Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightസൗരോർജ പാനലുകൾ;...

സൗരോർജ പാനലുകൾ; ഇന്ത്യയുടെ വളർന്നുവരുന്ന ഗുരുതര മാലിന്യ പ്രതിസന്ധി

text_fields
bookmark_border
സൗരോർജ പാനലുകൾ; ഇന്ത്യയുടെ   വളർന്നുവരുന്ന ഗുരുതര മാലിന്യ പ്രതിസന്ധി
cancel

ന്യൂഡൽഹി: ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സൗരോർജ വികസനം ഒരു വലിയ വിജയമായി വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്. എന്നാൽ, അതു സൃഷ്ടിക്കുന്ന മാലിന്യം കൈകാര്യം ചെയ്യുന്ന പദ്ധതികളൊന്നുമില്ലാതെയുള്ള മാറ്റത്തെക്കുറിച്ച് മുന്നയിപ്പു നൽകുകയാണ് ഈ മേഖലയിലെ വിദഗ്ധർ.

ഒരു ദശാബ്ദത്തിനുള്ളിൽ പുനരുപയോഗ ഊർജം രാജ്യത്തിന്റെ കാലാവസ്ഥാ പ്രതിരോധത്തിന്റെ കേന്ദ്രബിന്ദുവാകുമെന്നാണ് പറയുന്നത്. നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും വിശാലമായ സോളാർ പാർക്കുകൾ മുതൽ വീടുകളുടെ മേൽക്കൂരകളിൽ വരെയായി സോളാർ പാനലുകൾ എല്ലായിടത്തുമെത്തുന്നുണ്ട്.

വലിയ സോളാർ പാർക്കുകൾക്കൊപ്പം, ദശലക്ഷക്കണക്കിന് മേൽക്കൂരകൾ ഇപ്പോൾ വൈദ്യുതി ഗ്രിഡിലേക്ക് വൈദ്യുതി സംഭാവന ചെയ്യുന്നു. സബ്‌സിഡി പദ്ധതി പ്രകാരം രാജ്യത്ത് 2.4 ദശലക്ഷം കുടുംബങ്ങൾ സോളാർ സ്വീകരിച്ചതായി സർക്കാർ ഡാറ്റ കാണിക്കുന്നു.

സൗരോർജ വളർച്ച കൽക്കരിയെ ആശ്രയിക്കുന്നത് കുറച്ചു. താപ, ഇതര പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഇപ്പോഴും സ്ഥാപിതശേഷിയുടെ പകുതിയിലധികം നൽകുന്നുണ്ടെങ്കിലും, സോളാർ 20 ശതമാനത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നു. എങ്കിലും ഈ നേട്ടം വലിയ വെല്ലുവിളിയും ഉയർത്തുന്നു. ഉപയോഗത്തിൽ വെടിപ്പുള്ളതാണെങ്കിലും ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഗുരുതരമായ പാരിസ്ഥിതിക അപകടങ്ങൾക്ക് ഏറെ സാധ്യതയുള്ളതാണിത്.

അപകടങ്ങൾ എന്തൊക്കെ?

സോളാർ പാനലുകൾ കൂടുതലും പുനഃരുപയോഗിക്കാവുന്നവയാണ്. ഗ്ലാസ്, അലൂമിനിയം, വെള്ളി, പോളിമറുകൾ എന്നിവകൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. എന്നാൽ, തെറ്റായി കൈകാര്യം ചെയ്താൽ ലെഡ്, കാഡ്മിയം തുടങ്ങി അതിലടങ്ങിയിരിക്കുന്ന വിഷ ലോഹങ്ങൾ മണ്ണിനെയും വെള്ളത്തെയും മലിനമാക്കും. ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക നാശം വിതക്കുന്നവയാണിവ.

സോളാർ പാനലുകൾ സാധാരണയായി ഏകദേശം 25 വർഷത്തോളം നീണ്ടുനിൽക്കും. അതിനുശേഷം അവ നീക്കം ചെയ്യുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. സൗരോർജ മാലിന്യ പുനരുപയോഗത്തിനായി നിലവിൽ ഇന്ത്യക്ക് പ്രത്യേക ബജറ്റില്ല. പഴയ പാനലുകൾ പ്രോസസ്സ് ചെയ്യുന്നതിന് വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമേയുള്ളൂ.

സോളാർ മാലിന്യത്തെക്കുറിച്ച് ഇന്ത്യക്ക് ഔദ്യോഗിക ഡാറ്റയൊന്നുമില്ല. എന്നാലിത് 2023 ആകുമ്പോഴേക്കും ഏകദേശം 100,000 ടൺ ആയെന്നും 2030 ആകുമ്പോഴേക്കും 600,000 ടണ്ണായി ഉയരുമെന്നും ഒരു പഠനം കാണിക്കുന്നു. ഇപ്പോൾ ഈ അളവ് ചെറുതാണ്. പക്ഷേ, വൻതോതിൽ വരാനിരിക്കുന്നതേയുള്ളൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ​ദ്രുതഗതിയിലുള്ള പുനരുപയോഗ ഊർജ നിക്ഷേപം ഇന്ത്യയുടെ വളർന്നുവരുന്ന മാലിന്യ പ്രതിസന്ധിയായി സോളാറിനെ മാറ്റും.

കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ എന്നിവ നടത്തിയ ഒരു പുതിയ പഠനം കണക്കാക്കുന്നത് 2047 ആകുമ്പോഴേക്കും ഇന്ത്യ 11 ദശലക്ഷം ടണ്ണിലധികം സൗരോർജ മാലിന്യം ഉത്പാദിപ്പിക്കുമെന്നാണ്. ഇന്ത്യയിലെ വലിയ സോളാർ പാർക്കുകളിൽ ഭൂരിഭാഗവും 2010കളുടെ മധ്യത്തിലാണ് നിർമിച്ചത്. അതിനാൽ മാലിന്യത്തിന്റെ യഥാർഥ തരംഗം 10 മുതൽ 15 വർഷത്തിനുള്ളിൽ വരുമെന്ന് ഊർജ കമ്പനിയായ ‘ടാർഗ്രേ’യിലെ രോഹിത് പഹ്വ പറയുന്നു.

2022ൽ, ഇന്ത്യ സോളാർ പാനലുകളെ ഇ-മാലിന്യ നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവന്നു. പാനലുകളുടെ ആയുസ്സ് തീരുന്നേരം അവ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും പൊളിച്ചുമാറ്റുന്നതിനും പുനഃരുപയോഗം ചെയ്യുന്നതിനും ഇത് നിർമാതാക്കളെ ഉത്തരവാദികളാക്കി.

എന്നാൽ, വീടുകളിലും ചെറുകിട സ്ഥാപനങ്ങളിലുമുള്ള പാനലുകൾ ട്രാക്ക് ചെയ്യാനും ശേഖരിക്കാനും പുനഃരുപയോഗം ചെയ്യാനും ബുദ്ധിമുട്ടുള്ളതിനാൽ ഇവ ഗണ്യമായ മാലിന്യം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കേടായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പാനലുകൾ പലപ്പോഴും മാലിന്യക്കൂമ്പാരങ്ങളിലോ അനധികൃത റീസൈക്ലറുകളിലോ എത്തുന്നു. അവിടെ സുരക്ഷിതമല്ലാത്ത രീതിയിൽ വിഷവസ്തുക്കൾ പുറത്തുവിടുമെന്നും അവർ മുന്നറിയിപ്പു തരുന്നു.

രണ്ട് പതിറ്റാണ്ടുകളായി ശുദ്ധമായ ഊർജത്തെക്കുറിച്ചുള്ള മിഥ്യാധാരണയാണ് സൗരോർജം നൽകിക്കൊണ്ടിരിക്കുന്നത്. പാനലുകൾ പുനരുപയോഗം ചെയ്യുന്നതിനുള്ള ഗൗരവമേറിയ പദ്ധതിയില്ലെങ്കിൽ രാജ്യം പാനലുകളുടെ ശവകുടീരങ്ങൾ അവശേഷിപ്പിക്കുമെന്ന് പരിസ്ഥിതി വിദഗ്ധൻ സായ് ഭാസ്‌കർ റെഡ്ഡി നക്ക പറയുന്നു.

മാലിന്യങ്ങൾ വർധിക്കുന്നതിനനുസരിച്ച് അത് എങ്ങനെ സംസ്കരിക്കണമെന്ന് അറിയുന്ന കമ്പനികൾക്കുള്ള ആവശ്യവും വർധിക്കുമെന്ന് പഹ്വ പറയുന്നു. ഇന്ത്യയിൽ ഇതിനകം ഗ്ലാസ്, അലുമിനിയം എന്നിവക്കുള്ള വിപണികളുണ്ട്. കൂടാതെ സോളാർ സെല്ലുകളിൽ കാണപ്പെടുന്ന ലോഹങ്ങളായ സിലിക്കൺ, വെള്ളി, ചെമ്പ് എന്നിവ പുതിയ പാനലുകൾക്കോ ​​മറ്റ് വ്യവസായങ്ങൾക്കോ ​​വേണ്ടി വീണ്ടെടുക്കാൻ കഴിയുമെന്നും പഠനത്തിന്റെ സഹ രചയിതാവ് ആകാൻഷ ത്യാഗി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar energysolar panelswaste problemsolar waste
News Summary - India's solar energy projects pose a serious waste problem
Next Story