനനശീകരണത്തിലൂടെ നഷ്ടപ്പെട്ടു. 1990-2025 കാലയളവിൽ പ്രാഥമിക വനങ്ങളുടെ വിസ്തൃതി 110 ദശലക്ഷം ഹെക്ടർ കുറഞ്ഞു. വനനഷ്ടം ജീവജാലങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിനും ആവാസവ്യവസ്ഥകൾ വിഘടിക്കുന്നതിനും നിർണായകമായ പരിസ്ഥിതി സേവനങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഏഷ്യയിൽ 583 ദശലക്ഷം ഹെക്ടർ ഭൂമി നശിച്ചു

2019-ലെ കണക്കുകൾ പ്രകാരം ആഫ്രിക്കയിൽ ഏകദേശം 334 ദശലക്ഷം ഹെക്ടർ ഭൂമി നശീകരണത്തിന് വിധേയമായിരുന്നു. ആഫ്രിക്കയുടെ ഭൂവിസ്തൃതിയുടെ 12 ശതമാനമാണിത്. ഏഷ്യയിൽ ഏകദേശം 583 ദശലക്ഷം ഹെക്ടർ, അതായത് ഭൂവിസ്തൃതിയുടെ 19 ശതമാനം, നശിച്ച ഭൂമിയായി കണക്കാക്കുന്നു. തെക്കേ അമേരിക്കയിൽ ഏകദേശം 245 ദശലക്ഷം ഹെക്ടർ ഭൂമി നശീകരണത്തിന് വിധേയമായിട്ടുണ്ട്. ഇത് മേഖലയിലെ ഭൂവിസ്തൃതിയുടെ 14 ശതമാനമാണ്.

വനനശീകരണത്തിനൊപ്പം മണ്ണൊലിപ്പ്, അമിതമായ മേച്ചിൽ, കാട്ടുതീ, അനിയന്ത്രിതമായ മരംമുറി, തെറ്റായ വനപരിപാലനം, ഭൂവിനിയോഗത്തിലെ മാറ്റം തുടങ്ങിയവയും വിവിധ രാജ്യങ്ങളിൽ വനനശീകരണത്തിന് കാരണമാകുന്നതായി റിപ്പോർട്ട് പറയുന്നു. ആഗോള വന-ഭൂപ്രദേശ പുനഃസ്ഥാപന ലക്ഷ്യങ്ങളും നിലവിലെ പ്രവർത്തനങ്ങളും തമ്മിലുള്ള വലിയ അന്തരം അടിയന്തരമായി നികത്തേണ്ടതുണ്ടെന്നും എഫ്.എ.ഒ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Land degradation a global threat; 1.56 billion hectares of land affected, says UN report
Next Story