ചുട്ടുപൊള്ളി ഇന്ത്യ: അപകടകരമായ ഉഷ്ണതരംഗത്തിൽ ലോകത്ത് ഒന്നാമത്; കടുത്ത ചൂട് അനുഭവിച്ചത് 11.7 കോടി ജനങ്ങൾ
text_fieldsന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അത്യുഷ്ണത്തിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ദുരിതമനുഭവിച്ചത് ഇന്ത്യയിലെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ 11.7 കോടിയോളം (117 ദശലക്ഷം) ജനങ്ങൾ 30 ദിവസത്തിലധികം അതീവ അപകടകരമായ ചൂട് അനുഭവിച്ചതായി യു.എസ് ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ സംഘടനയായ 'ക്ലൈമറ്റ് സെൻട്രൽ' പുറത്തുവിട്ട വിശകലന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ 59 പ്രമുഖ നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, കാലാവസ്ഥാ വ്യതിയാനം കാരണം അപകടകരമായ ചൂടുള്ള ദിവസങ്ങളിൽ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത് കശ്മീരിലെ ശ്രീനഗറിലാണ് (53 ദിവസങ്ങൾ). ചെന്നൈ (40 ദിവസം), രാജ്‌കോട്ട്, അമൃത്സർ (29 ദിവസം വീതം), ലക്നൗ (27 ദിവസം) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ സ്വാധീനമുള്ള ഏറ്റവും കൂടുതൽ ചൂടുള്ള ദിവസങ്ങൾ രേഖപ്പെടുത്തിയത് മുംബൈയിലാണ് (ആകെ 86 ദിവസങ്ങൾ). ഇന്ത്യയിലെ ഒരു സാധാരണക്കാരൻ ഈ സീസണിൽ ശരാശരി 39 ദിവസത്തോളം കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ഫലമായി ഉയർന്ന കടുത്ത ചൂട് അനുഭവിക്കേണ്ടി വന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1991-2020 കാലഘട്ടത്തിലെ ശരാശരിയേക്കാൾ 0.7 ഡിഗ്രി സെൽഷ്യസ് അധിക താപനിലയാണ് ഈ കാലയളവിൽ ഇന്ത്യയിൽ അനുഭവപ്പെട്ടത്.
ആഗോളതലത്തിൽ 150 കോടിയിലധികം (1.5 ബില്യൺ) ജനങ്ങളാണ് ഇക്കാലയളവിൽ കുറഞ്ഞത് ഒരു മാസമെങ്കിലും ഇത്തരത്തിലുള്ള ജീവന് ഭീഷണിയായ ചൂട് നേരിട്ടത്. ഭൂഖണ്ഡങ്ങളിൽ ഏഷ്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഉഷ്ണതരംഗത്തിന് ഇരയായത്. ഇന്ത്യയ്ക്ക് പിന്നാലെ ചൈനയിൽ 9.4 കോടി ആളുകളും ഇന്തോനേഷ്യയിൽ 8.3 കോടി ആളുകളും കടുത്ത ചൂടിന് ഇരയായി. കൽക്കരി, എണ്ണ, വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളിലുള്ള മനുഷ്യന്റെ അമിതാശ്രയമാണ് ആഗോളതാപനത്തെ ഈ നിലയിലേക്ക് എത്തിച്ചതെന്നും കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങൾ എത്രത്തോളം രൂക്ഷമാണെന്ന് ഈ കണക്കുകൾ ഓർമിപ്പിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാന കൺവെൻഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റീൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

