Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു നദി, ഒരു ജീവിവർഗം, ഒരു അതിജീവനകഥ; സിന്ധു ഡോൾഫിന്റെ എണ്ണത്തിൽ വർധനവ്

text_fields
bookmark_border
ഒരു നദി, ഒരു ജീവിവർഗം, ഒരു അതിജീവനകഥ; സിന്ധു ഡോൾഫിന്റെ  എണ്ണത്തിൽ വർധനവ്
cancel

ലോകത്തിലെ ഏറ്റവും അപൂർവമായ ശുദ്ധജല സസ്തനികളിലൊന്നായ 'സിന്ധു നദി ഡോൾഫിൻ' (Indus River Dolphin) വംശനാശത്തിന്റെ വക്കിൽ നിന്ന് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒരുകാലത്ത് വെറും 132 ഡോൾഫിനുകൾ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഏറ്റവും പുതിയ സമഗ്ര സർവേ പ്രകാരം ഇവയുടെ എണ്ണം 1,987 ആയി ഉയർന്നതായി കണ്ടെത്തിയിരിക്കുന്നു. വന്യജീവി സംരക്ഷണ രംഗത്ത് സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിൽ ഒന്നായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്.

പാകിസ്താനിലെ സിന്ധു നദിയിലും അതിന്റെ പോഷക നദിയായ ബിയാസ് നദിയിലും മാത്രം കാണപ്പെടുന്ന അപൂർവമായ ഒരു ശുദ്ധജല ഡോൾഫിൻ ഇനമാണിത്. ഇത് പാകിസ്താന്റെ ദേശീയ സസ്തനിയും (ഭുലൻ) പഞ്ചാബിന്റെ സംസ്ഥാന ജലജീവിയുമാണ്. ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡോൾഫിന്റെ ഏറ്റവും വലിയ പ്രത്യേകത കാഴ്ചശേഷിയില്ലാത്ത ജീവിയാണെന്നതാണ്. കണ്ണുകൾ ഉണ്ടെങ്കിലും അവക്ക് വ്യക്തമായ ദൃശ്യങ്ങൾ കാണാൻ കഴിയില്ല. അതിനാൽ ഇവ ഇക്കോലൊക്കേഷൻ (echolocation) എന്ന ശബ്ദപ്രതിധ്വനി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മത്സ്യങ്ങളെ കണ്ടെത്തുകയും വേട്ടയാടുകയും ചെയ്യുന്നത്. ഉയർന്ന ആവൃത്തിയിലുള്ള ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ച് അവയുടെ പ്രതിധ്വനിയിൽ നിന്ന് ഇരയുടെ വലിപ്പവും ദൂരവും ചലനവും വരെ മനസ്സിലാക്കാൻ ഈ ഡോൾഫിന് കഴിയും. വെള്ളത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു നീന്തുന്ന ഇവ വാൽ ഉപയോഗിച്ച് മുന്നേറുമ്പോൾ ഒരു ചിറക് നദിയുടെ അടിത്തട്ടിലൂടെ സ്പർശിച്ചുകൊണ്ടിരിക്കും. വരൾച്ചക്കാലത്ത് ആഴം കുറഞ്ഞ വെള്ളത്തിലും ജീവിക്കാൻ ഈ രീതി സഹായിക്കുന്നു.

20-ാം നൂറ്റാണ്ടിൽ സിന്ധു നദിയിൽ നിർമ്മിച്ച നിരവധി ബാരേജുകളും ജലസേചന കനാലുകളും ഡോൾഫിനുകളുടെ സ്വാഭാവിക സഞ്ചാരപാതയെ തകർത്തു. ഒരിക്കൽ ഏകദേശം 2,175 മൈൽ നീളത്തിൽ വ്യാപിച്ചിരുന്ന ആവാസവ്യവസ്ഥ പിന്നീട് 430 മൈലായി ചുരുങ്ങി. കനാലുകളിലേക്ക് ഒഴുകിപ്പോകുന്ന ഡോൾഫിനുകൾക്ക് തിരികെ പ്രധാന നദിയിലേക്ക് എത്താൻ കഴിയാതെ കുടുങ്ങിപ്പോകുന്നത് പതിവായി. ഇതിനൊപ്പം മാംസത്തിനും എണ്ണക്കുമായുളള വേട്ടയാടലും ചേർന്നപ്പോൾ 1970-കളിൽ ഈ ജീവിവർഗം വംശനാശത്തിന്റെ വക്കിലെത്തി.

1980-കളുടെ അവസാനം നടത്തിയ സർവേയിൽ പ്രധാന ആവാസമേഖലയിൽ 429 ഡോൾഫിനുകളെ കണ്ടെത്തി. തുടർന്ന് നടന്ന സർവേകളിൽ എണ്ണം സ്ഥിരമായി ഉയരുകയായിരുന്നു. ഏറ്റവും ഒടുവിലെ സർവെയിൽ 1,987എണ്ണമായി ഉയർന്നു. ഡോൾഫിൻ വേട്ട പൂർണമായും നിരോധിച്ചു. പ്രധാന ആവാസമേഖലയെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. പിന്നീട് അതിന് അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തട പദവിയും ലഭിച്ചു.

എന്നാൽ സംരക്ഷണ വിജയത്തിലെ ഏറ്റവും പ്രധാന ഘടകം പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തമായിരുന്നു. ജലസേചന കനാലുകളിൽ കുടുങ്ങുന്ന ഡോൾഫിനുകളെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും വന്യജീവി വകുപ്പിനെ അറിയിച്ചു. തുടർന്ന് രക്ഷാപ്രവർത്തകർ അവയെ ബോട്ടുകളിലും പ്രത്യേക ഉപകരണങ്ങളിലുമായി വീണ്ടും പ്രധാന നദിയിലേക്ക് സുരക്ഷിതമായി മാറ്റുന്നു.

ജനസംഖ്യ വർധിച്ചെങ്കിലും സിന്ധു നദി ഡോൾഫിൻ ഇപ്പോഴും സുരക്ഷിതമല്ല. ഭൂരിഭാഗം ഡോൾഫിനുകളും നദിയിലെ ഒരു ചെറിയ ഭാഗത്താണ് ജീവിക്കുന്നത്. അതിനാൽ രാസമാലിന്യം, കടുത്ത വരൾച്ച, ജലപ്രവാഹം കുറയൽ, വ്യാവസായിക മാലിന്യങ്ങൾ എന്നിവയെല്ലാം ഈ ജീവിവർഗത്തിന് ഭീക്ഷണിയാണ്. ശാസ്ത്രീയ സംരക്ഷണവും സർക്കാർ നടപടികളും പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തവും ഒരുമിച്ചാൽ വംശനാശത്തിന്റെ വക്കിലെത്തിയ ജീവിവർഗങ്ങളെയും തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് തെളിയിക്കുന്ന ശ്രദ്ധേയമായ ഉദാഹരണമാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സിന്ധു ഡോൾഫിന്റെ എണ്ണത്തിൽ വർധനവ്
Next Story