Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസറിനെ തോൽപ്പിച്ച് ‘ജോഡി ഫോസ്റ്റർ’; ചരിത്രത്തിലാദ്യമായി പെരുമ്പാമ്പിന് ഇലക്ട്രോകീമോതെറാപ്പി

text_fields
bookmark_border
കാൻസറിനെ തോൽപ്പിച്ച് ‘ജോഡി ഫോസ്റ്റർ’; ചരിത്രത്തിലാദ്യമായി പെരുമ്പാമ്പിന് ഇലക്ട്രോകീമോതെറാപ്പി
cancel

ബ്രിട്ടനിലെ ചെസ്റ്റർ മൃഗശാലയിൽ കഴിയുന്ന 15 അടി നീളമുള്ള പെൺപെരുമ്പാമ്പ് ‘ജോഡി ഫോസ്റ്റർ’ അപൂർവമായ കാൻസർ ചികിത്സയിലൂടെ ശ്രദ്ധ നേടുന്നു. മനുഷ്യരിൽ കാൻസർ ചികിത്സക്കായി ഉപയോഗിക്കുന്ന ഇലക്ട്രോകീമോതെറാപ്പി പാമ്പിൽ ആദ്യമായി പരീക്ഷിച്ചാണ് വെറ്ററിനറി വിദഗ്ധർ പുതിയൊരു ചികിത്സാ ചരിത്രം സൃഷ്ടിച്ചത്.

ഹോളിവുഡ് നടി ജോഡി ഫോസ്റ്ററിന്റെ പേരിലുള്ള ഈ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പിന് 23 വയസ്സും ഏകദേശം 50 കിലോഗ്രാം ഭാരവുമുണ്ട്. ഭക്ഷണം കഴിക്കുന്നത് കുറയുകയും സാധാരണയേക്കാൾ കൂടുതൽ സമയം അനങ്ങാതെ കഴിയുകയും ചെയ്തതോടെയാണ് ആരോഗ്യപ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. വിശദമായ പരിശോധനയിൽ താടിയെല്ലിൽ ഫൈബ്രോസാർക്കോമ എന്ന മാരകമായ ട്യൂമർ കണ്ടെത്തുകയായിരുന്നു.

ആദ്യഘട്ടത്തിൽ ശസ്ത്രക്രിയ നടത്തി ട്യൂമർ നീക്കം ചെയ്തെങ്കിലും പിന്നീട് കാൻസർ വീണ്ടും തിരിച്ചെത്തി. താടിയെല്ലിന്റെ അസ്ഥിയിലേക്കും രോഗം വ്യാപിച്ചതോടെ സാധാരണ ശസ്ത്രക്രിയ മാത്രം മതിയാകാത്ത സാഹചര്യമുണ്ടായി. ഭക്ഷണം കഴിക്കുന്നതിലും ജോഡിക്ക് ബുദ്ധിമുട്ട് നേരിട്ടു. തുടർന്നാണ് ചെസ്റ്റർ മൃഗശാലയിലെ വെറ്ററിനറി സംഘവും ലിവർപൂൾ സർവകലാശാലയിലെ കാൻസർ വിദഗ്ധരും ചേർന്ന് ജോഡിക്കായി ഇലക്ട്രോകെമോതെറാപ്പി ചികിത്സാ പദ്ധതി തയ്യാറാക്കിയത്.

എന്താണ് ഇലക്ട്രോകീമോതെറാപ്പി?

കാൻസറിനെതിരെ ഉപയോഗിക്കുന്ന ബ്ലിയോമൈസിൻ എന്ന മരുന്നിനൊപ്പം നിയന്ത്രിതമായ വൈദ്യുത പൾസുകളും ഉപയോഗിക്കുന്ന ചികിത്സയാണിത്. ട്യൂമറിന്റെ ഭാഗത്ത് വൈദ്യുത പൾസുകൾ നൽകുമ്പോൾ കാൻസർ കോശങ്ങളുടെ പുറംപാളി താൽക്കാലികമായി കൂടുതൽ പ്രവേശനക്ഷമമാകും. ഇതുവഴി മരുന്ന് കോശങ്ങൾക്കുള്ളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തുകയും ശേഷിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

ജോഡിയുടെ വലുപ്പം കണക്കിലെടുത്ത് ചികിത്സക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കേണ്ടിവന്നു. സാധാരണ ഓപ്പറേഷൻ ടേബിളിൽ പാമ്പിനെ കിടത്താൻ കഴിയാത്തതിനാൽ രണ്ട് ടേബിളുകൾ ചേർത്താണ് ചികിത്സാ പ്ലാറ്റ്ഫോം തയ്യാറാക്കിയത്. ഏകദേശം 90 മിനിറ്റ് നീണ്ട നടപടിക്രമത്തിൽ ട്യൂമറും രോഗബാധിതമായ താടിയെല്ലിന്റെ ഒരു ഭാഗവും നീക്കം ചെയ്തു. തുടർന്ന് ശേഷിച്ചേക്കാവുന്ന കാൻസർ കോശങ്ങളെ ലക്ഷ്യമിട്ട് ഇലക്ട്രോകെമോതെറാപ്പിയും നൽകി.

ചികിത്സക്ക് ശേഷം ജോഡിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായി. ഇപ്പോൾ സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുകയും സജീവമായി പെരുമാറുകയും ചെയ്യുന്നുണ്ട്. ഇരയെ പിടിച്ച് വിഴുങ്ങുന്നതിലും ബുദ്ധിമുട്ടുകളില്ലെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. തുടർപരിശോധനകളിലും കാൻസർ തിരിച്ചെത്തിയതിന്റെ വ്യക്തമായ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

ചികിത്സയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് ഗവേഷകരുടെ തീരുമാനം. വെറ്ററിനറി വിദഗ്ധർക്ക് പഠിക്കാനും ഭാവിയിൽ മറ്റ് മൃഗങ്ങളിൽ സമാന ചികിത്സകൾ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In a World First Python Treated with Electrochemotherapy
Next Story