പ്രാവുകളുടെ ‘ജി.പി.എസ്’ കരളിലോ? പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
text_fieldsപ്രാവുകൾ എങ്ങനെയാണ് നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി തിരികെ തങ്ങളുടെ കൂടുകളിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തുന്നത്? ദശാബ്ദങ്ങളായി ശാസ്ത്രലോകത്തെ കുഴക്കിക്കൊണ്ടിരുന്ന ഈ ചോദ്യത്തിന് ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് ഗവേഷകർ. പ്രാവുകളുടെ വഴികാട്ടിയായി പ്രവർത്തിക്കുന്നത് അവയുടെ 'കരൾ' ആണെന്ന അമ്പരപ്പിക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജർമ്മനിയിലെ ബോൺ സർവകലാശാലയിലെയും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ ചേർന്നാണ് ഈ പഠനം നടത്തിയത്. പ്രാവുകളുടെ ശരീരഘടനയിൽ നടത്തിയ വിശദമായ പരിശോധനയിലാണ്, കരളിലെ പ്രത്യേകതരം പ്രതിരോധ കോശങ്ങൾ കാന്തിക ദിശാബോധം നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പ്രമുഖ ശാസ്ത്ര ജേണലായ 'സയൻസിലാണ്' ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പലപ്പോഴും പ്രാവുകൾക്ക് കാന്തികശക്തി തിരിച്ചറിയാനുള്ള കഴിവ് അവയുടെ കണ്ണുകളിലോ, ചുണ്ടിലോ, അല്ലെങ്കിൽ ചെവിയിലോ ആയിരിക്കുമെന്നായിരുന്നു ശാസ്ത്രജ്ഞർ വർഷങ്ങളായി കരുതിയിരുന്നത്. എന്നാൽ പുതിയ പഠനത്തിൽ, കരളിലെ ഇരുമ്പ് അംശമുള്ള പ്രത്യേക കോശങ്ങളാണ് കാന്തിക സിഗ്നലുകൾ സ്വീകരിക്കുന്നതെന്ന് തെളിഞ്ഞു. ഗവേഷകർ പ്രാവുകളിൽ നിന്ന് ഈ പ്രത്യേക കോശങ്ങളെ താൽക്കാലികമായി നീക്കം ചെയ്തപ്പോൾ, അവയുടെ ദിശാബോധം പൂർണ്ണമായും തകരാറിലായതായി കണ്ടെത്തി. ഇത് പ്രാവുകളുടെ നാവിഗേഷൻ സിസ്റ്റത്തിൽ കരളിനുള്ള സ്ഥാനം എത്രത്തോളം വലുതാണെന്ന് അടിവരയിടുന്നു.
പ്രാവുകൾ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താനായി പ്രധാനമായും രണ്ട് വഴികളാണ് സ്വീകരിക്കുന്നത്. സൂര്യന്റെ സ്ഥാനം നോക്കിയാണ് ഇവയിൽ പ്രധാനം. എന്നാൽ ആകാശം മേഘാവൃതമാകുമ്പോൾ സൂര്യനെ കാണാൻ കഴിയാത്ത അവസ്ഥ വരാം. അത്തരം സാഹചര്യങ്ങളിലാണ് ഭൂമിയുടെ കാന്തികശക്തിയെ ഒരു കോമ്പസ് പോലെ ഉപയോഗിച്ച് അവ വഴി കണ്ടെത്തുന്നത്. കരളിലെ ഈ പ്രതിരോധ കോശങ്ങൾ ശരീരത്തിലെ നാഡീതന്തുക്കൾക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കോശങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലത്തിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകളെ പിടിച്ചെടുക്കുകയും, അത് നാഡികളിലൂടെ തലച്ചോറിലേക്ക് അയക്കുകയും ചെയ്യുന്നു. ഈ സിഗ്നലുകൾ വ്യാഖ്യാനിച്ചാണ് പ്രാവുകൾക്ക് ശരിയായ ദിശയിൽ പറക്കാൻ സാധിക്കുന്നത്.
ഈ പഠനം കേവലം പ്രാവുകളിൽ മാത്രം ഒതുങ്ങുന്നതല്ല. എലികൾ ഉൾപ്പെടെയുള്ള മറ്റ് ജീവികളിലും ഇതേ രീതിയിലുള്ള ഒരു 'മാഗ്നറ്റിക് ജി.പി.എസ്' പ്രവർത്തിക്കുന്നുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. എങ്കിലും, കാന്തിക സിഗ്നലുകൾ തലച്ചോറിലേക്ക് എത്തുന്നതിലെ കൃത്യമായ പ്രവർത്തനരീതി മനസ്സിലാക്കാൻ ഇനിയും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
ദീർഘദൂര യാത്രകൾക്കും ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നതിനും ജീവികൾ ഒരേസമയം ഒന്നിലധികം വഴികൾ ഉപയോഗിക്കുന്നുണ്ടാകാമെന്നാണ് ശാസ്ത്രലോകം ഇപ്പോൾ വിലയിരുത്തുന്നത്. പ്രകൃതി ഒരുക്കിയ ഈ അത്ഭുതകരമായ സംവിധാനം, ജീവജാലങ്ങളുടെ അതിജീവനത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

