Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂറോപ്പിലെ നഗരങ്ങളിൽ ചൂട് കവർന്നത് 50,000 ജീവനുകൾ; മൂന്നിൽ രണ്ടും കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് പഠനം

text_fields
bookmark_border
യൂറോപ്പിലെ നഗരങ്ങളിൽ ചൂട് കവർന്നത് 50,000 ജീവനുകൾ; മൂന്നിൽ രണ്ടും കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് പഠനം
cancel

ലണ്ടൻ: ഈ വേനൽക്കാലത്ത് യൂറോപ്പിലെ നഗരങ്ങളിൽ അതിശക്തമായ ചൂട് മൂലം 50,000 പേർ മരിച്ചതായി പുതിയ പഠനം. ഇതിൽ മൂന്നിൽ രണ്ട് മരണങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അധിക ചൂട് 32,000 പേരുടെ മരണത്തിന് കാരണമായതായാണ് ഗവേഷകർ കണക്കാക്കുന്നത്. പകൽ സമയത്തെ ഉയർന്ന താപനില ശരീരത്തെ കടുത്ത സമ്മർദത്തിലാക്കുകയും രാത്രിയിലെ ചൂട് ശരീരത്തിന് വീണ്ടെടുക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തതാണ് മരണനിരക്ക് ഉയരാൻ കാരണമായത്.

യൂറോപ്പിലെ 854 നഗരങ്ങളിലെ ചൂടും മരണനിരക്കും തമ്മിലുള്ള ചരിത്രപരമായ ബന്ധം അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഈ വർഷത്തെ മരണനിരക്ക് ഇതുവരെയുള്ള റെക്കോർഡുകളിലെ ഏറ്റവും ഉയർന്നതാണെന്നും തുടർച്ചയായ ഉഷ്ണതരംഗങ്ങൾ മൂലമുള്ള മരണങ്ങൾ അടുത്ത രണ്ട് ഏറ്റവും അപകടകരമായ വർഷങ്ങളിലേതിന്റെ ഏകദേശം ഇരട്ടിയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൂടുമരണങ്ങളിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കാവുന്നവ ഏകദേശം 40 ശതമാനമായിരുന്നെങ്കിൽ, ഈ വേനൽക്കാലത്ത് അത് 65 ശതമാനമായി ഉയർന്നതായി ഗവേഷകർ പറഞ്ഞു. ജനസംഖ്യാനുപാതത്തിൽ ചൂടുമരണങ്ങൾ ഏറ്റവും കൂടുതലായത് മാൾട്ട, ഇറ്റലി, ഹംഗറി എന്നിവിടങ്ങളിലാണ്.

ആകെ മരണസംഖ്യയിൽ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ജർമനി, ബ്രിട്ടൻ എന്നിവയാണ് മുന്നിൽ. ബ്രിട്ടനിൽ മാത്രം ഈ വേനൽക്കാലത്ത് 4,354 ചൂടുമരണങ്ങൾ ഉണ്ടായതായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു. യൂറോപ്പിൽ ഏറ്റവും രൂക്ഷമായി ബാധിക്കപ്പെട്ട നഗരമായി നേപ്പിൾസ് മാറി. ഇവിടെ ഒരു ദശലക്ഷം ആളുകളിൽ 815 പേർ ചൂട് മൂലം മരിച്ചതായാണ് കണക്ക്. നഗരത്തിലെ ഏറ്റവും ചൂടേറിയ ആഴ്ചകളിൽ എമർജൻസി വിഭാഗത്തിലെത്തിയ രോഗികളുടെ എണ്ണത്തിൽ 15 ശതമാനം വർധനയുണ്ടായതായി ഡോക്ടർമാർ പറഞ്ഞു.

85 വയസ്സിന് മുകളിലുള്ളവരാണ് ചൂടുമരണങ്ങളിൽ പകുതിയോളം. എന്നാൽ യുവാക്കളും ചൂടിന്റെ ഇരകളായി. 20നും 44നും ഇടയിൽ പ്രായമുള്ള 833 പേർ ചൂട് മൂലം മരിച്ചതായാണ് പഠനത്തിലെ കണക്ക്. പഠനത്തിൽ ഉൾപ്പെടുത്തിയ നഗരങ്ങൾ യൂറോപ്പിലെ ആകെ ജനസംഖ്യയുടെ 40 ശതമാനം മാത്രമാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ യൂറോപ്പിലെ ആകെ ചൂടുമരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നും ഗവേഷകർ വ്യക്തമാക്കി.

യൂറോപ്പിന്റെ പകുതിയിലധികം പ്രദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസിനേക്കാൾ ചൂടായി അനുഭവപ്പെട്ട കടുത്ത ഹീറ്റ് സ്ട്രെസ് ഈ വേനലിൽ രേഖപ്പെടുത്തിയിരുന്നു. ആഗോള ശരാശരിയേക്കാൾ ഏകദേശം ഇരട്ടിയോളം വേഗത്തിലാണ് യൂറോപ്പ് ചൂടാകുന്നതെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതിനൊപ്പം ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തുക, നഗരങ്ങളിൽ ഹരിതമേഖല വർധിപ്പിക്കുക, എയർ കണ്ടീഷനിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കൂടുതൽ വെള്ളം കുടിക്കാനും തണലിൽ കഴിയാനും ആളുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. അപകടസാധ്യത കൂടുതലുള്ള വയോധികരെയും ഒറ്റക്ക് കഴിയുന്നവരെയും നിരന്തരം പരിശോധിക്കുന്നതും നിർണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heat claims 50,000 lives in European cities; two-thirds due to climate change, study says
Next Story