‘ആയിരം സിഗരറ്റ് വലിച്ചതിനു തുല്യം’: ഡൽഹി യാത്രക്കു ശേഷം കടുത്ത തൊണ്ടയെരിച്ചിലും വേദനയുമായി ഐ.പി.എസ് ഓഫിസർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണതിന്റെ അതീവ ഗുരുതരാവസ്ഥ പ്രതിഫലിപ്പിച്ച് ഐ.പി.എസ് ഓഫിസറുടെ സമൂഹ മാധ്യമ പോസ്റ്റ്. ജമ്മു കശ്മീർ മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ശേഷ് പോൾ വൈദ് ആണ് 15 ദിവസത്തെ ഡൽഹി യാത്രക്കൊടുവിൽ തനിക്കും കുടുംബാംഗങ്ങൾക്കും കടുത്ത തൊണ്ടവേദനയും എരിച്ചിലും മൂക്കൊലിപ്പും അനുഭവപ്പെട്ടതായി പങ്കുവെച്ചത്.
ഡൽഹിയിലെ താമസത്തിനുശേഷം തന്റെ അവസ്ഥയെ 1,000 സിഗരറ്റുകൾവലിച്ചതിന് തുല്യമെന്നാണ് വൈദ് വിശേഷിപ്പിച്ചത്. ‘ഞാനും എന്റെ കുടുംബവും 15 ദിവസം ഡൽഹിയിൽ ചെലവഴിച്ചതിന് ശേഷം ഇന്ന് ജമ്മുവിലേക്ക് മടങ്ങി. ഞങ്ങൾ എല്ലാവരും ഗുരുതരാവസ്ഥയിലാണ്. കഠിനമായ തൊണ്ടവേദന, മൂക്കൊലിപ്പ്, ആയിരം സിഗരറ്റുകൾ ശ്വസിച്ചതുപോലെയുള്ള നിരന്തരമായ കത്തുന്ന സംവേദനം’ എന്നായിരുന്നു ‘എക്‌സി’ലെ പോസ്റ്റ്. ഇത് ഹ്രസ്വകാല സന്ദർശകർ അനുഭവിക്കുന്നതാണെങ്കിൽ ഡൽഹിയിലെ കുട്ടികൾ, പ്രായമായവർ, ഇതിനകം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ചവർ എന്നിവരുടെ കഷ്ടപ്പാടുകൾ ഒന്ന് സങ്കൽപിച്ചുനോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ വായു ഗുണനിലവാരം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളും സുപ്രീംകോടതിയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഐ.പി.എസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഡൽഹിയെ ഒരു ഗ്യാസ് ചേംബർ ആയും വൈദ് വിശേഷിപ്പിച്ചു. ‘ഈ മാനുഷിക പ്രതിസന്ധി സുപ്രീംകോടതിയെയും കേന്ദ്ര സർക്കാറിനെയും ഡൽഹി സർക്കാറിനെയും ഉടനടി നടപടിയിലേക്ക് തള്ളിവിടുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും? ഉത്തരവാദിത്തം ആർക്കാണ്? ഡൽഹിയെ എത്ര കാലം ഒരു ഗ്യാസ് ചേംബറായി തുടരാൻൻ വിടും?’- അദ്ദേഹം ചോദിച്ചു.
അപകടകരമായ വായുവിന്റെ ഗുണനിലവാരത്തിനെതിരെ ഡൽഹി നിവാസികൾ ശബ്ദമുയർത്തുന്നത് തുടരുന്നതിനിടെയാണ് ഈ സംഭവം പുറത്തുവരുന്നത്. പോസ്‍റ്റിനു താഴെയുള്ള കമന്റിലൂടെ അവർ നടുക്കവും നിസ്സഹായാവസ്ഥയും രേഖപ്പെടുത്തി.
‘ദേശീയ തലസ്ഥാനത്തെ വായു മലിനീകരണ സാഹചര്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഡൽഹിയിലേക്കുള്ള ഒഴിവാക്കാവുന്ന യാത്ര ഒഴിവാക്കാൻ നിങ്ങൾ എല്ലാവരോടും മുന്നറിയിപ്പ് നൽകിയത് ഇക്കാരണത്താലാണ്’ എന്ന് ഒരു ‘എക്സ്’ ഉപയോക്താവ് എഴുതി.
‘ശരിക്കും ഹൃദയഭേദകമാണ്, ദേശീയ തലസ്ഥാനത്ത് ആരുമിത് ഗൗരവമായി എടുക്കുന്നില്ല. കുട്ടികൾ കഷ്ടപ്പെടുന്നു. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഡൽഹി വിടാൻ എല്ലാവർക്കും അത്ര വലിയ ശേഷിയൊന്നുമില്ല. കുറഞ്ഞത് രണ്ടു മാസത്തെ സ്കൂൾ അവധിയെങ്കിലും നൽകുക’- മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
‘ഡൽഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും ഉത്തരവാദിത്തമുള്ള ഓരോ വ്യക്തിയും ഈ വിഷയം ഉന്നയിക്കാൻ പരമാവധി ശ്രമിക്കണം. അധികാരികൾ ലജ്ജയില്ലാത്തവരാണ്’ എന്ന് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു.
വായു മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാൻ നൂറുകണക്കിന് ഡൽഹി നിവാസികൾ കൈകോർത്തിരുന്നു. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, ഇന്ത്യാ ഗേറ്റ് ഒരു നിയുക്ത പ്രതിഷേധ സ്ഥലമല്ല എന്ന് പറഞ്ഞ് പൊലീസ് അവരെ കസ്റ്റഡിയിൽ എടുക്കുകയുണ്ടായി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഇവിടുത്തെ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ്.ദീപാവലി ആഘോഷങ്ങൾക്കുശേഷമാണ് പൊതുവേ മോശമായിരുന്ന വായുനിലവാരം കൂടുതൽ അപകടത്തിലേക്ക് പതിച്ചത്. തണുപ്പിന്റെ സീസൺ കൂടി തുടങ്ങിയതോടെ ആശങ്ക കടുത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

