ഇന്ത്യയിൽ 22446 കാട്ടാനകൾ, ഡി.എൻ.എ അടിസ്ഥാനമാക്കിയുള്ള ആദ്യ സെൻസസ് പുറത്ത്
text_fieldsഇന്ത്യയിൽ 22446 കാട്ടാനകൾ ഉണ്ടെന്ന് പുതിയ പഠനം. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യൂ.ഐ.ഐ)പുറത്തിറക്കിയ ഓൾ-ഇന്ത്യ സിൻക്രൊണൈസ്ഡ് എലിഫന്റ് എസ്റ്റിമേഷൻ (എസ്.എ.ഐ.ഇ.ഇ) 2025 സർവേയിലാണ് പുതിയ റിപ്പോർട്ടുകൾ. 2017ൽ 27,312 എണ്ണം കാട്ടാനകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. നിലവിൽ 17ശതമാനം കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഡി.എൻ.എ അടിസ്ഥാനമാക്കിയുള്ള ആദ്യ സെൻസസ് 2025ലെ റിപ്പോർട്ട് ആയതിനാൽ കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ഗവേഷകർ വ്യക്തമാക്കി.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, പ്രോജക്ട് എലിഫന്റ്, ഡബ്ല്യൂ.ഐ.ഐ എന്നിവ സംയുക്തമായി നടത്തിയ ഈ സെൻസസ് ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ അടിസ്ഥാനമാക്കിയുള്ള ആനകളുടെ കണക്കെടുപ്പാണ്. ഡെറാഡൂണിൽ നടന്ന വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാർഷിക ഗവേഷണ സെമിനാറിലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതിൽ രാജ്യത്തെ ആനകളുടെ എണ്ണം 18,255നും 26,645നും ഇടയിലാണെന്നും ശരാശരി 22,446 ആണെന്നും പറയുന്നു.
ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ, മനുഷ്യ-വന്യമൃഗ സംഘർഷം എന്നിവ മൂലമുള്ള ഭീഷണികളാണ് എണ്ണത്തിൽ കുറവിന് കാരണമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ചുരുങ്ങുന്ന ആവാസവ്യവസ്ഥകളും മറ്റും ആനകളെ നാട്ടിലേക്ക് പാലായനം ചെയ്യുന്നതിന് നിർബന്ധിക്കുന്നു. ഇതിലൂടെ വൈദ്യുതാഘാതം, ട്രെയിൻ അപകടങ്ങൾ, എന്നിങ്ങനെ നിരവധി കാരണങ്ങൾ വഴി ആനകൾ ചാകുന്നതിന് കാരണമാകുന്നു.
എണ്ണമെടുക്കുന്നതിനായി ആനകളുടെ ആവാസവ്യവസ്ഥകളിൽനിന്ന് 21,056 ആനപിണ്ഢങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. ഡി.എൻ.എ ഫിംഗർ പ്രിന്റിങ് ഉപയോഗിച്ച് 4,065 ആനകളെ തിരിച്ചറിഞ്ഞു. ദേശീയതലത്തിൽ എണ്ണം കണക്കാക്കാൻ മാർക്ക്-റീക്യാപ്ചർ മോഡൽ പ്രയോഗിച്ചു. ഡാറ്റ സ്ഥിരീകരിക്കാൻ കൂടുതൽ സമയമെടുത്തതിനാലാണ് 2021ൽ ആരംഭിച്ച റിപ്പോർട്ട് വൈകിയെതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡി.എൻ.എ അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് കൂടുതൽ കൃത്യതയുള്ളതും ഇരട്ടിപ്പ് ഒഴിവാക്കുന്നതുമാണ്. കടുവകളുടെ കണക്കെടുപ്പിന് സമാനമായ രീതിയാണിതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലോകത്തിലെ അവശേഷിക്കുന്ന ഏഷ്യൻ ആനകളിൽ 60 ശതമാനത്തിലധികവും ഇന്ത്യയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആനസങ്കേതമായി പശ്ചിമഘട്ടം തുടരുന്നു. 11,934 ആനകളാണ് പശ്ചിമഘട്ടത്തിൽ ഉള്ളത്. തൊട്ടുപിന്നാലെ വടക്കുകിഴക്കൻ കുന്നുകളും ബ്രഹ്മപുത്ര വെള്ളപ്പൊക്ക സമതലങ്ങളും 6,559 ആനകളുമായി രണ്ടാം സ്ഥാനത്താണ്. ശിവാലിക് കുന്നുകളും ഗംഗാ സമതലങ്ങളിലും 2,062 ആനകളാണ്. മധ്യ ഇന്ത്യയും കിഴക്കൻ ഘട്ടങ്ങളും 1,891 ആനകളെ ഉൾക്കൊള്ളുന്നു. സംസ്ഥാന തലത്തിൽ കർണാടകയിലാണ് ഏറ്റവും കൂടുതൽ ആനകൾ ഉള്ളത്. 6,013 ആനകൾ. തൊട്ടുപിന്നാലെ അസം (4,159), തമിഴ്‌നാട് (3,136), കേരളം (2,785), ഉത്തരാഖണ്ഡ് (1,792) എന്നിവയുണ്ട്. ഒഡിഷയിൽ 912 ആനകളുണ്ട്. അരുണാചൽ പ്രദേശ് (617), മേഘാലയ (677), നാഗാലാൻഡ് (252), ത്രിപുര (153) മധ്യപ്രദേശ് (97), മഹാരാഷ്ട്ര (63) എന്നിങ്ങനെയാണ് കണക്കുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

