Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശക്തമായ എൽ നിനോക്ക് ശേഷം ലാ നിനോ? കാലാവസ്ഥാ മാറ്റങ്ങളിലേക്ക് ഉറ്റുനോക്കി ശാസ്ത്രലോകം

text_fields
bookmark_border
ശക്തമായ എൽ നിനോക്ക് ശേഷം ലാ നിനോ? കാലാവസ്ഥാ മാറ്റങ്ങളിലേക്ക് ഉറ്റുനോക്കി ശാസ്ത്രലോകം
cancel

എൽ നിനോയാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള കാലാവസ്ഥാ ചർച്ചകളിൽ പ്രധാന വിഷയം. താപനില ഉയരുന്നതു മുതൽ കൊടുങ്കാറ്റുകളും കനത്ത മഴയും വരെ വിവിധ അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് ഈ പ്രകൃതിദത്ത പ്രതിഭാസം കാരണമാകുന്നുണ്ട്. എൽ നിനോയുടെ ഏറ്റവും ശക്തമായ ഘട്ടം ഇനിയും എത്തിയിട്ടില്ലെന്നും അതിന്റെ സ്വാധീനം 2027 ഫെബ്രുവരി വരെ തുടരുമെന്നും ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ എൽ നിനോ ദുർബലമാകാൻ തുടങ്ങുമ്പോൾ എന്താണ് സംഭവിക്കുക? ചില സാഹചര്യങ്ങളിൽ പസഫിക് സമുദ്രത്തിലെ സ്ഥിതി ശ്രദ്ധേയമായി മാറുകയും അസാധാരണമായ ചൂടിൽനിന്ന് അസാധാരണമായ തണുപ്പിലേക്ക് നീങ്ങുകയും ചെയ്യാം. ഇതോടെ ലാ നിനോ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ എൽ നിനോക്ക് പിന്നാലെ ലാ നിനോ നിർബന്ധമായും സംഭവിക്കണമെന്നില്ല. സംഭവിക്കുമ്പോൾ, ഭൂഖണ്ഡങ്ങളിലുടനീളമുള്ള കാലാവസ്ഥാ രീതികളിൽ വലിയ മാറ്റങ്ങൾക്ക് ഇത് കാരണമാകാം.

എന്താണ് എൽ നിനോയും ലാ നിനോയും?

പ്രകൃതിദത്തമായ ഒരു കാലാവസ്ഥാ ചക്രത്തിന്റെ വിപരീത ഘട്ടങ്ങളാണ് എൽ നിനോയും ലാ നിനോയും. സാധാരണയായി മൂന്ന് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിലാണ് ഇവ സംഭവിക്കുന്നത്. ഇവ രണ്ടും ചേർന്നാണ് എൻസോ (ENSO-എൽ നിനോ-സതേൺ ഓസിലേഷൻ) എന്ന് അറിയപ്പെടുന്നത്. യു.എസ് ദേശീയ സമുദ്ര-അന്തരീക്ഷ ഭരണകൂടമായ ലോക കാലാവസ്ഥാ സംഘടനയുടെ കണക്കുകൾ പ്രകാരമാണിത്.

സ്പാനിഷ് ഭാഷയിൽ എൽ നിനോ എന്നതിന് ‘ചെറിയ ആൺകുട്ടി’ എന്നും ലാ നിനോ എന്നതിന് ‘ചെറിയ പെൺകുട്ടി’ എന്നുമാണ് അർഥം. പസഫിക് സമുദ്രത്തിലാണ് ഈ രണ്ട് കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉത്ഭവം. എന്നാൽ ഇവയുടെ സ്വാധീനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന മാറ്റം ഇന്ത്യയിലെ മഴയെയും ആഫ്രിക്കയിലെ വരൾച്ചയെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കൊടുങ്കാറ്റുകളെയും സ്വാധീനിക്കാം.

പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ശക്തമായ എൽ നിനോയാണ് ഇത്തവണത്തേതെന്നാണ് വിലയിരുത്തൽ. എൽ നിനോ സാധാരണയായി എൻസോയുടെ ചൂടേറിയ ഘട്ടമായാണ് കണക്കാക്കുന്നത്. ഈ ഘട്ടത്തിൽ സാധാരണയായി കിഴക്കോട്ട് വീശുന്ന വ്യാപാരക്കാറ്റുകൾ ദുർബലമാകുകയോ ദിശ മാറുകയോ ചെയ്യും. ഇതോടെ ചൂടുള്ള സമുദ്രജലം മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പസഫിക് മേഖലയിലേക്ക് കിഴക്കോട്ട് നീങ്ങും.

ഇതിന് വിപരീതമാണ് ലാ നിനോ. ഈ ഘട്ടത്തിൽ സാധാരണയേക്കാൾ ശക്തമായ വ്യാപാരക്കാറ്റുകൾ വീശുകയും ചൂടുള്ള സമുദ്രജലം പടിഞ്ഞാറൻ പസഫിക്കിലേക്ക്, ഏഷ്യയുടെയും ഓസ്‌ട്രേലിയയുടെയും സമീപത്തേക്ക്, നീങ്ങുകയും ചെയ്യും. അതേസമയം തെക്കേ അമേരിക്കയുടെ തീരത്ത് തണുത്തതും പോഷകസമ്പന്നവുമായ സമുദ്രജലം മുകളിലേക്ക് ഉയർന്നുവരും.

എൻസോ ചക്രത്തിന്റെ ഭാഗമായി ഇവ മാറിമാറി വരാറുണ്ട്. എന്നാൽ ഇത് കൃത്യമായി പ്രവചിക്കാവുന്ന ഒരു സമയക്രമത്തിലല്ല സംഭവിക്കുന്നത്. പലപ്പോഴും ഒരു ഘട്ടത്തിന് പിന്നാലെ മറ്റൊന്ന് എത്തുമെങ്കിലും, ചില അവസരങ്ങളിൽ ഒരേ ഘട്ടം തുടർച്ചയായി സംഭവിക്കാനും സാധ്യതയുണ്ട്. ഉദാഹരണത്തിന്, തുടർച്ചയായ രണ്ട് വർഷങ്ങളിൽ ലാ നിനോ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളുമുണ്ട്.

ലോക കാലാവസ്ഥാ സംഘടനയുടെ പ്രവചനമനുസരിച്ച്, 2025ന്റെ അവസാനത്തിൽ രൂപപ്പെട്ട ദുർബലമായ ലാ നിനോ 2026ന്റെ തുടക്കത്തിൽ തന്നെ ക്ഷയിച്ചു. മധ്യത്തോടെ സ്ഥിതി പൂർണമായും മാറുകയും ശക്തമായ എൽ നിനോ രൂപപ്പെടുകയും ചെയ്തു. കാലാവസ്ഥാ ശാസ്ത്രജ്ഞനായ നഥാനിയൽ ജോൺസൺ നിലവിലെ എൽ നിനോ 2027ലെ വസന്തകാലത്തോ വേനൽക്കാലത്തിന്റെ തുടക്കത്തിലോ എൻസോ ന്യൂട്രൽ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു. എന്നാൽ പ്രവചന കാലയളവ് മുന്നോട്ടുപോകുന്തോറും അനിശ്ചിതത്വം വർധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, എൽ നിനോ ദുർബലമായതിന് ശേഷം ലാ നിനോ രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ നിലവിൽ ലാ നിനോ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച പ്രവചനമില്ല. ലാ നിനോ രൂപപ്പെടുകയാണെങ്കിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ മഴ, താപനില, വരൾച്ച, കൊടുങ്കാറ്റുകൾ തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങളിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ നിലവിലെ ശക്തമായ എൽ നിനോക്ക് ശേഷമുള്ള പസഫിക് സമുദ്രത്തിലെ മാറ്റങ്ങൾ ആഗോള കാലാവസ്ഥക്ക് നിർണായകമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - La Nina after strong El Nino? Scientific world watches climate shifts
Next Story