ജൂൺ മഴ താളം തെറ്റുന്നു: കേരളത്തിൽ പ്രതിവർഷം 1.4 മില്ലിമീറ്റർ കുറഞ്ഞുവരുന്നതായി ഐ.എം.ഡി
text_fieldsകൊച്ചി: കേരളത്തിൽ ജൂൺ മാസത്തിലെ മഴ ദീർഘകാലാടിസ്ഥാനത്തിൽ വർഷംതോറും ശരാശരി 1.4 മില്ലിമീറ്റർ വീതം കുറഞ്ഞുവരുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. രാജ്യത്ത് ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ 40 ശതമാനം മഴക്കുറവിന് പ്രധാന കാരണം മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില ഉയരുന്നതിലൂടെ രൂപംകൊള്ളുന്ന എൽ നിനോ പ്രതിഭാസമാണ്. എന്നാൽ കേരളത്തിൽ രേഖപ്പെടുത്തിയ 34 ശതമാനം മഴക്കുറവ് ദീർഘകാല പ്രവണതയുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
ഐ.എം.ഡിയുടെ 126 വർഷത്തെ (1901–2026) മഴക്കണക്കുകൾ പ്രകാരം, കേരളത്തിൽ ജൂൺ മാസത്തിലെ മഴ ശരാശരി പ്രതിവർഷം 1.4 മില്ലിമീറ്റർ വീതം കുറഞ്ഞുവരികയാണ്. ജൂൺ മാസത്തിലെ ശരാശരി മഴ ഏകദേശം 175 മില്ലിമീറ്റർ കുറഞ്ഞിട്ടുണ്ട്. ദീർഘകാല ശരാശരിയായ 648.3 മില്ലിമീറ്ററിൽ നിന്ന് മഴയുടെ അളവ് ഗണ്യമായി ഇടിഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു.
മാൻ-കെൻഡൽ ട്രെൻഡ് വിശകലനം പ്രകാരം, 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ കേരളത്തിൽ ജൂൺ മാസത്തിൽ സാധാരണയായി 600 മുതൽ 800 മില്ലിമീറ്റർ വരെ മഴ ലഭിച്ചിരുന്നു. എന്നാൽ 1960-കളോടെ ജൂൺ മാസത്തിലെ മഴ സ്ഥിരമായി 600 മില്ലിമീറ്ററിൽ താഴെയായി.2018-ലെ പ്രളയത്തിന് മുമ്പ് കേരളത്തിൽ ജൂണിൽ 751.5 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. അതിനുശേഷം 600 മില്ലിമീറ്ററിലധികം ജൂൺ മഴ ലഭിച്ചത് 2025-ൽ മാത്രം ആണ്. ആ വർഷം 620.4 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 30 വർഷത്തിനിടെ, ഏറ്റവും കൂടുതൽ ജൂൺ മഴ ലഭിച്ചത് 2013-ൽ ആയിരുന്നു. അന്ന് 1,042.7 മില്ലിമീറ്റർ മഴ ലഭിച്ചു. അതേസമയം, ഏറ്റവും വരണ്ട ജൂൺ 2023-ലായിരുന്നു, അന്ന് വെറും 259.4 മില്ലിമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജൂൺ മാസത്തിലെ മഴയിലെ കുറവ് ദീർഘകാല കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്നും, മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലമുണ്ടായ ആഗോളതാപനമാണ് ഇതിന് പ്രധാന കാരണമെന്നും ഐ.എം.ഡിയിലെ ശാസ്ത്രജ്ഞൻ പറഞ്ഞു.
ആഗോളതാപനം കേരളത്തിലെ മഴയുടെ സ്വഭാവം തന്നെ മാറ്റിയിരിക്കുകയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഡയറക്ടർ കെ. രാജേന്ദ്രൻ അഭിപ്രായപ്പെടുന്നു. "മുമ്പ് അറബിക്കടലിൽ നിന്ന് ഈർപ്പം വഹിച്ചെത്തുന്ന പാളികളായ തിരശ്ചീന മേഘങ്ങളിൽ നിന്ന് ദീർഘനേരം നീണ്ടുനിൽക്കുന്ന നേരിയതോ മിതമായതോ ആയ മഴയാണ് കേരളത്തിന് ലഭിച്ചിരുന്നത്. വിശാലമായ പ്രദേശങ്ങളിലാകെ ഈ മേഘങ്ങൾ മഴ പെയ്യിക്കുമായിരുന്നു. ദീർഘകാലത്തെക്ക് വ്യാപകമായ മഴ കൊണ്ടുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഉയരം കൂടിയ ക്യൂമുലോനിംബസ് മേഘങ്ങളാണ് കൂടുതലായി രൂപപ്പെടുന്നത്. ഇവ ചെറിയ പ്രദേശങ്ങളിൽ മാത്രം വളരെ ശക്തമായ മഴ കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യിക്കുന്ന രീതിയിലേക്ക് മഴയുടെ സ്വഭാവം മാറിയിട്ടുണ്ട്"
മാറുന്ന മഴയുടെ സ്വഭാവത്തിന് അനുസരിച്ച് കൃഷിരീതികളും ഭക്ഷ്യസുരക്ഷാ ആസൂത്രണവും പരിഷ്‌കരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് കാർഷിക കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.മുമ്പ് ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു കേരളത്തിൽ കനത്ത മഴ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മഴയുടെ വലിയൊരു പങ്ക് ഓഗസ്റ്റിലേക്ക് മാറിയതോടെ കർഷകരെ, പ്രത്യേകിച്ച് നെൽകർഷകരെ, ഇത് പ്രതികൂലമായി ബാധിക്കുന്നതായി കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി കാർഷിക കാലാവസ്ഥാ വിഭാഗം മേധാവി ബി. അജിത് കുമാർ പറയുന്നു.
മാറിയ മഴയുടെ രീതിയെ അടിസ്ഥാനമാക്കി പുതിയ വിള കലണ്ടർ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് ഇതുവരെ കർഷകരിലേക്ക് ഫലപ്രദമായി എത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

