കരീബിയൻ ദ്വീപുകളുടെ ഉറക്കം കെടുത്തി മെലിസ ചുഴലിക്കാറ്റ്: സഹായം എത്തിക്കാനാവാതെ മരണസംഖ്യ ഉയരുന്നു
text_fieldsകിംഗ്സ്റ്റൺ: കരീബിയൻ ദ്വീപുകളിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ മെലിസ ആഞ്ഞടിച്ചതിനെ തുടർന്ന് ഹെയ്തിയിലും ജമൈക്കയിലും മരണസംഖ്യ ഉയരുന്നു. ഹെയ്തിയിൽ കുറഞ്ഞത് 30 പേരും ജമൈക്കയിൽ കുറഞ്ഞത് 19 പേരും മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിരച്ചിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെങ്കിലും ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതിനെ തുടർന്ന് മരണസംഖ്യ ഉയരുന്നതായാണ് റിപ്പോർട്ട്.
ജമൈക്കയിൽ, മുഴുവനായും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങൾ ഉണ്ടെന്നും പടിഞ്ഞാറൻ പ്രദേശങ്ങളിൽ വിനാശകരമായ കാഴ്ചകളാണെന്നും അധികൃതർ പറഞ്ഞു. ദ്വീപിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ നിന്നും ചെളിയിൽ നിന്നും തകർന്ന വീടുകളും സാധനങ്ങളും വീണ്ടെടുക്കാൻ അധികൃതർ ശ്രമം നടത്തുന്നതിനിടയിലും ആയിരക്കണക്കിന് ആളുകൾ സഹായത്തിനായി നിലവിളിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ദിവസങ്ങളായി കുടി വെള്ളമില്ല. ഭക്ഷണത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു.
ജമൈക്കൻ തലസ്ഥാനമായ കിംഗ്സ്റ്റണിലെ പ്രധാന വിമാനത്താവളം സാധാരണ നിലയിലായതോടെ പുറത്തുനിന്നുള്ള സഹായ സാമഗ്രികൾ കൂടുതൽ വേഗത്തിൽ അവിടേക്ക് എത്തിത്തുടങ്ങി. എന്നാൽ, മാനുഷിക സഹായം ഏറ്റവും ആവശ്യമുള്ള സ്ഥലത്തിന് സമീപമുള്ള ചെറിയ പ്രാദേശിക വിമാനത്താവളങ്ങൾ ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. അതിനാൽ, സഹായ ഏജൻസികളും സൈന്യവും കിംഗ്സ്റ്റണിൽ നിന്ന് റോഡ് വഴി അടിയന്തരമായി ആവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. എന്നാൽ, അവയിൽ പലതിനും കടന്നുപോവാൻ കഴിയാത്ത അവസ്ഥയിലാണ്.
ജമൈക്കയിലെ ചില ഗ്രാമങ്ങളിലെ ഏതാണ്ട് എല്ലാ കെട്ടിടങ്ങളും ചുഴലിക്കാറ്റിൽ തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. കൊടുങ്കാറ്റ് രാജ്യത്ത് എത്ര വിനാശകരമായിരുന്നുവെന്ന് വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയില്ലെന്ന് പടിഞ്ഞാറൻ ജമൈക്കയിലെ നിവാസികൾ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
‘ആർക്കും അവരുടെ പ്രിയപ്പെട്ടവരെ ബന്ധപ്പെടാൻ കഴിയുന്നില്ല. എല്ലാവരും പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. മരങ്ങളെല്ലാം റോഡിലാണ്. അതിനാൽ കാറുകളുമായി അധികം ദൂരം പോകാൻ കഴിയില്ല. സൈക്കിൾ പോലും ഓടിക്കാൻ കഴിയില്ല’ - ഒരു പ്രദേശവാസി സംഭവത്തിന്റെ ഭീകരത വിവരിച്ചു.
ഹെയ്തിയിൽ നദി കരകവിഞ്ഞൊഴുകി. ഇവിടെ 120 ലധികം ഷെൽട്ടറുകളിലായി ആയിരക്കണക്കിനുപേരെ മാറ്റിപ്പാർപ്പിച്ചതായി ഹെയ്തിയുടെ ഇടക്കാല യു.എൻ കോർഡിനേറ്റർ ഗ്രിഗോയർ ഗുഡ്‌സ്റ്റൈൻ പറഞ്ഞു.
ചുഴലിക്കാറ്റിൽ മറ്റൊരു ദ്വീപു രാഷ്ട്രമായ ക്യൂബയിൽ 30 ലക്ഷത്തോളം ആളുകൾ അപകടകരമായ സാഹചര്യങ്ങളുടെ ഇരകളാക്കപ്പെട്ടു. 735,000 ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു എന്ന് ക്യൂബക്കുള്ള യു.എൻ റസിഡന്റ് കോർഡിനേറ്റർ ഫ്രാൻസിസ്കോ പിച്ചോൺ പറഞ്ഞു. ക്യൂബയിൽ ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും കാരണം 240 കമ്യൂണിറ്റികൾ ഒറ്റപ്പെട്ടുവെന്ന് ക്യൂബൻ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

