മഴ ശക്തിപ്രാപിക്കുന്നു! അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് നിരോധനം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ മഴ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതുപ്രകാരം ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
20/10/2026 ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും 21/10/2026 ബുധൻ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടാണ്. സാഹചര്യം അനുസരിച്ച് മുന്നറിയിപ്പിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (17/10/2026 & 18/10/2026) മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്ത് സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 12.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് 868.6 മില്ലിമീറ്റർ മഴയാണ് സാധാരണ ലഭിക്കേണ്ടതെങ്കിൽ ഇത്തവണ ലഭിച്ചത് 759.4 മില്ലിമീറ്റർ മാത്രമാണ്. മഴക്കുറവ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി, കുടിവെള്ള വിതരണം, ജലവൈദ്യുതി ഉൽപാദനം എന്നിവയെ ബാധിച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

