Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightവറ്റുന്ന നദികൾ,...

വറ്റുന്ന നദികൾ, പിടയുന്ന മത്സ്യങ്ങൾ; ജീവൻ കാക്കാൻ മനുഷ്യരുടെ രക്ഷാദൗത്യം

text_fields
bookmark_border
വറ്റുന്ന നദികൾ, പിടയുന്ന മത്സ്യങ്ങൾ; ജീവൻ കാക്കാൻ മനുഷ്യരുടെ  രക്ഷാദൗത്യം
cancel

ഫ്രാൻസിലെ ബ്രിട്ടണി മേഖലയിലെ ഒഡെ നദിയിൽ ദിവസങ്ങളായി കാണുന്ന കാഴ്ച സാധാരണ മത്സ്യബന്ധനമല്ല. കടുത്ത ചൂടിൽ വറ്റിക്കൊണ്ടിരിക്കുന്ന നദിയിലെ മത്സ്യങ്ങളുടെ ജീവൻ രക്ഷിക്കാൻ , കൈയിൽ വലയും ബക്കറ്റുകളുമേന്തിയ മത്സ്യത്തൊഴിലാളികളുടെയും സന്നദ്ധപ്രവർത്തകരുടെയും രക്ഷാദൗത്യമാണ്..

കനത്ത ഉഷ്ണതരംഗവും മഴക്കുറവും മൂലം വറ്റിവരണ്ട ഒഡെ നദിക്കരയിൽ മത്സ്യത്തൊഴിലാളിയായ മാത്യു ലെ ബൂട്ടറുടെ നേതൃത്വത്തിൽ ഒരു ഡസനിലധികം സന്നദ്ധപ്രവർത്തകർ ദിവസേന നൂറുകണക്കിന് ട്രൗട്ട് മത്സ്യങ്ങളെയും ചെറു അറ്റ്ലാന്റിക് സാൽമണുകളെയും പിടികൂടുന്നു. ഓക്സിജൻ നിറച്ച ടാങ്കുകളിലേക്ക് മാറ്റിയ ശേഷം, കൂടുതൽ വെള്ളമുള്ള നദീഭാഗങ്ങളിലേക്ക് എത്തിച്ച് വീണ്ടും സ്വതന്ത്രമാക്കുകയാണ് അവരുടെ ദൗത്യം.

മുട്ടോളം മാത്രം വെള്ളം

ഫിനിസ്റ്റെയറിലെ ബ്ലാക്ക് മൗണ്ടൻസിൽ നിന്ന് ഉത്ഭവിക്കുന്ന ഒഡെ നദി സാധാരണ വേനലിലും ഒഴുകിക്കൊണ്ടിരിക്കും. എന്നാൽ ഇത്തവണ പല ഭാഗങ്ങളിലും വെള്ളം മുട്ടിന് താഴെ മാത്രം. ട്രൗട്ടിനും ചെറു സാൽമണുകൾക്കും തണുത്തതും ഒഴുക്കുള്ളതുമായ, ഓക്സിജൻ സമൃദ്ധമായ വെള്ളമാണ് ജീവന്റെ അടിസ്ഥാനം. എന്നാൽ ജലനിരപ്പ് താഴുമ്പോൾ വെള്ളം ചൂടാകുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. വെള്ളം വറ്റുന്നതോടെ മത്സ്യങ്ങൾ ചെറിയ കുഴികളിൽ കുടുങ്ങിപ്പോകുന്നു. അവിടെ നിന്ന് പുറത്തുകടക്കാൻ കഴിയാതകൂട്ടമായി ചത്തുപോകുന്നു.

സന്നദ്ധപ്രവർത്തകർ വല ഉപയോഗിച്ച് മത്സ്യങ്ങളെ രക്ഷപ്പെടുത്തുന്നു

ഇതറിഞ്ഞാണ് സന്നദ്ധപ്രവർത്തകർ വെള്ളത്തിലിറങ്ങിയത്. വല ഉപയോഗിച്ച് മത്സ്യങ്ങളെ പിടിച്ച് വെള്ളം നിറച്ച പാത്രങ്ങളിലാക്കി സമീപത്തെ ആഴമേറിയ നദികളിലേക്കോ തടാകങ്ങളിലേക്കോ മാറ്റുന്നു. ഓരോ ദിവസവും നൂറുകണക്കിന് മത്സ്യങ്ങളുടെ ജീവൻ ഇങ്ങനെ രക്ഷിക്കുന്നു. "ഓരോ ദിവസം കടന്നുപോകുന്തോറും അവയുടെ അവസ്ഥ കൂടുതൽ ദയനീയമാകുകയാണ്. ഞങ്ങൾ ചെയ്യുന്നതുപോലുള്ള രക്ഷാപ്രവർത്തനങ്ങൾ ഇല്ലെങ്കിൽ അവശേഷിക്കുന്ന മത്സ്യങ്ങളും ചത്തൊടുങ്ങും. ഇപ്പോൾ ഇത് യഥാർഥ പ്രതിസന്ധിയാണ്," എന്ന് ലെ ബൂട്ടർ പറയുന്നു.

ഫ്രാൻസിലെ ദേശീയ 'ലോ വാട്ടർ ഒബ്സർവേറ്ററി'യുടെ കണക്കുകൾ പ്രകാരം, രാജ്യത്തെ 16 ശതമാനം നദികൾ ഇതിനകം പൂർണമായും വറ്റിക്കഴിഞ്ഞു. നാലിൽ ഒരു ശതമാനം ചെറുനദികൾക്ക് ഒഴുക്ക് നഷ്ടപ്പെട്ടതോ അപ്രത്യക്ഷമായതോ ആണ്. മാസങ്ങളായി കാര്യമായ മഴ ലഭിക്കാത്തതും തുടർച്ചയായ ഉഷ്ണതരംഗങ്ങളും സ്ഥിതി കൂടുതൽ വഷളാക്കുകയാണ്.

മൂന്ന് ഉഷ്ണതരംഗങ്ങൾ; കാട്ടുതീയും വരൾച്ചയും

ഈ വേനലിൽ ഫ്രാൻസ് തുടർച്ചയായി മൂന്ന് ഉഷ്ണതരംഗങ്ങളാണ് നേരിട്ടത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാട്ടുതീ പടരുമ്പോൾ, മറുവശത്ത് നദികൾ വരണ്ടുപോകുകയാണ്. മഴയില്ലായ്മയും കനത്ത ചൂടും ചേർന്ന് ജലസ്രോതസ്സുകളെ അതിവേഗം ഇല്ലാതാക്കുകയാണ്. രാജ്യത്തെ 101 ഭരണവിഭാഗങ്ങളിൽ 99 ഇടങ്ങളിലും ജലനിയന്ത്രണം നിലവിലുണ്ട്. 58 മേഖലകളിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് പല നദികളും രേഖപ്പെടുത്തിയത്.

കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ മാത്രമല്ല, ജലജീവികളെയും അതേ തോതിൽ ബാധിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ കാഴ്ചകൾ. നദികൾ വറ്റുമ്പോൾ മത്സ്യങ്ങൾ മാത്രമല്ല, അവയെ ആശ്രയിച്ചുള്ള മുഴുവൻ ആവാസവ്യവസ്ഥയും തകർന്നുപോകുന്നു. പക്ഷികൾക്കും നീർനായകൾക്കും മറ്റ് ജലജീവികൾക്കും ഭക്ഷണക്കുറവ് നേരിടുന്നു. ജൈവവൈവിധ്യത്തിന്റെ സന്തുലിതാവസ്ഥ തന്നെ ഭീഷണിയിലാകുന്നു.

"പക്ഷികളെയും മാനുകളെയും മറ്റ് ജന്തുക്കളെയും പോലെ മത്സ്യങ്ങളെ ആളുകൾ ശ്രദ്ധിക്കാറില്ല. പക്ഷേ അവക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ടാണ് ആവശ്യമായ കാലം മുഴുവൻ ഞങ്ങൾ ഈ രക്ഷാപ്രവർത്തനം തുടരുന്നത്," എന്നാണ് ലെ ബൂട്ടറിന്റെ വാക്കുകൾ.

വറ്റിവരണ്ട നദിയുടെ നടുവിൽ നിന്ന് ഒരു ചെറിയ മത്സ്യത്തെ കരുതലോടെ വെള്ളം നിറച്ച ബക്കറ്റിലേക്ക് മാറ്റുന്ന ആ കൈകൾ ഒരു വലിയ ഓർമ്മപ്പെടുത്തലാണ് നൽകുന്നത്. കാലാവസ്ഥാ പ്രതിസന്ധി എന്നത് ഭാവിയിലെ ഒരു മുന്നറിയിപ്പല്ല; ലോകത്തിന്റെ പല ഭാഗങ്ങളിലും അത് ഇതിനകം സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യമാണ്. ആ യാഥാർഥ്യത്തിൽ, ചിലർ ഇപ്പോഴും ജീവന്റെ ചെറിയ സ്പന്ദനങ്ങൾ കാത്തുസൂക്ഷിക്കാൻ വെള്ളത്തിലിറങ്ങുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changeglobal warmingEnvironmentwater crisisrescue mission
News Summary - Drying rivers, suffocating fish; human rescue mission to save lives
Next Story