3,000 കിലോമീറ്റർ ദുരെയുള്ളവർ വരെ അതു കേട്ടു: ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ ശബ്ദം!
text_fieldsവെടിക്കെട്ടുകൾ, ഇടി, ബോംബ് സഫോടനം എന്നിവ നമുക്ക് ചിലപ്പോൾ ചെവിപൊട്ടിക്കുന്ന തരത്തിലുള്ള ഉയർന്ന ശബ്ദമായിരിക്കാം. എന്നാൽ, ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും ഉയർന്ന ശബ്ദം ഇതിന്റെയൊന്നുമല്ല. നൂറു വർഷത്തിനപ്പുറം 1883ലാണ് അതുണ്ടായത്.
അന്ന് ഇന്തോനേഷ്യയിലെ ഒരു അഗ്നിപർവ്വത ദ്വീപിൽ സംഭവിച്ച ‘ക്രാക്കറ്റോവ’യുടെ സ്ഫോടനം ചരിത്രത്തിലെ ഏറ്റവും വലിയ ശബ്ദമായി കണക്കാക്കപ്പെടുന്നു. 1,900 മൈലിലധികം (3,000 കിലോമീറ്റർ) അകലെ ആളുകൾ ആ സ്ഫോടനം കേട്ടു. ലോകമെമ്പാടുമുള്ള ബാരോമീറ്ററുകൾ മർദ തരംഗം ഉയർന്ന നിലയിൽ രേഖപ്പെടുത്തി.
160 കിലോമീറ്റർ അകലെ, സ്ഫോടന ശബ്ദം 170 ഡെസിബെലിലെത്തി. ഒരു മനുഷ്യന് സാധാരണയായി 0 നും 130 ഡെസിബെലിനും ഇടയിലുള്ള ശബ്ദങ്ങൾ കേൾക്കാൻ കഴിയും. 130 കേൾക്കാൻ കഴിയുന്ന പരമാവധി ശബ്ദ നിലയാണ്. 80 ഡെസിബൽ മുതൽ ആരംഭിക്കുന്ന ശബ്ദങ്ങൾ ദോഷകരമായേക്കാം. 110 ഡെസിബൽ വരെ അവ അസ്വസ്ഥതയും കേൾവിക്ക് സ്ഥിരനാശവും ഉണ്ടാക്കും.
ക്രാക്കറ്റോ സ്ഫോടനം ഏകദേശം 310 ഡെസിബെൽ വരെ എത്തിയെന്നാണ് ആധുനിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആ ശബ്ദം 64 കിലോമീറ്റർ ദൂരത്തുപോലും കർണപടലങ്ങൾ പൊട്ടാൻ തക്കവിധം ശക്തമായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇത്രയും ഉയർന്ന നിലയിൽ എത്തുമ്പോൾ ശബ്ദ തരംഗങ്ങൾ സാധാരണ ശബ്ദം പോലെ പെരുമാറുകയില്ല. ഏകദേശം 194 ഡെസിബെലിൽ അവ ഷോക്ക് തരംഗങ്ങളായി മാറും. ഇത് വായുവിലെ കണികകളെ വൈബ്രേറ്റ് ചെയ്യുകയും അസാധാരണ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. ക്രാക്കറ്റോവിന്റെ ഷോക്ക് തരംഗം വളരെ ശക്തമായിരുന്നു. ആ തരംഗം ഭൂഗോളത്തെ ഏഴ് തവണ വലംവെച്ചു.
‘ക്രാക്കറ്റോ’ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഉറവിടത്തിലെ ശബ്ദം എത്രത്തോളം ഉച്ചത്തിലായിരുന്നുവെന്ന് കൃത്യമായി ഞങ്ങൾക്ക് അറിയില്ല. കാരണം അത് അളക്കാൻ ആരും അടുത്തില്ലായിരുന്നു’വെന്ന് ജർമനിയിലെ ആർ.ഡബ്ല്യു.ടി.എച്ച് ആച്ചെൻ സർവകലാശാലയിലെ ഹിയറിംഗ് ടെക്‌നോളജി ആൻഡ് അക്കോസ്റ്റിക്‌സിന്റെ പ്രഫസർ മൈക്കൽ വോർലാൻഡർ പറഞ്ഞു.
1908ൽ സൈബീരിയയിൽ ഉണ്ടായ ‘തുങ്കുസ്ക’ ഉൽക്കാ സ്ഫോടനമാണ് ഏറ്റവും ഉച്ചത്തിലുള്ള ശബ്ദത്തിനുള്ള മറ്റൊരു എതിരാളി. നൂറുകണക്കിന് ചതുരശ്ര മൈലുകളിലെ മരങ്ങൾ നിലംപൊത്തി. ലോകമെമ്പാടും മർദ തരംഗങ്ങൾ അയച്ചു. തുങ്കുസ്ക സ്ഫോടനം ക്രാക്കുസ്ക സ്ഫോടനത്തിന്റെ അത്രയും ഉച്ചത്തിലായിരുന്നു. ഏകദേശം 300 മുതൽ 315 ഡെസിബെൽ വരെ. എന്നാൽ, ക്രാക്കുസ്ക സ്ഫോടനം പോലെ തുങ്കുസ്ക സ്ഫോടനവും വളരെ അകലെയുള്ള ഉപകരണങ്ങൾക്കു മാത്രമേ രേഖപ്പെടുത്താനായുള്ളൂ.
ഇനി, ആധുനിക യുഗത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം ഏതാണെന്നറിയേണ്ട? ശാസ്ത്രജ്ഞർക്ക് ആഗോളതലത്തിൽ ബാരോമീറ്ററുകളുടെയും ഇൻഫ്രാസൗണ്ട് സെൻസറുകളുടെയും ശൃംഖല ഉണ്ടായി വന്ന ആധുനിക യുഗത്തിൽ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം 2022 ജനുവരിയിൽ ടോംഗയിലെ ഹംഗ പൊട്ടിത്തെറിച്ചതാണ്. അലാസ്കയിലും മധ്യ യൂറോപ്പിലും ഉൾപ്പെടെ ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള മനുഷ്യർ അത് കേട്ടുവെന്ന് അലാസ്ക ഫെയർബാങ്ക്സ് സർവകലാശാലയിലെ പ്രഫസറായ ഡേവിഡ് ഫീ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

