മൺസൂൺ പിന്മാറ്റത്തിനിടെ മഴ ശക്തമാകുന്നു; കേരളത്തിൽ കനത്ത മഴക്ക് സാധ്യത
text_fieldsകൊച്ചി: കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ അടുത്ത മൂന്ന് മുതൽ നാല് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ പിന്മാറ്റത്തിന്റെ അവസാന ഘട്ടത്തിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിലുമാണ് മുന്നറിയിപ്പ്.
തായ്ലൻഡിന് സമീപം രൂപംകൊണ്ട കാലാവസ്ഥാ വ്യതിയാനം വാരാന്ത്യത്തിൽ ശക്തിപ്രാപിച്ച് തിങ്കളാഴ്ച രാവിലെ ന്യൂനമർദമായി മാറിയതായി ഐ.എം.ഡി വ്യക്തമാക്കി. നിലവിൽ വടക്കൻ ആൻഡമാൻ കടലിനും മ്യാൻമർ തീരത്തിനും സമീപത്തുള്ള ഈ ന്യൂനമർദം ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയില്ല. പകരം, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ച് മ്യാൻമർ, ബംഗ്ലാദേശ് തീരങ്ങളിലേക്കാണ് സഞ്ചരിക്കുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങൽ പുരോഗമിക്കുകയാണ്. വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് മൺസൂൺ പിന്മാറുന്നതിനിടെ വടക്കുകിഴക്കൻ മൺസൂൺ സീസണിലേക്കുള്ള മാറ്റം ആരംഭിച്ചതായും ഐ.എം.ഡി വിലയിരുത്തുന്നു.
ബുധനാഴ്ച മുതൽ കേരളത്തിലും മാഹിയിലും നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തമിഴ്നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ മൂന്ന് ദിവസവും ദക്ഷിണ ഉൾനാടൻ കർണാടകയിൽ നാല് ദിവസവും ശക്തമായ മഴ ലഭിച്ചേക്കും. തീര ആന്ധ്രപ്രദേശ്, യാനം, ലക്ഷദ്വീപ്, റായലസീമ, വടക്കൻ ഉൾനാടൻ കർണാടക തുടങ്ങിയ പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടതോ ചിതറിയതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.
വ്യാഴാഴ്ച മുതൽ കേരളത്തിലും മാഹിയിലും വ്യാപക മഴ ലഭിക്കാനിടയുണ്ടെന്നും തീര കർണാടകയിൽ അഞ്ച് ദിവസത്തോളം മഴ തുടരുമെന്നും ഐ.എം.ഡി അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഇതുവരെയുള്ള മൺസൂൺ പിൻവാങ്ങുന്നതിനിടയിലും രാജ്യത്തെ മഴക്കണക്കുകളിൽ ചെറിയ തോതിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്ന് കിഴക്കൻ ഉത്തർപ്രദേശിലേക്ക് വടക്കോട്ടു നീങ്ങിയ ന്യുനമർദ്ദം കഴിഞ്ഞ ആഴ്ചയുണ്ടായിരുന്ന രാജ്യത്തെ ആകെ മഴയുടെ കുറവ് ഏകദേശം മൂന്ന് ശതമാനം കുറയ്ക്കാൻ സഹായിച്ചു. ഇതോടെ ഞായറാഴ്ച വരെയുള്ള കണക്കുപ്രകാരം മഴയുടെ കുറവ് 12 ശതമാനമായി ചുരുങ്ങിയതായും ഐ.എം.ഡി അറിയിച്ചു. തെക്കൻ ഉപദ്വീപിലെ മഴക്കുറവ് 23 ശതമാനമായും വടക്കുകിഴക്കൻ ഇന്ത്യയിലെ മഴക്കുറവ് 25 ശതമാനമായും കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

