Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുള്ളുകളില്ലാത്ത മുള്ളൻപന്നി; ഡെവണിലെ വന്യജീവി രക്ഷാസംഘടനയുടെ അംബാസഡറായി ഒല്ലി

text_fields
bookmark_border
മുള്ളുകളില്ലാത്ത മുള്ളൻപന്നി; ഡെവണിലെ വന്യജീവി രക്ഷാസംഘടനയുടെ അംബാസഡറായി ഒല്ലി
cancel

ഡെവൺ: രോഗബാധയെ തുടർന്ന് ശരീരത്തിലെ മുഴുവൻ മുള്ളുകളും നഷ്ടപ്പെട്ട മുള്ളൻപന്നി വന്യജീവി രക്ഷാസംഘടനയുടെ അംബാസഡറായി. ഇംഗ്ലണ്ടിലെ ഡെവണിൽ പ്രവർത്തിക്കുന്ന പ്രിക്കിൾസ് ഇൻ എ പിക്കിൾ എന്ന സംഘടനയുടെ സംരക്ഷണത്തിലുള്ള ഒല്ലിയാണ് (Olly) പുതിയ ധനസമാഹരണ കാമ്പയിന്റെ മുഖമായത്.

കാട്ടിൽ കഴിയുന്നതിനിടെ ഒല്ലിക്ക് റിങ്‌വോം എന്ന ഫംഗസ് ബാധയുണ്ടാവുകയായിരുന്നു. ഇതിനെ തുടർന്ന് ശരീരത്തിലെ മുള്ളുകളെല്ലാം കൊഴിഞ്ഞുപോയി. കഴിഞ്ഞ നാല് മാസമായി സംഘടനയുടെ പരിചരണത്തിലുള്ള ഒല്ലിക്ക് നിലവിൽ ഏകദേശം ഒരു കിലോഗ്രാം ഭാരമുണ്ട്.

മുള്ളുകളില്ലാത്ത ഒല്ലിയെ ചിലർ ചുരുണ്ട സോക്സിനോടും വലിയ ഉരുളക്കിഴങ്ങിനോടുമാണ് ഉപമിക്കുന്നതെന്ന് സംഘടനയുടെ സഹസ്ഥാപക ജൂഡി തോംപ്സൺ പറഞ്ഞു. വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ഒല്ലിയുടെ ചികിത്സ തുടരുന്നത്.

ഫംഗസ് പ്രതിരോധ മരുന്നുകൾ ഉപയോഗിച്ചുള്ള കുളി, ചർമ്മത്തിലെ വരൾച്ച കുറയ്ക്കാനുള്ള ചികിത്സ, വേദനസംഹാരികൾ തുടങ്ങിയവയാണ് നൽകുന്നത്. ചികിത്സ ദീർഘമായ പ്രക്രിയയായിരുന്നെങ്കിലും ഒല്ലിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായതായി വെറ്ററിനറി സർജൻ ലോറൻ ജെന്നിങ്സ് പറഞ്ഞു.

ഒല്ലി

പ്രിക്കിൾസ് ഇൻ എ പിക്കിൾ പറയുന്നതനുസരിച്ച്, പ്രായപൂർത്തിയായ ഒരു മുള്ളൻപന്നിക്ക് ശരീരത്തിൽ 7,000 വരെ മുള്ളുകൾ ഉണ്ടാകും. ഓരോന്നും 2 മുതൽ 3 സെന്റിമീറ്റർ വരെ നീളമുള്ളതാണ്, ഇതാണ് വേട്ടക്കാരിൽ നിന്നുള്ള അവയുടെ പ്രധാന പ്രതിരോധം.ഈ കാമ്പെയ്‌നിലൂടെ ചാരിറ്റി 7,000 പൗണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത് - ആരോഗ്യമുള്ള ഒരു മുള്ളൻപന്നിക്ക് ഉണ്ടാകേണ്ട ഓരോ മുള്ളിനും ഏകദേശം 1 പൗണ്ട് എന്ന കണക്കിൽ.

2025ൽ 946 മുള്ളൻപന്നികളെയാണ് പ്രിക്കിൾസ് ഇൻ എ പിക്കിൾ പരിചരിച്ചത്. ഇതിൽ പകുതിയോളം കേസുകളും പരാദജീവികളുമായി ബന്ധപ്പെട്ട രോഗങ്ങളായിരുന്നു. മുള്ളുകളില്ലാത്ത മുള്ളൻപന്നി എങ്ങനെയിരിക്കുമെന്ന് പലർക്കും അറിയില്ലെന്നും അതിനാൽ അവയെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും അവബോധം കുറവാണെന്നും ജൂഡി തോംപ്സൺ പറഞ്ഞു. ഒല്ലിയുടെ കഥയിലൂടെ മറ്റ് മുള്ളൻപന്നികളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

മുള്ളുകൾ നഷ്ടപ്പെട്ടതിനാൽ ഒല്ലിയെ ഇനി കാട്ടിലേക്ക് തിരിച്ചയക്കാനാകില്ലെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ആരോഗ്യനില വീണ്ടും മോശമായാൽ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A hedgehog without quills; Ollie becomes the ambassador for Devon wildlife rescue charity
Next Story