Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവംബർ പൊള്ളും! കേരളത്തിലടക്കം മഴ കുറയും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

text_fields
bookmark_border
നവംബർ പൊള്ളും! കേരളത്തിലടക്കം മഴ കുറയും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
cancel

ന്യൂഡൽഹി : രാജ്യത്ത് നവംബറിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയും കുറഞ്ഞ മഴയും അനുഭവപ്പെടുമെന്ന് ഇന്ത്യ കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പകൽസമയത്തും രാത്രിയിലും താപനില സാധാരണയേക്കാൾ ഉയരുമെന്നാണ് പ്രവചനം. നവംബറിൽ രാജ്യത്താകെ ശരാശരിയുടെ (എൽ.പി.എ) 77 ശതമാനം മഴ മാത്രമേ ലഭിക്കാനിടയുള്ളൂവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നവംബറിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മധ്യ, വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ശരാശരിയോ അതിൽ കൂടുതലോ മഴ ലഭിച്ചേക്കാം. 1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം നവംബറിലെ രാജ്യത്തെ ശരാശരി മഴ 29.7 മില്ലിമീറ്ററാണ്. ഇതിന്റെ 77 ശതമാനമായിരിക്കും ഇത്തവണ ലഭിക്കുകയെന്നാണ് പ്രവചനം.

ദക്ഷിണേന്ത്യൻ ഉപദ്വീപിലും മഴ കുറയാനാണ് സാധ്യത. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, കർണാടകയുടെ തെക്കൻ മേഖലകൾ എന്നിവ ഉൾപ്പെടുന്ന പ്രദേശത്ത് നവംബറിലെ മഴ ശരാശരിയുടെ 77 ശതമാനമായി കുറഞ്ഞേക്കും. ഈ മേഖലയിൽ നവംബറിലെ ശരാശരി മഴ 118.7 മില്ലിമീറ്ററാണ്. വടക്കുകിഴക്കൻ മൺസൂണും ഇത്തവണ ദുർബലമായേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. താപനിലയുടെ കാര്യത്തിലും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന നിലയാണ് പ്രതീക്ഷിക്കുന്നത്.

ഭൂമധ്യരേഖക്ക് സമീപമുള്ള പസഫിക് സമുദ്രത്തിൽ അതിശക്തമായ എൽ നിനോ സാഹചര്യം നിലനിൽക്കുന്നതാണ് കാലാവസ്ഥയിലെ ഈ മാറ്റങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന്. നവംബർ, ഡിസംബർ മാസങ്ങളിലും ഈ സാഹചര്യം തുടരുമെന്നാണ് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥാ മാതൃകകൾ സൂചിപ്പിക്കുന്നത്. സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ഇത് മഴയുടെയും താപനിലയുടെയും അളവുകളെ ബാധിച്ചേക്കും. ചില മേഖലകളിൽ വരൾച്ചക്കും മറ്റു ഭാഗങ്ങളിൽ ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും കാരണമാകാനും സാധ്യതയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Higher Temperatures in November
Next Story