'ഇനി ഞാനൊഴുകട്ടെ' കാമ്പയിൻ; വീണ്ടെടുത്തു, 320.3 കിലോമീറ്റർ നീർച്ചാൽ
text_fieldsതൊടുപുഴ: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയിലൂടെ ഇതുവരെ ജില്ല വീണ്ടെടുത്തത് 320.3 കിലോമീറ്റർ നീർച്ചാലുകൾ. 303 ജലാശയങ്ങൾ ശുചീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകളിലും നീർച്ചാലുകളിലും അടിഞ്ഞുകൂടിയ മാലിന്യം നീക്കി സ്വാഭാവിക ഒഴുക്ക് സാധ്യമാക്കിയാണ് ജലസ്രോതസ്സുകൾ വീണ്ടെടുക്കാനായത്.
പ്രാദേശിക അടിസ്ഥാനത്തിൽ നീർച്ചാലുകൾ വീണ്ടെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 'ഇനി ഞാനൊഴുകട്ടെ' കാമ്പയിൻ ആരംഭിച്ചത്. കാലവർഷത്തിൽ പെയ്ത മഴയിൽ വെള്ളക്കെട്ടിന്റെ രൂക്ഷത കുറക്കുന്നതിനടക്കം ഇത് സഹായകമായതായാണ് വിലയിരുത്തൽ. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്വാഭാവിക ഒഴുക്ക് നഷ്ടമായ ജലാശയങ്ങൾ കണ്ടെത്തിയായിരുന്നു പദ്ധതി പ്രവർത്തനങ്ങൾ.
ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ തോട്, ഉടുമ്പന്നൂരിലെ ആൾക്കല്ല് തോട്, കോടിക്കുളം വലിയതോട്, വെള്ളിയാമറ്റം ഞരളമ്പുഴ തോട് ആലക്കോട് പന്നിമറ്റം -ചവർണ തോട് എന്നിവയും ഇടുക്കി ബ്ലോക്കിൽ കാമാക്ഷി അമ്പലവയൽ തോട്, പാറക്കടവ് തോട്, തങ്കമണി കോളനി റോഡ്, തങ്കമണി പാറക്കടവ് റോഡ്, തൊടുപുഴയിൽ കുമാരമംഗലം വെട്ടിക്കുഴി പാടം റോഡ്, പുറപ്പുഴ മാറികതോട്, മുട്ടം തച്ചിലംകുന്ന് ഭാഗം തോട്, ഇടവെട്ടി നാടയം റോഡ്, പുൽപറമ്പിൽ പാടശേഖരം റോഡ് ദേവികുളത്ത് മൂന്നാർ -മുതിരപ്പുഴയാർ, മാങ്കുളത്ത് മാങ്കുളം ആറ് എന്നിവയും അടിമലി ബ്ലോക്കിൽ ബൈസൽവാലിയിൽ കാക്കാക്കട -ചൊക്രമുടി തോട് എന്നിവയും നെടുങ്കണ്ടം ബ്ലോക്കിൽ കരുണാപുരം പാറക്കട കൂട്ടാർ റോഡ്, കരുണാഭാഗം തോട്, രാജാക്കാട് പഴയവിടുതി തോട്, അടിവാരം ബൈപാസ് തോട് എന്നിവയാണ് മൂന്നാം ഘട്ടത്തിൽ ശുചീകരിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ജലവിഭവ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഹരിതകേരളം മിഷന്റെ കാമ്പയിൽ പുരോഗമിക്കുന്നത്. പശ്ചിമഘട്ടത്തിലെ ജലാശയങ്ങൾ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജനപ്രതിനിധികൾ, യുവജനങ്ങൾ, സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവരുടെ പിന്തുണയും ഉറപ്പാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
വീണ്ടെടുത്തവ വീണ്ടും മലിനമാകാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

