ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴ തുടരും
text_fieldsതിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തമിഴ്നാട് തീരത്തും സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ വരെ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതേ മേഖലയിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
തായ്‌ലൻഡ് കടലിടുക്കിനും സമീപ പ്രദേശങ്ങളായ തായ്‌ലൻഡ്, മ്യാൻമർ മേഖലകൾക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇത് നാളെ രാവിലെയോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും.
ഇതിന്റെ സ്വാധീനഫലമായി ഒക്ടോബർ 23ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് ന്യൂനമർദ്ദം വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തിപ്രാപിച്ചേക്കും.
അതേസമയം, കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞ അലർട്ട്
ഒക്ടോബർ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
ഒക്ടോബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
ഒക്ടോബർ 22: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ഒക്ടോബർ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
ഒക്ടോബർ 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ഇടിമിന്നൽ ജാഗ്രത
കേരളത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയത്തുതന്നെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ല. അതിനാൽ മഴയും ഇടിമിന്നലും അനുഭവപ്പെടുന്ന സാഹചര്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുകയും സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ തുടരുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

