കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് സാമ്പത്തിക സർവേ; ജി.ഡി.പി 10ശതമാനം വരെ ഇടിയും
text_fieldsന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്ന ഏറ്റവും ദുർബലമായ ഏഴാമത്തെ രാജ്യമായി ഇന്ത്യയെ പട്ടികപ്പെടുത്തി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ. ഇന്ത്യ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ അഭിമുഖീകരിക്കുന്നുവെന്നും സർവേ പറയുന്നു.
തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ, സമുദ്രനിരപ്പ് ഉയരൽ, ജൈവവൈവിധ്യ നഷ്ടം, വർധിച്ചുവരുന്ന ജല അരക്ഷിതാവസ്ഥ തുടങ്ങിയ പ്രതിഭാസങ്ങളെ ഇത് ഉയർത്തിക്കാട്ടുന്നു. ഈ അവസ്ഥകൾ കാർഷിക ഉൽപാദനക്ഷമതക്ക് ഭീഷണി ഉയർത്തുകയും ഭക്ഷ്യ വിലക്കയറ്റത്തിനും സഹമൂത്തിന്റെ അശാന്തിക്കും ഇടയാക്കുകയും ചെയ്യും.
സാമ്പത്തിക ആഘാതം ഏറെ കടുത്തതാണ്. ഇന്ത്യയുടെ ജി.ഡി.പി പ്രതിവർഷം 3ശതമാനം മുതൽ 10ശതമാനം വരെ കുറക്കുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, കാലാവസ്ഥാ വ്യതിയാനം സ്ത്രീകളിൽ പ്രത്യേകിച്ച് ജീവനോപാധികൾ ഭീഷണി നേരിടുന്ന ഗ്രാമപ്രദേശങ്ങളിലെ ആഘാതവും സർവെ എടുത്തുകാണിക്കുന്നു. ഇതിനെ മറികടക്കാൻ കൃഷി, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് ബദൽ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിന് സ്വയം സഹായ ഗ്രൂപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നേക്കും.
2024ലെ ആഗോള പരിസ്ഥിതി ഏജൻസികൾ ഏറ്റവും ചൂടേറിയ വർഷമായി പ്രഖ്യാപിച്ചിരുന്നു. തീവ്രമായ കാലാവസ്ഥാ സംഭവങ്ങളെ അഭിമുഖീകരിച്ചതിൽ ഇന്ത്യയും വ്യത്യസ്തമല്ല. പോയ വർഷം 93ശതമാനം ദിവസങ്ങളും ഉഷ്ണതരംഗങ്ങൾ, ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം തുടങ്ങിയ കാര്യമായ കാലാവസ്ഥാ സംഭവങ്ങളാൽ രാജ്യം അടയാളപ്പെടുത്തി.
2035തോടെ കാലാവസ്ഥാ പൊരുത്തപ്പെടുത്തലിന് നിശ്ചയിച്ചിട്ടുള്ള 300 ബില്യൺ ഡോളർ വാർഷിക സാമ്പത്തിക ലക്ഷ്യം അപര്യാപ്തമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കുറഞ്ഞ കാർബൺ വളർച്ചയിലേക്കുള്ള നീക്കത്തിന്റെ ഭാഗമായി, 2070ഓടെ ഇന്ത്യ പൂജ്യം ഉദ്‌വമനം ലക്ഷ്യമിടുന്നു. അതേസയമം, പുനഃരുപയോഗ ഊർജം വിനിയോഗിക്കുന്നതിൽ ഇന്ത്യ വെല്ലുവിളികൾ നേരിടുന്നുമുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് നൂതന തന്ത്രങ്ങളും അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ നിക്ഷേപവും ആവശ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.