ജപ്പാനിൽ മഴക്കെടുതിയിൽ 8 മരണം; 60 വർഷത്തിനിടെ രേഖപ്പെടുത്തിയ അതിശക്തമായ മഴയിൽ ആയിരങ്ങൾ ഒറ്റപ്പെട്ടു
text_fieldsജപ്പാനിൽ കനത്ത മഴയെ തുടർന്ന് എട്ട് പേർ മരിച്ചു. റോഡുകളും റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. ആയിരക്കണക്കിനാളുകളാണ് ടോക്കിയോയിലെ നരിറ്റ വിമാനത്താവളത്തിൽ കുടുങ്ങിയത്. 60 വർഷത്തിനിടെ ജപ്പാനിൽ രേഖപ്പെടുത്തിയ അതിശക്തമായ മഴയാണിതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ 30 സെന്‍റീമീറ്ററിലധികം മഴ പെയ്തതായി കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തി. ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടാണ് മരണങ്ങൾ സംഭവിച്ചത്.
വ്യാഴാഴ്ച പെയ്തു തുടങ്ങിയ മഴ കാരണം ജപ്പാനിൽ ലെവൽ അഞ്ച് (ജപ്പാനിലെ ഏറ്റവും ഉയർന്ന അടിയന്തര മുന്നറിയിപ്പ്) പുറപ്പെടുവിച്ചിരുന്നു. ഇച്ചിക്കാവാ, കാഷിവ, സകുറ തുടങ്ങിയ നഗരങ്ങളിലെ 80തിലധികം വീടുകൾ വെള്ളത്തിനടിയിലായി. കാറുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിബ പ്രിഫെക്ചറിൽ ഏകദേശം 26,000 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം തകരാറിലായി.
നരിത വിമാനത്താവളത്തിൽ മാത്രം ഏകദേശം 6,000 ഓളം യാത്രക്കാരാണ് ഒറ്റരാത്രി കൊണ്ട് കുടുങ്ങിപ്പോയത്. വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ യാത്രക്കാർക്ക് ടെർമിനലുകളിൽ തങ്ങേണ്ടി വന്നു. വിമാനത്താവള അധികൃതർ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും സ്ലീപ്പിംഗ് ബാഗുകളും വിതരണം ചെയ്തു. പലയിടങ്ങളിലും ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് ഗതാഗതത്തെയും സാരമായി ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഇത്തരം അത്യന്തം അപകടകരമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ വർദ്ധിക്കുന്നതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

